37ലും ഒരു ചിത്രശലഭത്തെ പോലെ അയാളങ്ങനെ പറന്ന് പറന്ന്...

By Web TeamFirst Published Jul 12, 2019, 6:48 PM IST
Highlights

2004ലെ സംഭവമാണ്. കടുത്ത റോജര്‍ ഫെഡറര്‍ ആരാധകനായ ജീസസ് അപാറിഷ്യോയ്ക്ക് കാര്‍ അപകടത്തില്‍ ബോധം നഷ്ടമായി. സ്പാനിഷുകാരനായ അപാറിഷ്യോ തന്റെ 18ാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് സംഭവം.

2004ലെ സംഭവമാണ്. കടുത്ത റോജര്‍ ഫെഡറര്‍ ആരാധകനായ ജീസസ് അപാറിഷ്യോയ്ക്ക് കാര്‍ അപകടത്തില്‍ ബോധം നഷ്ടമായി. സ്പാനിഷുകാരനായ അപാറിഷ്യോ തന്റെ 18ാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടെയാണ് സംഭവം. 11 വര്‍ഷകാലം അപാറിഷ്യോ കോമയിലായിരുന്നു. 2015ലാണ് അയാള്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നു. തന്റെ കുടുംബത്തെ, സുഹൃത്തുക്കളെ എല്ലാവരേയും അന്വേഷിച്ചു. അപാറിഷ്യോയ്ക്ക് അപകടം സംഭവിക്കുമ്പോള്‍ ഫെഡര്‍ക്ക് പ്രായം 23 മാത്രമാണ്. ബോധം തിരികെ ലഭിക്കുമ്പോള്‍ ഫെഡറര്‍ക്ക് 34 തികഞ്ഞിരുന്നു. സ്വാഭാവികമായിട്ടും അയാള്‍ ചിന്തിച്ചുകാണും ഫെഡറര്‍ വിരമിച്ചുകാണുമെന്ന്. എന്നാല്‍ ഏറെ ആശ്ചര്യത്തോടെ 29കാരന്‍ മനസിലാക്കി. ഫെഡറര്‍ ഇപ്പോഴും ലോക റാങ്കിങ്ങില്‍ രണ്ടാമനാണെന്ന്.

ഭാഗ്യം നിറഞ്ഞ തലുറയാണ് നമ്മുടേത്. 21 വര്‍ഷമായിട്ട് സ്വിസ് ഇതിഹാസം ടെന്നിസ് കോര്‍ട്ടിലുണ്ട്. അയാളുടെ മുഖത്ത് ഒരോ രോമം കിളിര്‍ക്കുന്നതും മുടിയുടെ നീളും കൂടുതന്നും കുറയുന്നതും സൂക്ഷ്മതയോടെ നോക്കികൊണ്ടേയിരിക്കുന്നു നമ്മള്‍. കണ്‍മുന്നിലൂടെ കാണുകയാണ് ഇതിഹാസങ്ങളിലെ ഇതിഹാസങ്ങള്‍ ഇരിക്കുന്ന സിംഹാസനത്തിലേക്ക് അയാള്‍ നടന്നുകയറുന്നത്. ഇന്നിതാ വീണ്ടും മറ്റൊരു വിബിംള്‍ഡണ്‍ സെമി ഫൈനലില്‍ അദ്ദേഹം റാഫേല്‍ നദാലിനെ നേരിടുന്നു. ടെന്നിസ് പിന്തുടരാത്തവര്‍ക്ക് പോലും അറിയാവുന്ന രണ്ട് താരങ്ങള്‍ ഫെഡററും നദാലുമായിരിക്കും. കോര്‍ട്ടില്‍ അവര്‍ പുറത്തെടുക്കുന്ന വീര്യവും കളത്തിന് പുറത്ത് കാണിക്കുന്ന സൗഹൃദവും തന്നെ പേരിനും പ്രശസ്തിക്കും പിന്നില്‍.

ഒരുപക്ഷെ, റോജര്‍ ഫെഡററുടെ അവസാനത്തെ വിംബിള്‍ഡണ്‍ ടൂര്‍ണമെന്റായിരിക്കാമിത്. (വീണ്ടും പറയുന്നു ഒരുപക്ഷേ). കോര്‍ട്ടില്‍ ഒരു ചിത്രശലഭത്തെ പോലെ അയാള്‍ പറന്ന് നടക്കുന്നത് അധികകാലം കാണാനാവില്ല. കരിയറിന്റെ വാര്‍ധക്യത്തില്‍ എത്തിനില്‍ക്കുന്ന ഫെഡറര്‍ക്ക്, അയാളുടെ ചിറകുകള്‍ക്ക് ഇനിയും പറക്കാനുള്ള ശക്തി ലഭിക്കട്ടെയെന്നാണ് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നവരാണ് ഒരോരുത്തരും. ഫെഡറര്‍ ഒരു ദൈവദൂതനാണ്. അയാളുടെ ലക്ഷ്യം അപാറിഷ്യോയെ പോലെയുള്ള ആരാധകരെ ജീവിതത്തിലേക്ക് എടുത്തുയര്‍ത്തുകയെന്നതായിരുന്നു. ഇത്തവണയും സ്വിസ് മെസ്ട്രോയ്ക്ക് അതിശയിപ്പിക്കാന്‍ സാധിക്കട്ടെ..! കണ്ണ് നനയിപ്പിക്കാന്‍ കഴിയട്ടെ..! അപാറിഷ്യോയേയും കൂടെ കായിക ലോകത്തേയും..!

click me!