Latest Videos

ഓസ്‌ട്രേലിയയുടെ മെഡല്‍ നേട്ടങ്ങള്‍ക്ക് പിന്നിലെ കോഫി വില്‍പ്പനക്കാരന്‍; ജോണ്‍സണ് ജോലിയേറെയാണ്

By Web TeamFirst Published Jul 31, 2021, 1:53 PM IST
Highlights

സാധാരണ കാപ്പിയല്ല, വിപ് ക്രീമ് ചേര്‍ത്ത് ഉണ്ടാക്കുന്ന ഓസ്‌ട്രേലിയന്‍ ഫ്‌ലാറ്റ് വൈറ്റ്. നമ്മുടെ നാട്ടിലെ എസ്പ്രസോ കാപ്പിയുടെ മറ്റൊരു വകഭേദം. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ജോണ്‍സണ്‍ ജപ്പാനില്‍ ഇങ്ങനെ കാപ്പി വില്‍ക്കാന്‍ തുടങ്ങിയിട്ട്.

ടോക്യോ: ഒളിംപിക് വില്ലേജില്‍ രാവിലെ ആറര തൊട്ട് എല്ലിയറ്റ് ജോണ്‍സണ്‍ തിരക്കിലാണ്. എന്തിനാണെന്നല്ലേ, നല്ല ഒന്നാന്തരം കാപ്പിയുണ്ടാക്കാന്‍. ഒന്നും രണ്ടുമല്ല, ദിവസേന 600 എണ്ണം. അതും സാധാരണ കാപ്പിയല്ല, വിപ് ക്രീമ് ചേര്‍ത്ത് ഉണ്ടാക്കുന്ന ഓസ്‌ട്രേലിയന്‍ ഫ്‌ലാറ്റ് വൈറ്റ്. നമ്മുടെ നാട്ടിലെ എസ്പ്രസോ കാപ്പിയുടെ മറ്റൊരു വകഭേദം. ഏകദേശം അഞ്ച് വര്‍ഷത്തോളമായി ജോണ്‍സണ്‍ ജപ്പാനില്‍ ഇങ്ങനെ കാപ്പി വില്‍ക്കാന്‍ തുടങ്ങിയിട്ട്. 2016ല്‍ ഓസ്‌ട്രേലിയയില്‍ നിന്ന് ജപ്പാനിലേക്ക് കുടിയേറിയ ശേഷം കിട്ടുന്ന ആദ്യത്തെ ഉത്തരവാദിത്തമാണിത്. അത് വെറുതെ കളയാന്‍ ജോണ്‍സണ് കഴിയില്ല.

ഒളിംപിക് വില്ലേജിലെ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കുവേണ്ടി സംഘാടകര്‍ സജ്ജമാക്കിയതാണ് ഈ കോഫി കോര്‍ട്ട്. മികച്ച പ്രകടനം, ഭാഗ്യം, നല്ല മുന്നൊരുക്കങ്ങള്‍, ഇവയ്‌ക്കൊക്കെ പുറമെ താരങ്ങളുടെ മെഡല്‍ നേട്ടത്തിനായി കണ്ടെത്തിയ ഓസ്‌ട്രേലിയന്‍ ബ്രഹ്‌മാസ്ത്രം. സ്വന്തം നാടിന്റെ രുചി താരങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആലോചിക്കുകയായിരുന്നു സംഘാടകര്‍. അപ്പോഴാണ് മെല്‍ബണില്‍ നിന്നുള്ള കോഫി നിര്‍മാതാവായ ജോണ്‍സണെ കുറിച്ച് അറിയുന്നത്. അതോടെ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൈക്കഡോയില്‍ നിന്ന് ജോണ്‍സണെ വിളിച്ചുവരുത്തുകയായിരുന്നു.

പ്രതീക്ഷിക്കാതെ കിട്ടിയ ബംബറില്‍ ജോണ്‍സണും ഏറെ സന്തോഷത്തിലാണ്. ബ്രസീലില്‍ നിന്നും പാപുവ ന്യൂ ഗിനിയയില്‍ നിന്നുമാണ് ജോണ്‍സണ്‍ കാപ്പികുരുക്കള്‍ എത്തിക്കുന്നത്. ഇതിനായി മുന്നു കോഫി മെഷീനുകളും ഉണ്ട്. സഹായത്തിന് ഒരാളെയും കൂടെക്കൂട്ടി.പ്രമുഖ താരങ്ങളെ എന്നും കാണുമെങ്കിലും പലരെയും തിരിച്ചറിയില്ലെന്നാണ് ജോണ്‍സണ്‍ പറയുന്നത്. 

മാത്രമല്ല നിന്നുതിരിയാനാകാത്ത തിരക്കു കാരണം പലരെയും പരിചയപ്പെടാനും സമയമില്ല. ഈ കാപ്പി പരിപാടിയില്‍ ഓസ്‌ട്രേലിയന്‍ സംഘവും ഏറെ സന്തോഷത്തിലാണ്. താമസസ്ഥലത്തു തന്നെ കിട്ടുമെന്നമതാണ് പ്രധാന ആകര്‍ഷണം. അതേസമയം, ഓസ്‌ട്രേലിയന്‍ താരങ്ങളെക്കൂടാതെ മറ്റുരാജ്യക്കാരും തന്റെ കാപ്പി കുടിക്കാന്‍ വരാറുണ്ടെന്നും ജോണ്‍സണ്‍ പറയുന്നു.

click me!