വെറും കുന്തമേറല്ല 'ജാവലിൻ ത്രോ'; അറിയേണ്ടതെല്ലാം

By Web TeamFirst Published Aug 9, 2021, 2:03 PM IST
Highlights

എറിഞ്ഞ ജാവലിൻ മുനയിൽ കുത്തി വീണില്ലെങ്കിലും അത് ഫൗൾ ആയി കണക്കാക്കപ്പെടും. 


നീരജ് ചോപ്ര എന്ന കായിക താരത്തിലൂടെ ഒരു അത്‌ലറ്റിക്‌സ് മെഡലിന് വേണ്ടിയുള്ള ഇന്ത്യയുടെ ഒരു നൂറ്റാണ്ടിലധികം കാലത്തെ കാത്തിരിപ്പിനു വിരമായിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ച ജാവലിൻ ത്രോ എന്ന ട്രാക്ക് ആൻഡ് ഫീൽഡ് മത്സരയിനത്തിൽ സ്വർണം നേടി നീരജ് ഭാരതത്തിന്റെ യശസ്സ് വാനോളം ഉയർത്തിയിരിക്കുകയാണ്. എന്നാൽ, നമ്മളിൽ പലർക്കും ഇന്നും എന്താണ് ഈ 'ജാവലിൻ ത്രോ' എന്നത് സംബന്ധിച്ച് വേണ്ടത്ര വിവരമുണ്ടാകാൻ സാധ്യതയില്ല. 

വേട്ടയിൽ നിന്ന് സ്റ്റേഡിയത്തിലേക്ക്

പുരാതന ഗ്രീസിലാണ് 'ജാവലിൻ ടോസ്' എന്ന ഇനം ആദ്യമായി കായിക മത്സരങ്ങളുടെ ഭാഗമാവുന്നത്. വേട്ടയിലും യുദ്ധങ്ങളിലും ഒക്കെ ഉപയോഗിച്ചിരുന്ന ചാട്ടുളി, കുന്തം എന്നിവയുടെ ഏറിൽ നിന്ന് തന്നെയാണ്. ഇതൊരു മത്സരയിനത്തിന്റെ രൂപമെടുക്കുന്നതും. 708 ബിസിയിൽ പുരാതന ഗ്രീസിൽ പെന്റാത്തലോൺ എന്ന മത്സരയിനത്തിന്റെ ഭാഗമായി പുരുഷന്മാരും സ്ത്രീകളും ജാവലിൻ എറിഞ്ഞിരുന്നു. ആധുനിക ഒളിമ്പിക്സിൽ 1908 -ൽ പുരുഷന്മാരും 1932 -ൽ സ്ത്രീകളും ആദ്യമായി ജാവലിൻ എറിഞ്ഞു തുടങ്ങുന്നു. 

'Javelin' എന്ന ഇംഗ്ലീഷ് വാക്കിന്റെ അർഥം ചാട്ടുളി എന്നാണ്. ഈ കനംകുറഞ്ഞ കുന്തത്തിന്റെ നീളം പുരുഷമാർക്ക് 2.6m മുതൽ 2.8m വരെയും, സ്ത്രീകൾക്ക് 2.2m മുതൽ 2.4m വരെയുമാണ്. ഭാരം പുരുഷമാർക്ക് 800 ഗ്രാമിനും സ്ത്രീകൾക്ക് 600 ഗ്രാമിനും അടുത്തുണ്ടാകും. ജാവലിന്റെ മെറ്റാലിക് ഷാഫ്റ്റിൽ, അത് എറിയുന്നവർക്ക് പിടിക്കാൻ ഒരു ഗ്രിപ്പും ഉണ്ടാകും. കാര്യമായ കൈബലവും, എറിയാനുള്ള ശക്തിയും, കൃത്യതയും, തികഞ്ഞ മനസ്സാന്നിധ്യവും ഒക്കെ ഏറെ വേണ്ട ഒരിനമാണ് ജാവലിൻ ത്രോ. എത്ര ദൂരെ എറിയാമോ അത്രയും  ദൂരേക്ക് ജാവലിൻ വലിച്ചെറിയണം. 

ജാവലിൻ ത്രോയിലെ നിയമങ്ങൾ

അറ്റത്ത് മൂർച്ചയുള്ള മുന പിടിപ്പിച്ച ഒരു ലോഹത്തിന്റെ  നീളൻ വടി എടുത്ത് എറിയുക എന്നതിനുമപ്പുറത്തേക്ക് ജാവലിൻ ത്രോ എന്ന ഈ മത്സരയിനത്തിൽ നിരവധി സാങ്കേതിക നിയമങ്ങളുണ്ട്. അവയൊക്കെ കൃത്യമായി പാലിച്ചുകൊണ്ട് ജാവലിൻ എറിഞ്ഞാൽ മാത്രമേ മത്സരത്തിൽ വിജയിക്കാൻ സാധിക്കുകയുള്ളൂ. 

എറിയാനുള്ള നിർദേശം വന്നാൽ, അറുപതു സെക്കന്റിനകം ജാവലിൻ എറിഞ്ഞിരിക്കണം എന്നതാണ് ഒരു നിയമം. എറിയുന്നതിനു മുമ്പ് 35.6 മീറ്ററിന്റെ ഒരു റൺ അപ്പ് താരത്തിന് എടുക്കാം. അങ്ങനെ ഓടിയെത്തി, സ്ക്രാച്ച് അഥവാ ത്രോയിങ് ലൈൻ എന്നറിയപ്പെടുന്ന  വെള്ള വര മറികടക്കാതെ ജാവലിൻ എറിയണം. വര മറികടന്നാലും, എറിഞ്ഞ ജാവലിൻ മുനയിൽ കുത്തി വീണില്ലെങ്കിലും അത് ഫൗൾ ആയി കണക്കാക്കപ്പെടും. എറിയുന്ന സമയത്ത് ജാവലിൻ തോളിനു മുകളിൽ ആയി പിടിക്കണം എന്നുമുണ്ട്. ഓടി വന്ന് എറിയുന്നതിനിടെ താരങ്ങൾ ത്രോ ഏരിയക്ക് പുറം തിരിഞ്ഞു നില്ക്കാൻ പാടില്ല എന്നും ഒരു നിയമമുണ്ട്. 

ജാവലിൻ ത്രോയിൽ വലിച്ചെറിയപ്പെടുന്ന  കുന്തങ്ങൾ 113 km/h വേഗം വരെ ആർജിക്കാറുണ്ട്. ത്രോയിലൂടെ നേടാനാവുന്ന വേഗവും ദൂരവും ഒക്കെ, എങ്ങനെയാണ് ജാവലിൻ പിടിക്കുന്നത് എന്നതിനെ ആശ്രയിച്ചും ഇരിക്കും. ഫിന്നിഷ് ഗ്രിപ്പ്, വി അല്ലെങ്കിൽ ക്ളോ ഗ്രിപ്പ്, എന്നിങ്ങനെ പലയിനം ഗ്രിപ്പുകൾ താരങ്ങൾ സ്വീകരിക്കാറുണ്ട്. റൺ അപ്പ് ട്രാക്കിൽ നിന്ന് ആകെ 29 ഡിഗ്രി കോണിനുള്ളിൽ വരുന്ന പ്രദേശമാണ് എറിഞ്ഞിടുന്നതിന് സാധുത കിട്ടുന്ന സോൺ. ആ സോണിന്റെ അറ്റത്ത് ദൂരം അളക്കാനുള്ള ഉപകരണങ്ങളുമായി ഒഫീഷ്യൽസ് നിൽപ്പുണ്ടാവും. കാണികളുടെ സൗകര്യത്തിനായി 75m,80m, 85m എന്നിങ്ങനെ അതിർത്തികൾ മാർക്ക് ചെയ്തിട്ടുണ്ടാവും. അതുകൊണ്ട് ജാവലിൻ വന്നു കുത്തി നിൽക്കുമ്പോൾ തന്നെ കാണികൾക്ക് ഏറെക്കുറെ എത്ര ദൂരമാണ് താണ്ടിയത് എന്ന് ഊഹിക്കാനും സാധിക്കും.  

1996 -ൽ ചെക്ക് താരം യാൻ സെലെസ്നി എറിഞ്ഞിട്ട 98.48 m ദൂരമാണ് ജാവലിൻ ത്രോയിലെ ലോക റെക്കോർഡ്. ഫൈനലിൽ നീരജ് ചോപ്രയോട് മത്സരിച്ച യോഹന്നാസ് വെറ്റർ 2020 സെപ്റ്റംബറിൽ 97.76 m ദൂരം എറിഞ്ഞിട്ടുണ്ടെങ്കിലും, നീരജ് ഫൈനലിൽ 87.58 m എറിഞ്ഞപ്പോൾ വെറ്ററിന് അതിന്റെ അടുത്തെങ്ങും എത്താനായില്ല. ഇന്ത്യൻ സൈന്യത്തിന്റെ 4 രാജ് പുത്താന റൈഫിൾസിലെ സുബേദാറാണ് നിലവിൽ നീരജ് ചോപ്ര. 2011 മുതൽ ജാവലിൻ പരിശീലിക്കുന്ന നീരജ് ചോപ്ര പത്തുവർഷം കൊണ്ട് നേടിയെടുത്ത ഈ ഒളിമ്പിക്സ് സ്വർണം, ഇന്ത്യൻ ട്രാക്ക് ആൻഡ് ഫീൽഡ് താരങ്ങൾക്ക് നൽകുന്ന പ്രചോദനം ചെറുതല്ല. 
 

click me!