
കൊച്ചി: സ്വപ്നങ്ങൾക്ക് ആകാശം മാത്രമാണ് പരിധി. ഈ വാക്കുകളാണ് കൊച്ചി ചെല്ലാനം സ്വദേശികളായ സാൽവിനെയും സാമിനെയും മുന്നോട്ട് നയിക്കുന്നത്. കിക്ക് ബോക്‌സിംഗിലും വുഷുവിലും കഴിവ് തെളിയിച്ച് കഴിഞ്ഞു രണ്ടുപേരും. എന്നാൽ അന്താരാഷ്ട്ര വേദിയെന്ന സ്വപ്നയാത്രയ്ക്ക് മുന്നിൽ തടസ്സമാകുന്നത്, ആറ് ലക്ഷം രൂപയുടെ കുറവാണ്. ചെല്ലാനത്തിന്‍റെ തീരത്തിനോടൊപ്പം, ഇവരുടെ കായികസ്വപനങ്ങളും പണമില്ലാത്തതിന്‍റെ പേരിൽ അൽപ്പാൽപ്പമായി ഇല്ലാതാവുകയാണ്.
ഇന്ത്യയുടെ കുപ്പായമണിഞ്ഞ് റിംഗിൽ കയറണമെന്നത് സ്വപ്നമാണ്. മാല പണയം വെച്ച് മത്സരത്തിന് അയച്ച അമ്മയ്ക്ക് വേണ്ടി, പകലന്തിയോളം പണിയെടുത്ത് സ്വപ്നത്തിന് പിന്നാലെ പോകാൻ പ്രചോദിപ്പിക്കുന്ന അച്ഛനുവേണ്ടി, ജീവീതത്തിൽ എന്തെങ്കിലും നേടി എന്ന് സ്വയം അഭിമാനിക്കാൻ, വരാനിരിക്കുന്ന ആ മത്സരമാണ് ഇരുവരുടെയും സ്വപ്നം. കടലാക്രമണങ്ങളും പ്രളയഭീഷണിയും നിറഞ്ഞ ചെല്ലാനത്തെ തീരത്ത് നിന്നും ലോകം ഉറ്റ് നോക്കുന്ന ഇടിക്കൂട്ടിലേക്ക് പറക്കാനുള്ള ശ്രമത്തിലാണ് സാൽവിനും, സാമും. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളുടെ മക്കൾ.
ചേച്ചിയോടൊപ്പം പരിശീലനം കാണാൻ എത്തിയപ്പോൾ തുടങ്ങിയതാണ് സാൽവിന് ബോക്സിങ്ങിനോടുള്ള കമ്പം. പതിയെ അത് വളർന്നു വുഷുവിലേക്കും കിക്ക് ബോക്സിങ്ങിലേക്കും കടന്നു. ഓരോ ഇടവേളകളിലും കടൽവെള്ളം ഇരച്ചെത്തുന്ന വീട്ടിൽ നേടിയ മെഡലുകളെല്ലാം ഒരു കുഞ്ഞ് പ്ലാസ്റ്റിക് കവറിലാണ് സാൽവിൻ സ്വരുക്കൂട്ടി വെച്ചിരിക്കുന്നത്. അവ പുറത്തെടുക്കുമ്പോഴെല്ലാം പ്രതീക്ഷകളുടെ കടലാഴമാണ് അവന്റെ കണ്ണുകളിൽ.
ഇപ്പുറത്ത് അമ്മയുടെ മാല പണയം വെച്ച പൈസയുമായാണ് സാം ഡൽഹിയിൽ വെച്ചു നടന്ന ഓപ്പൺ കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിന് എത്തിയത്. വെള്ളി മെഡലുമായി അവിടെ നിന്നും മടങ്ങുമ്പോൾ അമ്മയുടെ കഷ്ടപാട് ആയിരുന്നു അവന്റെ ഉള്ളിൽ. സ്വപ്നം ഉപേക്ഷിച്ച് ജോലിക്ക് പോകാം എന്നായിരുന്നു ചിന്ത.
വീട്ടുകാരുടെ പൂർണ്ണ പിന്തുണയുണ്ട്. പ്രതിസന്ധികളെ ഓരോന്നായി ഇടിച്ചുവീഴ്ത്തി മുന്നോട്ട് കുതിക്കുമ്പോഴും വില്ലൻ പണമാണ്. ഇന്ന് ഇവർക്ക് മുൻപിലുള്ളത് വലിയൊരു അവസരമാണ്. രണ്ട് മാസങ്ങൾക്ക് അപ്പുറം ഉസ്ബെക്കിസ്ഥാനിൽ വെച്ച് നടക്കുന്ന അന്താരാഷ്ട്ര കിക്ക് ബോക്‌സിംഗ് ഏഷ്യ ചാമ്പ്യൻഷിപ്പ്. ഇരുവർക്കുമായി ആറ് ലക്ഷത്തോളം രൂപയാണ് ചിലവ്. സ്പോൺസർമാരെ കണ്ടെത്താനായില്ലെങ്കിൽ കുഞ്ഞ് നാൾ മുതൽ കണ്ട സ്വപ്നം ഇത്തവണയും കൈവിട്ട് പോകും. കഴിവുണ്ടായിട്ടും ജീവിതഭാരങ്ങൾക്ക് മുൻപിൽ സ്വപ്നങ്ങൾ അടിയറവ് വെക്കേണ്ടി വരുന്ന അവസ്ഥ. കടലോളം ആത്മവിശ്വാസത്തോടെ ഒരു സഹായഹസ്ത്തത്തിനായി കാത്തിരിക്കുകയാണ് ഈ കുട്ടികൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക