
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ ആധിപത്യം ഉറപ്പിച്ച് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാരായി. അത്‌ലറ്റിക്‌സിലും ഗെയിംസ് ഇനങ്ങളിലും ഒരുപോലെ മിന്നുന്ന പ്രകടനം കാഴ്ചവെച്ച തിരുവനന്തപുരം 2012 പോയിന്റ് എന്ന റെക്കോർഡ് പോയിന്റോടെയാണ് അഭിമാനകരമായ ഓവറോൾ കിരീടം സ്വന്തമാക്കിയത്.അതേസമയം, അത്‌ലറ്റിക്‌സിൽ മലപ്പുറം ജില്ലയ്ക്ക് തുടർച്ചയായ മൂന്നാം വർഷവും ഹാട്രിക് കിരീടം നേടാനായി. സ്‌കൂളുകളിൽ മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസും, സ്പോർട്സ് ഹോസ്റ്റൽ വിഭാഗത്തിൽ തിരുവനന്തപുരം ജി.വി രാജയും ചാമ്പ്യന്മാരായി. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള കൊല്ലത്ത് വെച്ച് നടത്തുമെന്ന് പുരസ്‌കാര വിതരണ വേളയിൽ പൊതുവിദ്യാഭ്യാസ മന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഗെയിംസ് മത്സരങ്ങളിലെ വൻ ആധിപത്യമാണ് തിരുവനന്തപുരത്തിന് ചരിത്രപരമായ ഓവറോൾ കിരീടം നേടിക്കൊടുത്തത്. ഓരോ ഇനത്തിലും മികച്ച പോയിന്റുകൾ ശേഖരിച്ച തിരുവനന്തപുരം എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് 2012 പോയിന്റോടെ ഓവറോൾ ചാമ്പ്യൻമാർക്കുള്ള ട്രോഫി ഏറ്റുവാങ്ങിയത്.
അത്‌ലറ്റിക്‌സ് വിഭാഗത്തിൽ 200 പോയിന്റ് കടക്കുന്ന ഏക ജില്ലയായി മാറിയാണ് മലപ്പുറം മൂന്നാം വർഷവും കിരീടത്തിൽ മുത്തമിട്ടത്. മേളയിലെ അവസാന ഇനമായ സീനിയർ ആൺകുട്ടികളുടെ 4x400 മീറ്റർ റിലേയിൽ മീറ്റ് റെക്കോർഡോടെ സ്വർണം നേടിയാണ് മലപ്പുറം നേട്ടം ആഘോഷമാക്കിയത്. കടക്കശേരി ഐഡിയൽ സ്കൂളിന്റെയും മൂന്നാം ആലത്തിയൂർ KHMH സ്കൂളിന്റെയും മികച്ച പ്രകടനമാണ് മലപ്പുറത്തിന് അത്‌ലറ്റിക്‌സ് കിരീടം കാത്തുസൂക്ഷിക്കാൻ കരുത്തായത്.