മൊട്ടക്കൂട്ടത്തിന്‍റെ ആഘോഷം ഇനിയില്ല! പ്രഭാവം മങ്ങി സെന്‍റ് ജോര്‍ജ് കോതമംഗലം

By Web TeamFirst Published Nov 9, 2019, 1:41 PM IST
Highlights

ഇത്തവണ ഒരാള്‍ മാത്രമാണ് റവന്യുമീറ്റിന് യോഗ്യത നേടിയത്. കായികാധ്യാപകൻ രാജു പോള്‍ വിരമിച്ചതോടെ സ്‌കൂളിലെ സ്‌പോര്‍ട്സ് ഹോസ്റ്റല്‍ ഉള്‍പ്പെടെ പൂട്ടുകയായിരുന്നു.

എറണാകുളം: കഴിഞ്ഞ സംസ്ഥാന സ്കൂള്‍ കായികമേളയിലെ ചാമ്പ്യൻമാരായിരുന്ന കോതമംഗലം സെന്റ് ജോര്‍ജ് കായിക ഭൂപടത്തില്‍നിന്ന് മായുന്നു. ഇത്തവണ ഒരാള്‍ മാത്രമാണ് റവന്യുമീറ്റിന് യോഗ്യത നേടിയത്. കായികാധ്യാപകൻ രാജു പോള്‍ വിരമിച്ചതോടെ സ്‌കൂളിലെ സ്‌പോര്‍ട്സ് ഹോസ്റ്റല്‍ ഉള്‍പ്പെടെ പൂട്ടുകയായിരുന്നു.

മൊട്ടക്കൂട്ടങ്ങളുടെ പതിവ് ആഘോഷം ഇനിയില്ല. കായിമേളകളില്‍നിന്ന് സെന്റ് ജോര്‍ജ് മാറിനില്‍ക്കുകയാണ്. മറ്റന്നാള്‍ കോതമംഗലത്ത് തുടങ്ങുന്ന റവന്യൂമീറ്റില്‍ സെന്റ് ജോര്‍ജില്‍നിന്നുണ്ടാവുക ഒരാള്‍ മാത്രം. 10 തവണ ചാമ്പ്യൻമാരായ സ്‌കൂളിനാണ് ഈ ഗതി. കായികാധ്യാപകൻ രാജു പോളായിരുന്നു സെന്റ് ജോര്‍ജിന്‍റെ കരുത്ത്. സ്‌പോര്‍ട്സ് ഹോസ്റ്റലില്‍ അദ്ദേഹത്തിന്‍റെ കീഴില്‍ 140 താരങ്ങളാണ് ഉണ്ടായിരുന്നത്. 

കേരളം ചുറ്റിനടന്ന് മിടുക്കരായ താരങ്ങളെ സെന്റ് ജോര്‍ജിലേക്കെത്തിച്ചു. മണിപ്പൂരില്‍നിന്ന് വരെ കുട്ടികളെത്തി. ഒളിമ്പ്യൻ സിനി ജോസ് മുതല്‍ ടോക്യ ഒളിംപിക്സിനൊരുങ്ങുന്ന വി കെ വിസ്‌മയ വരെ പിറവികൊണ്ടത് കോതമംഗലത്തിന്‍റെ ഗ്രൗണ്ടില്‍ നിന്നാണ്. കഴിഞ്ഞ കായികമേളയോടെ രാജു പോള്‍ വിരമിച്ചു. ഇതോടെ സ്‌പോര്‍ട്സ് ഹോസ്റ്റല്‍ അടച്ചുപൂട്ടാൻ മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു.

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ഇനി ജില്ലകളില്‍ ഒന്നാമതെത്തുക എറണാകുളത്തിന് അത്ര എളുപ്പമായിരിക്കില്ല. 16-ാം തീയതി മുതല്‍ കണ്ണൂരിലാണ് സംസ്ഥാന സ്‌കൂള്‍ കായികമേള. 

click me!