25 മിനിറ്റ് നേരം ശ്വാസംപോലും കിട്ടിയില്ല, കൊവിഡ് രോഗാനുഭവം പങ്കുവെച്ച് ഗോള്‍ കീപ്പര്‍ പെപ്പെ റെയ്ന

By Web TeamFirst Published Apr 1, 2020, 9:39 PM IST
Highlights

രണ്ടാഴ്ച മുമ്പാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. വരണ്ട ചുമയും, പനിയും തലവേദനയും ഉണ്ടായിരുന്നു. അത് മാറിയതേയില്ല. എനിക്ക് ഭയങ്കര ക്ഷീണം അനുഭവപ്പെട്ടു. ഏറ്റവും ഭീതിദമായി തോന്നിയത് 25 മിനിറ്റ് നേരം എനിക്ക് ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞില്ല എന്നതാണ്. അതെന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷങ്ങളായിരുന്നു.

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധിച്ചകാലത്തെ രോഗാനുഭവഭങ്ങള്‍ തുറന്നുപറഞ്ഞ് ആസ്റ്റണ്‍ വില്ലയുടെ സ്പാനിഷ് ഗോള്‍ കീപ്പര്‍ പെപ്പെ റെയ്ന. തന്റെ ജീവിതത്തിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് കടന്നുപോയതെന്നും 25 മിനിറ്റ് നേരം ശ്വാസമെടുക്കാന്‍പോലും ആവാതെ താന്‍ ബുദ്ധിമുട്ടിയെന്നും 37കാരനായ റെയ്ന പറഞ്ഞു.

രണ്ടാഴ്ച്ചയോളം നീണ്ടുനിന്ന ചികിത്സയ്‍ക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയതേയുള്ളു നാപ്പോളിയില്‍ നിന്ന് വായ്പാടിസ്ഥാനത്തില്‍ ആസ്റ്റണ്‍ വില്ലയില്‍ കളിക്കുന്ന റെയ്ന. രണ്ടാഴ്ച മുമ്പാണ് രോഗലക്ഷണങ്ങള്‍ കണ്ടത്. വരണ്ട ചുമയും, പനിയും തലവേദനയും ഉണ്ടായിരുന്നു. അത് മാറിയതേയില്ല. എനിക്ക് ഭയങ്കര ക്ഷീണം അനുഭവപ്പെട്ടു. ഏറ്റവും ഭീതിദമായി തോന്നിയത് 25 മിനിറ്റ് നേരം എനിക്ക് ശ്വാസമെടുക്കാന്‍ പോലും കഴിഞ്ഞില്ല എന്നതാണ്. അതെന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷങ്ങളായിരുന്നു.

ഓക്സിജന്‍ ഇല്ലെന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതോടെ ഞാന്‍ ശരിക്കും ഭയന്നു. എന്റെ തൊണ്ട അടയാന്‍ തുടങ്ങി. ഇതോടെ പുറത്തിറങ്ങാതെ എട്ടു ദിവസത്തോളം റൂമിനുള്ളില്‍ തന്നെ കഴിഞ്ഞു. പക്ഷേ വീട്ടില്‍ ഞാന്‍ ഒറ്റപ്പെട്ടില്ല. ഭാര്യ യോലന്‍ഡയും അഞ്ചു മക്കളും രണ്ട് മരുമക്കളും വീട്ടിലുണ്ടായിരുന്നു. ഇവരെല്ലാം തന്ന പിന്തുണയിലാണ് പിടിച്ചുനിന്നത്. പെപ്പെ റെയ്ന പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും മോശം അനുഭവത്തിലൂടെ കടന്നുപോയപ്പോഴും താന്‍ ചിന്തിച്ചത് തന്റെ അത്രയും സൗകര്യങ്ങളില്ലാത്ത ജനങ്ങളെക്കുറിച്ചായിരുന്നുവെന്ന് റെയ്ന പറഞ്ഞു. എനിക്ക് പൂന്തോട്ടമൊക്കെയുള്ള വലിയ വീടുണ്ട്, എല്ലാ സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഇതൊന്നുമില്ലാതെ കുടുസുമുറിയില്‍ രോഗത്തോട് പൊരുതുന്നവരാണ് യഥാര്‍ത്ഥത്തില്‍ കരുത്തരെന്ന് റെയ്ന പറഞ്ഞു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് പ്രീമിയര്‍ ലീഗ് മത്സരങ്ങളെല്ലാം ഏപ്രില്‍ 30വരെ നിര്‍ത്തിവെച്ചിരിക്കുകയാണ്.

click me!