'ഒരേയൊരു ശ്രീജേഷേ നമുക്കുള്ളു, തിരസ്‌കരിക്കരുത്'; സംസ്ഥാനം പാരിതോഷികം പ്രഖ്യാപിക്കാത്തതില്‍ ടോം ജോസഫ്

By Web TeamFirst Published Aug 9, 2021, 11:35 AM IST
Highlights

സ്വയം ശ്രമത്താൽ ഉന്നതിയിലെത്തുമ്പോഴെങ്കിലും അംഗീകരിക്കാനുള്ള മനസ് കാട്ടണം. ശ്രീജേഷിനെ അവഗണിക്കരുത് എന്ന് ഇന്ത്യന്‍ വോളി ഇതിഹാസം. 
 

തിരുവനന്തപുരം: ടോക്കിയോ ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് സംസ്ഥാനം അര്‍ഹമായ അംഗീകാരം നല്‍കണമെന്ന് ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ടോം ജോസഫ്. 'ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാൻ 'കാര്യം നടത്തുന്നവർക്ക്‌ ' സാധിച്ചിട്ടുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്കെങ്കിലും അതൊന്ന് പറഞ്ഞ് കൊടുത്തുകൂടെ' എന്ന് അദേഹം ചോദിച്ചു. കേരളത്തിൽ നിന്ന് ഒരു വനിതാ അത്‌ലറ്റ് പോലും ഒളിംപിക്‌സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ടെന്നും ടോം ജോസഫ് ഫേസ്‌ബുക്കില്‍ കുറിച്ചു. 

ടോം ജോസഫിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

'ഇനിയും വൈകുന്നുണ്ടെങ്കിൽ നമുക്കെന്തൊ പ്രശ്നമുണ്ട്. ചില നേട്ടങ്ങൾ മനപൂർവം നാം തിരസ്‌കരിക്കുന്നുണ്ടെങ്കിൽ, അപ്പോഴും നമുക്കെന്തോ പ്രശ്‌നമുണ്ട്. ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാൻ 'കാര്യം നടത്തുന്നവർക്ക്‌ ' സാധിച്ചിട്ടുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്കെങ്കിലും അതൊന്ന് പറഞ്ഞ് കൊടുത്തുകൂടെ. എന്തുകൊണ്ട് കേരളത്തിൽ നിന്ന് ഒരു വനിതാ അത്‌ലറ്റ് പോലും ഒളിംപിക്‌സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ട്. സ്വപ്‌ന നേട്ടമാണ് ശ്രീജേഷ് കൈവരിച്ചത്. ഏതൊരു കായിക താരവും കൊതിക്കുന്നത്. കേരളത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്നത്.

ഒഡിഷയെ നോക്കാം. ഹരിയാനയെ നോക്കാം. ആന്ധ്രയും തെലങ്കാനയും മത്സരിക്കുന്നു. ഒരേയൊരു ശ്രീജേഷേ നമുക്കുള്ളു. ഗ്രാമീണ കളിക്കളങ്ങളിൽ നിന്നുയർന്ന് വന്നവരെ നമുക്കുള്ളു. ചുരുങ്ങിയത് സ്വയം ശ്രമത്താൽ ഉന്നതിയിലെത്തുമ്പോഴെങ്കിലും അംഗീകരിക്കാനുള്ള മനസ് കാട്ടണം. ശ്രീജേഷിനെ അവഗണിക്കരുത്'.

ടോക്കിയോയില്‍ വെങ്കല മെഡല്‍ നേടിയ പുരുഷ ഹോക്കി ടീമില്‍ അംഗമായ ശ്രീജേഷിന് അര്‍ഹമായ അംഗീകാരം സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ടോം ജോസഫിന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് എന്നത് ശ്രദ്ധേയമാണ്. ഗോള്‍ പോസ്റ്റിന് കീഴെ പി ആര്‍ ശ്രീജേഷ് പുറത്തെടുത്ത മിന്നും മികവിലാണ് ഇന്ത്യ വെങ്കല മെഡല്‍ നേടിയത്. ജര്‍മനിക്കെതിരായ വെങ്കലപ്പോരാട്ടത്തില്‍ മത്സരം പൂര്‍ത്തിയാവാന്‍ ആറ് സെക്കന്‍ഡ് മാത്രം ബാക്കിനില്‍ക്കേ ഐതിഹാസിക സേവുമായി ഇന്ത്യക്ക് മെഡല്‍ സമ്മാനിക്കുകയായിരുന്നു മലയാളി താരം. 

എന്നാല്‍ കോട്ടകാത്ത് ഇന്ത്യയുടെ വന്‍മതിലായ ശ്രീജേഷിനെ രാജ്യമൊട്ടാകെ വാഴ്‌ത്തുന്നതിനിടയിലും സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ ശ്രീജേഷിന് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. യുഎഇ ആസ്ഥാനമായ വിപിഎസ് ഹെല്‍ത്ത്‌കെയറിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമായ മലയാളി ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി രൂപയും ക്യാഷ് അവാര്‍ഡ് പ്രഖ്യാപിച്ചിട്ടുണ്ട്.  

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. 1980ന് ശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒളിംപിക്‌സ് ഹോക്കിയില്‍ രാജ്യം 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. 

ഒളിംപി‌ക്‌സ് വെങ്കല നേട്ടം; ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഡോ ഷംഷീര്‍ വയലില്‍

ടോക്കിയോയിലെ മിന്നും പ്രകടനം; വന്ദന കട്ടാരിയക്ക് ഉത്തരാഖണ്ഡിന്‍റെ വമ്പന്‍ സമ്മാനം

ഒളിംപിക്‌സ് വെങ്കലത്തിളക്കം; ശ്രീജേഷിന് കേരള ഹോക്കി അസോസിയേഷന്‍റെ പാരിതോഷികം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!