2022 Winter Olympics : ശീതകാല ഒളിംപിക്‌സ് ബഹിഷ്‌കരിച്ച് അമേരിക്ക; പ്രതിഷേധം ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളില്‍

By Web TeamFirst Published Dec 7, 2021, 10:29 AM IST
Highlights

ചൈനയിലെ ശീതകാല ഒളിംപിക്‌സിന് നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച് അമേരിക്ക. ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയാണ് അമേരിക്കയുടെ നടപടി. 

വാഷിംഗ്‌ടണ്‍: അടുത്ത വർഷം ബെയ്‌ജിങ്ങിൽ നടക്കുന്ന ശീതകാല ഒളിംപിക്‌സിന് (2022 Beijing Winter Olympics) നയതന്ത്ര ബഹിഷ്‌കരണം പ്രഖ്യാപിച്ച് അമേരിക്ക (United States). നടപടി ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങളിൽ പ്രതിഷേധിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡൻ (Joe Biden) പറഞ്ഞു. ഗെയിംസില്‍ നിന്ന് നയതന്ത്ര സംഘം വിട്ടുനിൽക്കും. എന്നാല്‍ കായികതാരങ്ങൾ പങ്കെടുക്കും. അതേസമയം രൂക്ഷ വിമർശനവുമായി ചൈന (China) രംഗത്തെത്തി.

അടുത്ത വര്‍ഷം ഫെബ്രുവരി നാല് മുതല്‍ 20 വരെയാണ് ബെയ്‌ജിങ്ങിൽ ശീതകാല ഒളിംപിക്‌സ് അരങ്ങേറുക. കായികതാരങ്ങള്‍ പങ്കെടുക്കുമെങ്കിലും നയതന്ത്ര ബഹിഷ്‌കരണത്തിന്‍റെ ഭാഗമായി ഒളിംപിക്‌സിന് ഔദ്യോഗിക സംഘത്തെ അമേരിക്ക അയക്കില്ല. അമേരിക്കയുടെ നയതന്ത്ര സംഘവും ബെയ്‌ജിങ്ങിൽ എത്തില്ല. ചൈനയുടെ നിരന്തരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ബഹിഷ്‌കരണമെന്ന് ബൈഡന്‍ ഭരണകൂടത്തിന്‍റെ നയം പ്രഖ്യാപിച്ചുകൊണ്ട് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. 

ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ ജുന്‍ജാങ്ങില്‍ ന്യൂനപക്ഷ മുസ്ലീങ്ങള്‍ക്കെതിരെ കൂട്ടക്കൊലയും മറ്റ് മനുഷ്യാവകാശ ധ്വംസനങ്ങളും തുടരുകയാണ്. ഇതിനെതിരെയാണ് നടപടി എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഹോങ്കോഗിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്തുന്നതിലും ടിബറ്റിലും തായ്‌വാനിലും ചൈന നടത്തുന്ന ഇടപെടലിലും അന്താരാഷ്‌ട്ര സമൂഹത്തിന് ആശങ്കമുണ്ട്. ബൈഡന്‍ ഭരണകൂടത്തിന്‍റെ തീരുമാനത്തെ ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടികള്‍ അനുകൂലിക്കുന്നുണ്ട്. 

ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ടീം യുഎസ്എയ്‌ക്ക് എല്ലാ പിന്തുണയും സുരക്ഷയും ഒരുക്കുമെന്ന് വൈറ്റ് ഹൗസ് ആവര്‍ത്തിച്ചു. എന്നാല്‍ കായികരംഗത്തെ രാഷ്‌ട്രീയ ആയുധമായി ഉപയോഗിക്കുന്നത് ന്യായീകരിക്കാനാവില്ലെന്നാണ് ചൈനയുടെ പ്രതികരണം. 

UCL : അവസാന ഗ്രൂപ്പ് മത്സരങ്ങൾ ഇന്ന് മുതല്‍; സിറ്റി, പിഎസ്‌ജി, റയൽ മാഡ്രിഡ്, ലിവർപൂൾ ടീമുകള്‍ കളത്തില്‍

click me!