
നഗോയ (ജപ്പാൻ): വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോർഡ് തിരുത്തി ഇന്ത്യയുടെ വിദ്യ രാമരാജിന് വെങ്കലം. ഇതിഹാസ താരം പി.ടി. ഉഷയുടെ 42 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ് മറികടന്നാണ് 28-കാരിയായ വിദ്യ വെങ്കലം സ്വന്തമാക്കിയത്. 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ 54.75 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വിദ്യ പുതിയ ദേശീയ റെക്കോർഡ് കുറിച്ചത്.
1984-ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ പി.ടി. ഉഷ കുറിച്ച 55.42 സെക്കൻഡ് എന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. 2023-ൽ ഹാംഗ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഉഷയുടെ 55.42 സെക്കൻഡ് എന്ന റെക്കോർഡിനൊപ്പം എത്തുവാൻ വിദ്യയ്ക്ക് സാധിച്ചിരുന്നെങ്കിലും, അത് മറികടക്കാൻ കഴിഞ്ഞിരുന്നില്ല. നഗോയയിൽ തന്‍റെ സമയം 0.67 സെക്കൻഡ് മെച്ചപ്പെടുത്തി, 400 മീറ്റർ ഹർഡിൽസിൽ 55 സെക്കൻഡിൽ താഴെ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ വനിതയായി വിദ്യ മാറി.
18-year-old Mariam Kareem 🇦🇪 sets a Games Record & Emirati National Record of 54.31s to win 400mH GOLD at the Asian Games!🥇
🥈 Adelina Zems 🇰🇿 54.58 (PB)
🥉 Vithya Ramraj 🇮🇳 54.75 (NR) pic.twitter.com/VhZIQONWz7— Track & Field Gazette (@TrackGazette) September 28, 2026
നഗോയ ഏഷ്യൻ ഗെയിംസിൽ വിദ്യ നേടുന്ന രണ്ടാമത്തെ മെഡലാണിത്. നേരത്തെ മിക്സഡ് 4x400 മീറ്റർ റിലേയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ സംഘത്തിലും വിദ്യ പങ്കാളിയായിരുന്നു. തുടർച്ചയായ രണ്ട് ഏഷ്യൻ ഗെയിംസുകളിലും 400 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടാനും തമിഴ്നാട് താരത്തിനായി. മത്സരത്തിൽ 54.31 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഏഷ്യൻ ഗെയിംസ് റെക്കോർഡോടെ യു.എ.ഇയുടെ മറിയം കരീം സ്വർണവും കസാഖ്സ്ഥാന്റെ അഡെലിന സെംസ് (54.58 സെക്കൻഡ്) വെള്ളിയും നേടി. മത്സരത്തിനിറങ്ങിയ മറ്റൊരു ഇന്ത്യൻ താരമായ അനു രാഘവൻ 55.88 സെക്കൻഡിൽ ഫിനിഷ് ചെയ്ത് അഞ്ചാം സ്ഥാനത്തെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക