Latest Videos

ഇന്ത്യയുടെ പേരുമാറ്റം കടുത്ത വെല്ലുവിളിയാകും! നിലപാട് വ്യക്തമാക്കി ഹോക്കി താരം പി ആര്‍ ശ്രീജേഷ്

By Web TeamFirst Published Sep 6, 2023, 3:43 PM IST
Highlights

പേര് മാറ്റുമെന്നുള്ള പ്രചരണം വ്യാജമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്താക്കിയത്. എന്നാല്‍ പേര് മാറ്റത്തോട് പ്രതികരിച്ചിരിക്കുകയാണ് മലയാളിയും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷ്.

ദില്ലി: ഇന്ത്യയുടെ ഔദ്യോഗിക പേര് ഭാരത് എന്നാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച മുഴുവനും. പലരും അംഗീകരിക്കുമ്പോള്‍ മറ്റു ചിലര്‍ ഒരു തരത്തിലും യോജിക്കുന്നുമില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ പേര് മാറ്റുമെന്നുള്ള പ്രചരണം വ്യാജമാണെന്നാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ വ്യക്താക്കിയത്. ഇപ്പോള്‍ പേര് മാറ്റത്തോട് പ്രതികരിച്ചിരിക്കുകയാണ് മലയാളിയും ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷ്.

പേര് മാറ്റുന്നത് വെല്ലുവിളിയാണെന്നാണ് ശ്രീജേഷ് പറയുന്നത്. വെറ്ററന്‍ താരത്തിന്റെ വാക്കുകള്‍... ''ഭാരതം എന്ന വാക്ക് എപ്പോഴും നമ്മളോടൊപ്പമുണ്ട്. കാരണം, എപ്പോഴും ഭാരത് മാതാ കീ ജയ് എന്നാണ് പറയാറ്. ഇന്ത്യയ്ക്ക് പകരം ഭാരതം എന്നാക്കുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇന്ത്യ എന്ന പേര് കാലങ്ങളായി നമ്മള്‍ ഉപയോഗിക്കുന്നതാണ്. പുതിയ തലമുറയ്ക്ക് പേര് ഒരു പക്ഷേ ഉള്‍കൊള്ളാനാവും. എന്നാല്‍ ഇന്ത്യയെ ഭാരതമാക്കുന്നത് വലിയ വെല്ലുവിളിയാണ്.'' ശ്രീജേഷ് വ്യക്തമാക്കി.

ടീം ഇന്ത്യ വേണ്ടാ, ടീം ഭാരത് എന്ന് ജേഴ്സിയില്‍ എഴുതണമെന്നാണ് സെവാഗിന്റെ ആവശ്യം. ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിരാട് കോലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങള്‍ക്കായി ആര്‍പ്പുവിളിക്കുമ്പോള്‍ ഭാരത് എന്ന വാക്കായിരിക്കണം മനസില്‍ വേണ്ടത് സെവാഗ് എക്‌സില്‍ കുറിച്ചിട്ടു. ജേഴ്സിയിലെ ഇന്ത്യ എന്ന എഴുത്ത് മാറ്റി ഭാരത് എന്നാക്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷായെ ടാഗ് ചെയ്ത് സെവാഗ് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീം ഇന്ത്യ സ്‌ക്വാഡിന്റെ പട്ടിക ബിസിസിഐ പോസ്റ്റ് ചെയ്തത് പങ്കുവെച്ചുകൊണ്ടായിരുന്നു വീരേന്ദര്‍ സെവാഗിന്റെ ഈ ആവശ്യം.

അറിഞ്ഞില്ല, ആരും പറഞ്ഞില്ല! ഏഷ്യാ കപ്പിലെ കണിക്കിന്റെ കളിയില്‍ അഫ്ഗാന്‍ പുറത്തായതിനെ കുറിച്ച് കോച്ച്

click me!