രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആദ്യം; വിംബിള്‍ഡണ്‍ റദ്ദാക്കി

By Web TeamFirst Published Apr 1, 2020, 9:04 PM IST
Highlights

1877ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 75 വര്‍ഷത്തിനിടെ ആദ്യമായാണ് റദ്ദാക്കുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത് മാത്രമാണ് മുമ്പ് വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കിയിട്ടുള്ളത്.

ലണ്ടന്‍: ടെന്നീസിലെ ഏറ്റവും പഴക്കമേറിയ ഗ്രാന്‍സ്ലാം ടൂര്‍ണമെന്റായ വിംബിള്‍ഡണ്‍ ഈ വര്‍ഷം ഉണ്ടാകില്ല. കൊവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കുകയാണെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ലോണ്‍ ടെന്നീസ് ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 12 വരെയായിരുന്നു ടൂര്‍ണമെന്റ് നടക്കേണ്ടിയിരുന്നത്.

1877ല്‍ ആരംഭിച്ച ടൂര്‍ണമെന്റ് 75 വര്‍ഷത്തിനിടെ ആദ്യമായാണ് റദ്ദാക്കുന്നത്. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളുടെ കാലത്ത് മാത്രമാണ് മുമ്പ് വിംബിള്‍ഡണ്‍ ടൂര്‍ണമെന്റ് പൂര്‍ണമായും റദ്ദാക്കിയിട്ടുള്ളത്. വിംബിള്‍ഡണ്‍ നീട്ടിവെക്കുന്നതിനെക്കുറിച്ചും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്തുന്നതിനെക്കുറിച്ചും നിര്‍ദേശം ഉയര്‍ന്നെങ്കിലും സംഘാടകര്‍ ഇത് തള്ളിക്കളയുകയായിരുന്നു. കൊവിഡ് 19 രോഗബാധയെത്തുടര്‍ന്ന് ബ്രിട്ടണില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 563 പേരാണ് മരിച്ചത്. ഇതോടെ കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് രാജ്യത്ത് മരിച്ചവരുടെ എണ്ണം 2352 ആയി ഉയര്‍ന്നു.

കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് ഈ വര്‍ഷം മെയില്‍ നടക്കേണ്ടിയിരുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റിയിരുന്നു.ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന യുഎസ് ഓപ്പണ്‍ ടൂര്‍ണമെന്റ് മാറ്റിവെച്ചതായി ഇതുവരെ അറിയിപ്പുണ്ടായിട്ടില്ലെങ്കിലും അമേരിക്കയിലെ കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ യുഎസ് ഓപ്പണും മാറ്റിവെച്ചേക്കുമെന്നാണ് സൂചന.കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒളിംപിക്സും യൂറോ കപ്പും കോപ്പ അമേരിക്ക ഫുട്ബോള്‍ ടൂര്‍ണമെന്റുമെല്ലാം അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരുന്നു.

click me!