കായിക മേളക്കെത്തിയവരെയും കുട്ടിത്താരങ്ങളെയും അഭിവാദ്യം ചെയ്‌ത്‌ രാജ്യത്തിന്റെ അഭിമാന താരങ്ങള്‍

Published : Oct 31, 2026, 01:52 AM IST
ഇന്ത്യൻ അഭിമാന താരങ്ങളായ അഞ്ജു ബോബി ജോർജ്, ജോസഫ് ജെ എബ്രഹാം, ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, ഒളിമ്പ്യൻ ജിൻസൺ, ജിൻസൺ ജോൺസൺ, കുഞ്ഞുമുഹമ്മദ്, പി യു ചിത്ര, വി കെ വിസ്മയ എന്നിവർ  സംസ്ഥാന സ്കൂൾ കായികമേള വേദിയിൽ അണിനിരന്നപ്പോൾ

Synopsis

അന്താരാഷ്ട്ര കായിക മേഖലയില്‍ രാജ്യത്തിന്റെ അഭിമാനമായ നക്ഷത്രതാരങ്ങള്‍ എന്‍ ഐ ടിയിലെ സിന്തറ്റിക്‌ ട്രാക്കില്‍ ഒത്തൊരുമിച്ചപ്പോള്‍ സംസ്ഥാന കായിക മേളയില്‍ ആവേശത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു.

കോഴിക്കോട്‌: അന്താരാഷ്ട്ര കായിക മേഖലയില്‍ രാജ്യത്തിന്റെ അഭിമാനമായ നക്ഷത്രതാരങ്ങള്‍ എന്‍ ഐ ടിയിലെ സിന്തറ്റിക്‌ ട്രാക്കില്‍ ഒത്തൊരുമിച്ചപ്പോള്‍ സംസ്ഥാന കായിക മേളയില്‍ ആവേശത്തിന്റെ തിരമാലകള്‍ ആഞ്ഞടിച്ചു. അവര്‍ മേളയെയും വളർന്നുവരുന്ന കുട്ടിത്താരങ്ങളെയും അഭിവാദ്യം ചെയ്തപ്പോൾ സ്റ്റേഡിയം ആവേശക്കടലായി മാറി. ഭാവിയിലെ ചാമ്പ്യന്മാർക്ക് വലിയൊരു പ്രചോദനവും ഊർജ്ജവും പകരുന്നതായിരുന്നു കായികലോകത്തെ പ്രമുഖരുടെ സാന്നിധ്യം.

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരവും ഖേൽരത്‌ന-പദ്മശ്രീ പുരസ്‌കാര ജേതാവുമായ അഞ്ജു ബോബി ജോർജ്, ഇന്ത്യൻ ഹോക്കിയുടെ 'ദി ഗ്രേറ്റ് വാൾ' എന്നറിയപ്പെടുന്ന പാരീസ്-ടോക്കിയോ ഒളിമ്പിക്‌സ് മെഡലിസ്റ്റ് പി.ആർ. ശ്രീജേഷ് എന്നിവർക്കൊപ്പം 400 മീറ്റർ ഹർഡിൽസിൽ ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യൻ പുരുഷ താരമായ ജോസഫ് ജെ. എബ്രഹാം, 800, 1500 മീറ്ററുകളിലെ ഏഷ്യൻ ഗെയിംസ് ചാമ്പ്യനായ ഒളിമ്പ്യൻ ജിൻസൺ ജോൺസൺ എന്നിവരും ആവേശനിമിഷങ്ങൾക്ക് സാക്ഷിയാകാൻ ഒന്നിച്ചെത്തി.

ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ സ്വർണ്ണനേട്ടങ്ങളിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ 'പാലക്കാടൻ കാറ്റ്' പി.യു. ചിത്ര, 4×400 മീറ്റർ റിലേയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പ് സ്വർണ്ണമെഡൽ ജേതാവും ഒളിമ്പ്യനുമായ കുഞ്ഞുമുഹമ്മദ്, ഏഷ്യൻ ഗെയിംസ് റിലേ സ്വർണ്ണമെഡൽ ജേതാവായ വി.കെ. വിസ്മയ എന്നിവരും കുട്ടിത്താരങ്ങൾക്ക് നവവഴികൾ കാട്ടിക്കൊണ്ട് വേദിയിൽ അണിനിരന്നു. തങ്ങളുടെ കായിക ജീവിതത്തിലെ പോരാട്ടവീര്യവും അനുഭവസമ്പത്തും ഓർമ്മിപ്പിച്ചുകൊണ്ടാണ് അഭിമാന താരങ്ങൾ മേളയ്ക്കും അതിൽ പങ്കെടുക്കുന്ന നവാഗത കായികപ്രതിഭകൾക്കും ആശംസകൾ നേർന്നത്.

നിശ്ചയദാർഢ്യവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ലോകത്തിന്റെ ഉച്ചകോടിയിൽ എത്താൻ ഏതൊരു കായികതാരത്തിനും സാധിക്കുമെന്ന വലിയ സന്ദേശം നൽകിയ നിമിഷം, സംസ്ഥാന സ്‌കൂൾ കായികമേളയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മനോഹരമായ ഏടുകളിലൊന്നായി മാറി.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഉറപ്പിച്ച്‌ തിരുവനന്തപുരം, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന്റെ കുതിപ്പ്‌, സ്‌കൂളുകളില്‍ ഐഡിയല്‍ മുന്നില്‍
2019ന്‌ ശേഷം ആദ്യമായി പത്തനംതിട്ടക്ക്‌ സ്വര്‍ണം, ചേട്ടന്റെ ജഴ്‌സിയിട്ട്‌ കോശിയെറിഞ്ഞപ്പോള്‍ ഒന്നല്ല രണ്ട്‌ മെഡല്‍!