ഫെരാരിയുടെ കുതിപ്പിന് ബ്രേക്കിട്ട് മെഴ്‌സിഡസ്; റഷ്യന്‍ ഗ്രാന്‍പ്രീയില്‍ ഹാമില്‍ട്ടണ്‍

By Web TeamFirst Published Sep 30, 2019, 10:21 AM IST
Highlights

സീസണിന്‍റെ രണ്ടാം പകുതിയിലെ ഫെരാരി മുന്നേറ്റത്തിന് തടയിട്ട മെഴ്സിഡസ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ പിടിച്ചെടുത്ത് കരുത്തുകാട്ടുകയായിരുന്നു

സോച്ചി: ഫോര്‍മുല വൺ കാറോട്ട സീസണിലെ റഷ്യന്‍ ഗ്രാന്‍പ്രീയിൽ മെഴ്സിഡസിന്‍റെ ലൂയിസ് ഹാമില്‍ട്ടൺ ജേതാവ്. ഹാമില്‍ട്ടന്‍റെ കരിയറിലെ എണ്‍പത്തിരണ്ടാമത്തെയും റഷ്യയിലെ നാലാമത്തെയും ജയമാണിത്. സീസണിന്‍റെ രണ്ടാം പകുതിയിലെ ഫെരാരി മുന്നേറ്റത്തിന് തടയിട്ട മെഴ്സിഡസ് ആദ്യ രണ്ട് സ്ഥാനങ്ങള്‍ പിടിച്ചെടുത്ത് കരുത്തുകാട്ടുകയായിരുന്നു. വാള്‍ട്ടേരി ബോട്ടാസ് ആണ് ഹാമില്‍ട്ടണിന് പിന്നിലെത്തിയത്.

പോള്‍ പൊസിഷനില്‍ മത്സരം തുടങ്ങിയ ഫെരാരിയുടെ ഷാള്‍ ലെക്‌ലെര്‍ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്‍പതാം സ്ഥാനത്ത് മത്സരം തുടങ്ങിയ മാക്സ് വെഴ്‌സ്റ്റാപ്പന്‍ നാലാം സ്ഥാനത്തെത്തിയപ്പോള്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് മത്സരം പൂര്‍ത്തിയാക്കാനായില്ല. ടീം നിര്‍ദേശങ്ങള്‍ വെറ്റല്‍ പാലിക്കാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. ജയത്തോടെ 2014 മുതൽ സോച്ചിയിലെ ആധിപത്യം തുടരാന്‍ മെഴ്സിഡസിന് കഴിഞ്ഞു.

സീസണിലെ 16 ഗ്രാന്‍പ്രീകളില്‍ മെഴ്സിഡസിന്‍റെ പതിനൊന്നാം ജയമാണിത്. ഡ്രൈവേഴ്സ് ചാംപ്യന്‍ഷിപ്പില്‍ ലീഡുയര്‍ത്താന്‍ ഹാമിൽട്ടനായി. ബോട്ടാസിനേക്കാള്‍ നിലവില്‍ 73 പോയിന്‍റ് ലീഡ് ഹാമില്‍ട്ടനുണ്ട്. സീസണില്‍ ഇനി അഞ്ച് മത്സരം ബാക്കിയുണ്ട്.

click me!