സംസ്ഥാന സ്കൂൾ കായികമേള; റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കും

Published : Oct 28, 2025, 10:14 AM IST
Sanju samson

Synopsis

ഇനിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാൻ സഞ്ജു സാംസൺ ഫൗണ്ടേഷനും ഞാനും ഒപ്പമുണ്ടാകുമെന്ന് സഞ്ജു അറിയിച്ചതായി മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള 2025ൽ റെക്കോർഡ് ജേതാക്കളായ ദേവപ്രിയയേയും അതുലിനേയും സംസ്ഥാന സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് സ്കൂൾ കായികമേള 25 തിരുവനന്തപുരം ബ്രാൻഡ് അംബാസഡറായ സഞ്ജു സാസംസൺ അറിയിച്ചു. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായിക മേളയിൽ സബ് ജൂനിയർ ഗേൾസ് വിഭാഗത്തിൽ 100 മീറ്ററിൽ റെക്കോർഡ് നേടിയ സിഎച്ച്എസ് കാൽവരി മൗണ്ട് സ്കൂളിലെ ദേവപ്രിയ ഷൈബുവിനെയും 100 മീറ്ററിലും 200 മീറ്ററിലും റെക്കോർഡ് നേടിയ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസ് സ്കൂളിലെ അതുൽ ടി.എമ്മിനെയുമാണ് സഞ്ജു സാംസൺ ഫൗണ്ടേഷൻ ഏറ്റെടുക്കുക.

ജീവിത സാഹചര്യങ്ങളോട് മല്ലിട്ട് ഇവ‍ർ നേടിയ നേട്ടമാണ് തന്റെ ശ്രദ്ധയിൽപ്പെട്ടതെന്ന് സഞ്ജു പറഞ്ഞു. ശക്തമായ പിൻബലം ഈ കുട്ടികളെ നാളെ ദേശീയ തലത്തിലേക്കും ഒളിമ്പിക് തലത്തിലേക്കും വരെ ഉയർത്തിയേക്കാം. അത് കൊണ്ട് തന്നെ സഞ്ജു സാംസൺ ഫൗണ്ടേഷന്റെ കീഴിൽ സംസ്ഥാന ദേശീയ തലത്തിൽ ആവശ്യമായ യാത്രാതാമസ സൗകര്യങ്ങളും വേണ്ട നിർദേശങ്ങളും നൽകിക്കൊണ്ട് കുട്ടികൾക്ക് ഒരു പ്രോഫഷണൽ അത്‌ലറ്റിക് കോച്ചിന്റെ സൗകര്യം ലഭ്യമാക്കുകയും ചെയ്യും. ഇനിയുള്ള നേട്ടങ്ങളിലേക്ക് ഓടിയടുക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും നൽകി ഈ കുട്ടികളെ കേരളത്തിന്റെ അഭിമാനമാക്കി മാറ്റാൻ സഞ്ജു സാംസൺ ഫൗണ്ടേഷനും ഞാനും ഒപ്പമുണ്ടാകുമെന്ന് സഞ്ജു അറിയിച്ചതായി മന്ത്രി പറഞ്ഞു.

സംസ്ഥാന സ്‌കൂൾ കായിക മേളയിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്താണ് സബ്ജൂനിയ‍ർ പെൺകുട്ടികളുടെ 100 മീറ്ററിൽ ദേവപ്രിയ നേട്ടം കൊയ്തത് പുതുചരിത്രം കുറിച്ചത്. ഈ റെക്കോർഡുകൾ കൊണ്ട് വയ്ക്കാൻ ദേവപ്രിയക്ക് വീടില്ല. റെക്കോർഡ് തകർത്താൽ വീട് വെച്ച് കൊടുക്കാമെന്ന കോച്ചിന്‍റെ വാക്കുകളാണ് ദേവപ്രിയയുടെ കാലുകൾക്ക് വേഗം കൂട്ടിയത്. ജൂനിയർ വിഭാ​ഗം 100 മീറ്റർ ഓട്ടത്തിൽ ഒന്നാമത് എത്തിയത് ആലപ്പുഴ ചാരമംഗലം ഗവൺമെന്റ് ഡിവിഎച്ച്എസ്എസിലെ അതുൽ ടി എം ആണ്. 37 വർഷത്തെ മീറ്റ് റെക്കോർഡ് ആണ് പുഷ്പം പോലെ അതുൽ മറികടന്നത്. 10.81 സെക്കൻഡിലാണ് അതുൽ ഫിനിഷ് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം