സ്കൂള്‍ കായിക മേളയിലെ പ്രായ തട്ടിപ്പ്; കൂടുതൽ വിവരങ്ങൾ പുറത്ത്, മറുനാടൻ താരങ്ങൾക്ക് ഈടാക്കുന്നത് 10000 മുതൽ 30000 വരെ

Published : Oct 27, 2025, 09:18 AM IST
sports meet complaint

Synopsis

പ്രായം തിരുത്തിയ ആധാർ കാർഡുകൾ ഏജന്‍റുമാർ തയ്യാറാക്കി നല്‍കും. സബ് ജില്ലാ മത്സരങ്ങൾക്ക് തൊട്ട് മുൻപ് സ്കൂളുകളിൽ പ്രവേശനം നല്‍കുകയും ചെയ്യും.

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രായ തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മറുനാടൻ താരങ്ങൾക്ക് ഈടാക്കുന്നത് 10000 മുതൽ 30000 വരെയെന്ന് വിവരം. പ്രായം തിരുത്തിയ ആധാർ കാർഡുകൾ ഏജന്‍റുമാർ തയ്യാറാക്കി നല്‍കും. സബ് ജില്ലാ മത്സരങ്ങൾക്ക് തൊട്ട് മുൻപ് സ്കൂളുകളിൽ പ്രവേശനം നല്‍കുകയും ചെയ്യും. ഏജന്‍റ്മാർ സമീപിച്ച കായിക താരത്തിന്റെ ശബ്ദ സന്ദേശം ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. ''സ്കൂള്‍ കായിക മേളയില്‍ പങ്കെടുക്കാന്‍ പരിശീലകന്‍ പറഞ്ഞു. മെഡല്‍ ഒന്നിന് 30,000 രൂപ വരെ കിട്ടുമെന്നും സ്കൂളില്‍ ചേരാന്‍ രേഖകള്‍ ശരിയാക്കാനും പറഞ്ഞു. എന്നാൽ ഞാൻ ഇതിന് തയ്യാറായില്ല.'' കായിക താരം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

21 വയസുള്ള മറുനാടൻ താരത്തെ അണ്ടര്‍ 19 വിഭാഗത്തിൽ മത്സരിപ്പിച്ചു എന്നാണ് ഇന്നലെ പരാതി ഉയർന്നത്. കോഴിക്കോട് പുല്ലൂരാംപാറ സ്കൂളിന്റെ താരത്തിനെതിരെയാണ് പരാതി ഉയർന്നത്. അത്ലറ്റിക് ഫെഡറേഷൻ രേഖകളിൽ താരത്തിന്‍റെ പ്രായം കൂടുതലെന്ന് തെളിഞ്ഞു. ഇതോടെ മത്സരഫലം തടഞ്ഞുവെച്ചു. ഉത്തർപ്രദേശ് സ്വദേശിയായ മത്സരാർത്ഥിക്ക് പ്രായം 21 വയസും 5 മാസവുമെന്ന് അത്ലറ്റിക് ഫെഡറേഷൻ രേഖകൾ. 19വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിലാണ് മത്സരിച്ചത്. ഇതോടെ സീനിയർ പെൺകുട്ടികളുടെ നൂറിലും 200ലും രണ്ടാം സ്ഥാനം നേടിയ താരത്തിനെതിരെ മറ്റ് സ്കൂളുകളും പരാതിയുമായെത്തി. താരത്തിന്റെ പ്രായം 21 എന്ന് തെളിയിക്കുന്ന രേഖകൾ ഏഷ്യാനെറ്റ് ന്യൂസിനും ലഭിച്ചു.

ഏതാനും മാസങ്ങൾക്ക് മുൻപാണ് കുട്ടി സ്കൂളിൽ പ്രവേശനം നേടിയത്. സ്കൂൾ സമർപ്പിച്ച രേഖകൾ പ്രകാരം എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 18 കാരി. വാർത്തയ്ക്ക് പിന്നാലെ വിഷയത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഇടപെട്ടു. പരാതി വന്ന മത്സര ഫലങ്ങൾ തടഞ്ഞുവെച്ചു. കേരള അത്ലറ്റിക് അസോസിയേഷനും അന്വേഷണം തുടങ്ങി. അണ്ടർ -19 വിഭാഗത്തിൽ മത്സരിക്കാൻ കുട്ടിക്ക് യോഗ്യത ഉണ്ടെന്നും ആധാർ രേഖയുണ്ടെന്നുമാണ് സ്കൂൾ വിശദീകരണം. കൂടുതൽ മറുനാടൻ താരങ്ങൾ പ്രായതട്ടിപ്പ് നടത്തി മത്സരിച്ചതായി ആരോപണമുണ്ട്. ഇതും പരിശോധിക്കുമെന്ന് സംഘടകർ വ്യക്തമാക്കി.

PREV
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം