കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് എം ശ്രീശങ്കർ ലോംഗ്‌ജംപില്‍ വെള്ളി നേടുകയായിരുന്നു

ബർമിംഗ്‌ഹാം: കരിയറിലെ ചെറിയ തിരിച്ചടികളിൽ പോലും ഒപ്പം നിൽക്കാതെ വിമർശിച്ചവരോടുള്ള മധുരപ്രതികാരം കൂടിയാണ് ബർമിംഗ്‌ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) ഇരുപത്തിമൂന്നുകാരൻ എം ശ്രീശങ്കർ(Murali Sreeshankar) നൽകിയത്. അച്ഛനും പരിശീലകനുമായ മുരളിക്കും വിമർശകർക്ക് മറുപടി നൽകാനായി. 

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് എം ശ്രീശങ്കർ ലോംഗ്‌ജംപില്‍ വെള്ളി നേടുകയായിരുന്നു. 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ വെള്ളി സ്വന്തമാക്കിയത്. ലോംഗ്‌ജംപില്‍ വെള്ളി നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമാണ് ശ്രീശങ്കർ. സ്വർണനേട്ടമെന്ന ചരിത്രത്തിനും ശ്രീശങ്കറിനും ഇടയിൽ വിലങ്ങുതടിയായത് സെന്‍റീമീറ്ററിന്‍റെ നൂറിലൊരംശം മാത്രം. 8.08 മീറ്റർ ചാടി ശ്രീശങ്കറും ബഹാമസുകാരൻ ലാക്വാൻ നെയ്റനും ഒപ്പത്തിനൊപ്പമെത്തി. മികച്ച രണ്ടാമത്തെ ദൂരം കൂടി കണക്കാക്കി ബഹാമസ് താരത്തിന് സ്വർണം ലഭിച്ചു.

കോമൺവെൽത്ത് ഗെയിംസിൽ ഒരിന്ത്യക്കാരന്‍റെ മികച്ച പ്രകടനത്തിലെത്തിയ എം.ശ്രീശങ്കറിന് സ്വർണത്തോളം പോന്ന വെള്ളിയായി ബര്‍മിംഗ്‌ഹാമിലെ പ്രകടനം. അഞ്ചാം അവസരത്തിലായിരുന്നു ശ്രീശങ്കറിന്‍റെ വെള്ളിത്തിളക്കമുള്ള ചാട്ടം. രണ്ട് തവണ ഫൗളായതും ശ്രീശങ്കറിന് തിരിച്ചടിയായി. ദക്ഷിണാഫ്രിക്കൻ താരം യൊവാൻ വാൻ വൂറെനാണ് വെങ്കല മെഡല്‍. ശ്രീശങ്കറിന് ഒപ്പം മത്സരിച്ച മലയാളി താരം മുഹമ്മദ് അനീസ് യഹിയ അഞ്ചാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. അവസാന അവസരത്തിൽ 7.97 മീറ്ററാണ് അനീസ് ചാടിയത്. നിലവില്‍ പുരുഷ ലോംഗ്‌ജീപില്‍ ദേശീയ റെക്കോര്‍ഡുകാരന്‍ കൂടിയാണ് എം ശ്രീശങ്കര്‍. 

കോമണ്‍വെല്‍ത്ത് ഗെയിംസ് ലോംഗ്‌ജംപില്‍ മെഡല്‍ നേടുന്ന നാലാം ഇന്ത്യന്‍ താരമാണ് എം ശ്രീശങ്കര്‍. സുരേഷ് ബാബു(1978- വെങ്കലം), അഞ്ജു ബോബി ജോര്‍ജ്(2002- വെങ്കലം), എം എ പ്രജുഷ(2010- വെള്ളി) എന്നിവരുടെ പട്ടികയിലേക്കാണ് ശ്രീശങ്കര്‍ ഇടംപിടിച്ചത്. 

CWG 2022 : ഈ 'ശ്രീ' മുത്താണ്; ചരിത്ര നേട്ടം കുറിച്ച് എം ശ്രീശങ്കർ; ലോം​ഗ്ജംപിൽ അഭിമാനമുയർത്തുന്ന വെള്ളിനേട്ടം