സെറീന പുറത്ത്; യുഎസ് ഓപ്പണില്‍ അസരങ്ക- ഒസാക ഫൈനല്‍

By Web TeamFirst Published Sep 11, 2020, 10:52 AM IST
Highlights

ജപ്പാന്റെ നവോമി ഒസാകയാണ് ഫൈനലില്‍ അസരങ്കയുടെ എതിരാളി. അമേരിക്കയുടെ തന്നെ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചാണ് ഒസാക കലാശപ്പോരിന് യോഗ്യത നേടുന്നത്.

ന്യൂയോര്‍ക്ക്: സെറീന വില്യംസ് യുഎസ് ഓപ്പണിന്റെ ഫൈനല്‍ കാണാതെ പുറത്ത്. ബെലാറസിന്റെ വിക്‌റ്റോറിയ അസരങ്കയോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെട്ടാണ് സെറീന മടങ്ങുന്നത്. ജപ്പാന്റെ നവോമി ഒസാകയാണ് ഫൈനലില്‍ അസരങ്കയുടെ എതിരാളി. അമേരിക്കയുടെ തന്നെ ജെന്നിഫര്‍ ബ്രാഡിയെ തോല്‍പ്പിച്ചാണ് ഒസാക കലാശപ്പോരിന് യോഗ്യത നേടുന്നത്.

സെറീനയ്‌ക്കെതിരെ 6-1, 3-6, 3-6 എന്ന സ്‌കോറിനാണ് അസരങ്ക ജയിച്ചത്. ആദ്യ സെറ്റ് ആധികാരികമായി സെറീന നേടിയെങ്കിലും മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് അവസാന രണ്ട് സെറ്റില്‍ തിരിച്ചടിച്ചു. 2012, 2013 വര്‍ഷങ്ങളില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയ താരമാണ് അസരങ്ക. ഈ വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍, യുഎസ് ഓപ്പണിന്റെ ഫൈനലിലെത്താനും അസരങ്കയ്ക്ക് സാധിച്ചിരുന്നു. 2011, 2012 വര്‍ഷങ്ങളില്‍ വിംബിള്‍ഡണ്‍ സെമിയിലും താരമെത്തി.

ബ്രാഡിക്കെതിരെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു ഒസാകയുടെ ജയം. സ്‌കോര്‍ 6-7, 3-6, 3-6. ആദ്യ സെറ്റ് ഇരുവരും പങ്കിട്ടു. എന്നാല്‍ നിര്‍ണായക മൂന്നാം സെറ്റില്‍ ഒസാക അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഫൈനലിലേക്കും പ്രവേശനം ലഭിച്ചു. 2018ലെ യുഎസ് ഓപ്പണ്‍ ചാംപ്യനാണ് ഒസാക. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണും സ്വന്തമാക്കി.

click me!