Sportspersons Protest: സെക്രട്ടറിയേറ്റിന് മുന്നില്‍ കായികതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ടോം ജോസഫ്

Published : Dec 09, 2021, 08:20 PM IST
Sportspersons Protest: സെക്രട്ടറിയേറ്റിന് മുന്നില്‍ കായികതാരങ്ങള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ടോം ജോസഫ്

Synopsis

പത്ത് വർഷങ്ങൾക്ക് മുമ്പ് ഉറപ്പ് നൽകിയ ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് മെഡൽ ജേതാക്കൾ ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാലസമരത്തിലാണ്.

കൊച്ചി: ഉറപ്പ് നൽകിയ ജോലിക്കായി വർഷങ്ങൾ കാത്തിരുന്ന് മടുത്ത് ഒടുവിൽ സെക്രട്ടറിയറ്റിന് മുന്നിൽ സമരമിരിക്കുന്ന കായികതാരങ്ങളുടെ പ്രതിഷേധത്തിന് (Sportspersons Protest) പിന്തുണ അറിയിച്ച് വോളിബോള്‍ താരം ടോം ജോസഫ്(Tom Joseph). ഒരു കാലത്ത് ചുറുചുറുക്കോടെ വെയിലും, മഴയും, മഞ്ഞും കൊണ്ടവരാണവർ. നമുക്കു വേണ്ടി.കേരളത്തിനു വേണ്ടി.അങ്ങനെ സ്വയം മറന്നു പോരാടിയരെ അവഗണിക്കുന്നത് ശരിയല്ലെന്ന് ടോം ജോസഫ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

പത്ത് വർഷങ്ങൾക്ക് മുമ്പ് ഉറപ്പ് നൽകിയ ജോലി നൽകാത്തതിൽ പ്രതിഷേധിച്ച് മെഡൽ ജേതാക്കൾ ദിവസങ്ങളായി സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരത്തിലാണ്. ഇവരുടെ റാങ്ക് പട്ടികയിലെ ക്രമക്കേട് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ജോലി നൽകാൻ സർക്കാർ ഉത്തരവിറക്കിയിട്ടും ജോലി കിട്ടാത്ത 54 കായികതാരങ്ങളുടെ ദുരവസ്ഥ പുറംലോകമറിഞ്ഞിട്ടും സർക്കാർ നടപടിയെടുത്തില്ല.

ജോലി നല്‍കാന്‍ ഉത്തരവിറക്കിയ 249 പേരില്‍ 195 പേര്‍ക്ക് 2019-ല്‍ ജോലി നല്‍കി. എന്നാലതിൽ 54 പേരെ പരിഗണിച്ചതേയില്ല. നിയമനം നല്‍കാനുള്ള തീരുമാനം ആയെങ്കിലും ഫയല്‍ മാസങ്ങളായി ധനവകുപ്പില്‍ കുരുങ്ങിക്കിടക്കുകയാണെന്ന് കായിക താരങ്ങള്‍ പറയുന്നു. പട്ടികയില്‍ മുന്നിലുള്ളവരെ മാറ്റി നിര്‍ത്തി താഴെയുള്ളവര്‍ക്ക് ജോലി നല്‍കിയതും നേരത്തെ വിവാദമായിരുന്നു.

ടോം ജോസഫിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

അവരെ എന്തിനാണിങ്ങനെ മഴയത്തും വെയിലത്തും നിർത്തുന്നത്. ഒരു കാലത്ത് ചുറുചുറുക്കോടെ വെയിലും, മഴയും, മഞ്ഞും കൊണ്ടവരാണവർ. നമുക്കു വേണ്ടി.കേരളത്തിനു വേണ്ടി.അങ്ങനെ സ്വയം മറന്നു പോരാടിയരെ അവഗണിക്കുന്നത് ശരിയല്ല.പറഞ്ഞു വരുന്നത് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന ആ പാവം കായിക താരങ്ങളെക്കുറിച്ചാണ്.അർഹരായവരെ തെരുവിലിറക്കുകയല്ല വേണ്ടത്. പകരം ചേർത്തു നിർത്തുകയാണ്. കേരളത്തിന് പുറത്തേക്കൊന്നു നോക്കു.മികവു തെളിയിച്ച ഒരു കായിക പ്രതിഭയ്ക്കും ഇതു പോലൊരു ദുർഗതിയുണ്ടാകില്ല.

കേരളത്തിന് മാത്രമല്ല, നമ്മുടെ കായിക രംഗത്തിനും, മുൻകാല താരങ്ങൾക്കുമൊക്കെ അപമാനമാണ് അവരുടെ ദുരവസ്ഥ. കേരളത്തിൽ നിന്ന് എന്തു കൊണ്ട് കഴിഞ്ഞ ഒളിംപിക്സിൽ ഒരുവനിതാ പ്രാതിനിധ്യം പോലും ഉണ്ടായില്ല എന്നതിന്റെ ഉത്തരമാണ് ആ സമരമിരിക്കുന്നവർ.

അതുകണ്ട് പുതുപ്രതിഭകൾ കായികരംഗത്തേയ്ക്ക് എന്തിനു വരണം എന്നു ചോദിക്കാൻ ഇടവരുത്തരുത്. അവർ അർഹരാണ്. അവർക്കു വേണ്ടി രാഷ്ട്രീയ പാർട്ടികൾ ഇറങ്ങില്ല എന്നത് കൊണ്ട് അവരെ അവഗണിക്കരുത്. അവരുടെ, പുതുതലമുറയുടെയും ആത്മവിശ്വാസം കെടുത്തരുത്. അവരെ പരിഗണിക്കുക, അർഹമായത് നൽകുക, സമരം ചെയ്യുന്ന കായിക താരങ്ങൾക്ക് പിന്തുണ നൽകുന്നു.

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും