'ഒരു ഒളിംപിക്‌സിന് സാമൂഹിക മാറ്റം കൊണ്ടുവരാനാകും'; വിശദീകരിച്ച് നൊബേല്‍ ജേതാവ് പ്രൊഫ. മുഹമ്മദ് യൂനുസ്

By Web TeamFirst Published Jul 7, 2021, 1:55 PM IST
Highlights

പാരിസ് ഒളിംപിക്‌സിനായി ചിലവഴിക്കുന്ന ഓരോ തുകയും ഒരു സാമൂഹ്യലക്ഷ്യത്തിനായാവണമെന്ന് നിര്‍ദേശിച്ചതായി മുഹമ്മദ് യൂനുസ്

ദില്ലി: ഒരു ഒളിംപിക്‌സിന് സമൂഹത്തെ പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമെന്ന് നൊബേല്‍ ജേതാവ് പ്രൊഫസര്‍ മുഹമ്മദ് യൂനുസ്. പാരിസ് ഒളിംപിക്‌സിനായി ചിലവഴിക്കുന്ന ഓരോ തുകയും ഒരു സാമൂഹ്യലക്ഷ്യത്തിനായാവണമെന്ന് നിര്‍ദേശിച്ചതായി മുഹമ്മദ് യൂനുസ് ഒളിംപ്യന്‍ അഭിനവ് ബിന്ദ്രയുടെ നേതൃത്വത്തിലുള്ള അഭിനവ് ബിന്ദ്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ പറഞ്ഞു. 

മുഹമ്മദ് യൂനുസിന്‍റെ വാക്കുകള്‍

'അത്‌ലറ്റുകള്‍ക്കായി നിര്‍മ്മിക്കുന്ന മനോഹര ഒളിംപി‌ക് വില്ലേജ് ആ പ്രദേശത്തെ പാവപ്പെട്ട ജനങ്ങള്‍ക്കുള്ള സ്‌കൂളുകളും, മാര്‍ക്കറ്റും ഒക്കെയായി വിനിയോഗിക്കപ്പെടണം. ഭവനരഹിതരായ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ വേണം ഇവ രൂപകല്‍പന ചെയ്യാന്‍ എന്ന് ഞാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനവരോട് കഠിനായ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നു. അവരതിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒരു ഒളിംപിക്‌സിന് സമൂഹത്തെ രൂപാന്തരപ്പെടുത്താന്‍ കഴിയും. 

താരങ്ങളെ അവരുടെ കായിക കരിയറിന് ശേഷം പിന്തുണയ്‌ക്കുക. തൊഴിലന്വേഷകർ എന്നതിലുപരി സംരംഭകരാകാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. തൊഴിലില്ലായ്‌മയും പട്ടിണിയും കാര്‍ബണ്‍ ബഹിര്‍ഗമനവും ഇല്ലാതാക്കുകയാണ് തന്‍റെ ലക്ഷ്യം' എന്നും സമാധാനത്തിനുള്ള നൊബേല്‍ ലഭിച്ചിട്ടുള്ള പ്രൊഫസര്‍ മുഹമ്മദ് യൂനുസ് കൂട്ടിച്ചേര്‍ത്തു. പാരിസ് 2024ലാണ് ഒളിംപിക്‌സിന് വേദിയാവുന്നത്.  

വിഖ്യാത ബംഗ്ലാദേശി സാമ്പത്തിക ശാസ്‌ത്രജ്ഞനും ഗ്രാമീൺ ബാങ്ക് സ്ഥാപകനുമാണ് മുഹമ്മദ് യൂനുസ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ജാമ്യവസ്തുവില്ലാതെ വായ്‌പകള്‍ നല്‍കി സ്വയംപര്യാപ്തത നേടാന്‍ സഹായിക്കുന്ന ധനകാര്യസ്ഥാപനമാണ് ഗ്രാമീണ്‍ ബാങ്ക്. ബംഗ്ലാദേശിലെ സാമൂഹികരംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2006ൽ മുഹമ്മദ് യൂനുസിനും ഗ്രാമീൺ ബാങ്കിനും സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം നല്‍കി.  

കോപ്പ അമേരിക്ക: സ്വപ്ന ഫൈനലിന് മുമ്പ് ബ്രസീലിന് കനത്ത തിരിച്ചടി

കാത്തിരിപ്പ് വെറുതെയായില്ല; കോപ്പ അമേരിക്കയില്‍ ബ്രസീല്‍-അ‍ര്‍ജന്‍റീന സ്വപ്ന ഫൈനല്‍

രക്ഷകനും വില്ലനും മൊറാട്ട; സ്‌പെയ്‌നിനെ മറികടന്ന് അസൂറികള്‍ യൂറോ ഫൈനലില്‍

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!