മില്ലി മീറ്റര്‍ വ്യത്യാസത്തില്‍ ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമായതിന് കാരണം ലോംഗ് ജംപിലെ പുതിയ സാങ്കേതികവിദ്യ

By Gopalakrishnan CFirst Published Aug 5, 2022, 6:32 PM IST
Highlights

ശ്രീശങ്കറിന്‍റെ നാലാം ശ്രമം ഫൗള്‍ വിളിച്ചതിനെച്ചൊല്ലി ചൊല്ലി   കായികപ്രേമികൾക്ക് ഇടയിൽ വലിയ സംശയം ഉയരുകയും ചെയ്തു. ഔദ്യോഗിക സംപ്രേഷണാവകാശം ഉള്ള ചാനലിന്‍റെ ദൃശ്യങ്ങളില്‍ ശ്രീശങ്കറിന്‍റെ ബൂട്ട് നിശ്ചിത ഫൗള്‍ ലൈനിന് പുറത്താണെന്ന പ്രതീതി ആണ് ഉളവായത്. എന്നാൽ ഒരു സെന്‍റിമീറ്റര്‍ വ്യത്യാസത്തില്‍ ശ്രീശങ്കറിന് പിഴവ് സംഭവിച്ചുവെന്നാണ് ഒഫീഷ്യൽസ് വിധിച്ചത്.

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച മലയാളിതാരം എം.ശ്രീശങ്കര്‍ വെള്ളി നേിടയെങ്കിലും ആരാധകരുടെ നിരാശ തലനാരിഴക്ക് സ്വര്‍ണം നഷ്ടമായതിലായിരുന്നു. കാരണം സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമിറ്ററിന്‍റെ നൂറിലൊരു അംശം മാത്രമായിരുന്നു. ഇതാണ് വെള്ളിത്തിളക്കത്തിലും ആരാധകര്‍ക്ക് നിരാശ സമ്മാനിച്ചത്.

8.08 മീറ്റർ ചാടി ശ്രീശങ്കറും ബഹാമസുകാരൻ ലാക്വാൻ നെയ്റനും ഒപ്പത്തിനൊപ്പമെത്തിയെങ്കിലും മികച്ച രണ്ടാമത്തെ ദൂരം കൂടി കണക്കാക്കി ബഹാമസ് താരത്തിന് സ്വർണം സമ്മാനിച്ചു. ശ്രീശങ്കറിന് അര്‍ഹമായ സ്വര്‍ണം അധികൃതരുടെ പിഴവിലൂടെ നിഷേധിക്കപ്പെട്ടുവെന്ന പൊതുവികാരമാണ് മത്സരം പൂര്‍ത്തിയായ ഉടനെ ഉണ്ടായത്.

ശ്രീശങ്കറിന്‍റെ നാലാം ശ്രമം ഫൗള്‍ വിളിച്ചതിനെച്ചൊല്ലി ചൊല്ലി   കായികപ്രേമികൾക്ക് ഇടയിൽ വലിയ സംശയം ഉയരുകയും ചെയ്തു. ഔദ്യോഗിക സംപ്രേഷണാവകാശം ഉള്ള ചാനലിന്‍റെ ദൃശ്യങ്ങളില്‍ ശ്രീശങ്കറിന്‍റെ ബൂട്ട് നിശ്ചിത ഫൗള്‍ ലൈനിന് പുറത്താണെന്ന പ്രതീതി ആണ് ഉളവായത്. എന്നാൽ ഒരു സെന്‍റിമീറ്റര്‍ വ്യത്യാസത്തില്‍ ശ്രീശങ്കറിന് പിഴവ് സംഭവിച്ചുവെന്നാണ് ഒഫീഷ്യൽസ് വിധിച്ചത്.

മധുരപ്രതികാരം! സ്വര്‍ണപ്പകിട്ടുള്ള വെള്ളിയുമായി വിമര്‍ശനങ്ങളെ ചാടി തോല്‍പിച്ച് എം ശ്രീശങ്കർ

ക്രിക്കറ്റ് മത്സരത്തിനിടെ ക്യാച്ച് നിയമവിധേയമായിട്ടാണോ എന്ന് പരിശോധിക്കുമ്പോള്‍ പല ആംഗിളുകളില്‍ നിന്ന് പല തരത്തില്‍ അനുഭവപ്പെടാറുണ്ട്. അതിന് സമാനമായ നിലയിലാണ് ശ്രീശങ്കറിന്‍റെ കാര്യത്തിലും പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടത്. ഒരു മില്ലിമീറ്റര്‍ വ്യത്യാസം മാത്രം എന്ന് ശ്രീശങ്കര്‍ പരിശീലകരോട് പറഞ്ഞെങ്കിലും , ഒരു സെന്‍റിമീറ്റര്‍ വ്യത്യാസം എന്നാണ് ഔദ്യോഗിക വിശദീകരണം വന്നത്.

എന്തുകൊണ്ട് ഈ വ്യത്യാസം

അത്‍‍ലറ്റിക്സ് നിയമങ്ങളില്‍ അടുത്തിടെ വരുത്തിയ ചില വ്യത്യാസമാണ് ശ്രീശങ്കറിന് സ്വര്‍ണം നഷ്ടമാക്കിയത്. മുമ്പ്  അത്‌ലറ്റുകള്‍ ചാട്ടത്തിനായി ടേക്ക് ഓഫ് ചെയ്യുന്ന ടേക്ക് ഓഫ് ബോര്‍ഡ് നിയന്ത്രിച്ചിരുന്നത് ഒഫീഷ്യലുകളായിരുന്നു.  ബോര്‍ഡിന് സമീപം ഇരിക്കുന്ന ഒഫീഷ്യല്‍ ചാട്ടം നിയമപ്രകാരമാണോ അത്ലറ്റ് ടേക്ക് ഓഫ് ബോര്‍ഡില്‍ നിന്ന് മുന്നോട്ട് കാല്‍വെച്ചോ എന്ന കാര്യങ്ങള്‍ സസൂഷ്മം നോക്കി നിയമപരമായ ചാട്ടമാണെങ്കില്‍ വെള്ളക്കൊടിയും ഫൗളാണെങ്കില്‍ ചുവന്ന കൊടിയും ഉയര്‍ത്തുന്ന സമ്പ്രദായമായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ഈ വര്‍ഷം മാര്‍ച്ചില്‍ ഒഫീഷ്യല്‍സ് നിയന്ത്രിക്കുന്നതിന് പകരം ഡിജിറ്റല്‍ ടേക് ഓഫ് ബോര്‍ഡ് അവതരിപ്പിക്കാന്‍ വേള്‍ അത്‌ലറ്റിക്സ് തീരുമാനിച്ചു. ഈ വര്‍ഷം മാര്‍ച്ചില്‍ നടന്ന വേള്‍ഡ് അത്‌ലറ്റിക്സ് ഇന്‍ഡോര്‍ ചാമ്പ്യന്‍ഷിപ്പിലാണ് ഇത് ആദ്യമായി പരീക്ഷിച്ചത്. പുതിയ സമ്പ്രദായത്തില്‍ ലേസര്‍ ബീം ഉപയോഗിച്ചാണ് അത്‌ലറ്റ് ടേക് ഓഫ് ബോര്‍ഡില്‍ നിന്ന് മുന്നോട്ട് കാല്‍വെച്ചോ എന്ന് മനസിലാക്കുന്നത്. ഇതവഴി ഒരു മില്ലി മീറ്റര്‍ കാല്‍ മുന്നോട്ടുവെച്ചാല്‍ പോലും ചാട്ടം ഫൗളായി മാറും. മാര്‍ച്ചില്‍ ഇത് ആദ്യമായി അവതരിപ്പിച്ചപ്പോള്‍ കായിക താരങ്ങള്‍ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഫൗള്‍ വിളിച്ച ശ്രീശങ്കറിന്‍റെ ചാട്ടം 8.30 മീറ്ററിന് അടുത്തായിരുന്നുവെന്നാണ് നിഗമനം. ഇന്നലെ ലോംഗ് ജംപ് മത്സരത്തില്‍ ശ്രീശങ്കറിന്‍റെ ആറാമത്തെ ചാട്ടവും ഫൗള്‍ ആയിരുന്നു. ഒടുവില്‍ അഞ്ചാം ശ്രമത്തില്‍ ശ്രീശങ്കര്‍ ചാടിയ 8.08 മീറ്റര്‍ ദൂരമാണ് മലയാളി താരത്തിന് വെള്ളി സമ്മാനിച്ചത്. ഇതേദൂരം താണ്ടിയ ബഹ്മാസിന്‍റെ ലാക്വാൻ നെയ്റന്‍ സ്വര്‍ണം നേടി. മികച്ച രണ്ടാമത്തെ ദൂരമായ 7.98 മീറ്റര്‍ ചാടിയതാണ് നെയ്റന് സ്വര്‍ണം സമ്മാനിച്ചത്. ശ്രീശങ്കറിന്‍റെ മികച്ച രണ്ടാമത്തെ ദൂരം 7.84 മീറ്ററായിരുന്നു.

click me!