ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഉറപ്പിച്ച്‌ തിരുവനന്തപുരം, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന്റെ കുതിപ്പ്‌, സ്‌കൂളുകളില്‍ ഐഡിയല്‍ മുന്നില്‍

Published : Oct 31, 2026, 01:15 AM IST
സംസ്ഥാന സ്കൂൾ കായികമേള  സീനിയർ വിഭാഗം ഹർഡിൽസ്  മത്സരത്തിൽ നിന്ന്

Synopsis

68 മത്‌ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഞ്ചാം ദിനത്തിലെ മത്സരങ്ങൾ പൂര്‍ത്തിയായപ്പോള്‍ ഓവറോൾ പോയിന്റ് പട്ടികയിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. തൃശൂർ രണ്ടാമതും മലപ്പുറം മൂന്നാം സ്ഥാനത്തും പോരാട്ടം തുടരുന്നു.

കോഴിക്കോട്‌: 68 മത്‌ സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ അഞ്ചാം ദിനത്തിലെ മത്സരങ്ങൾ പൂര്‍ത്തിയായപ്പോള്‍ ഓവറോൾ പോയിന്റ് പട്ടികയിൽ തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. മത്സരങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് അടുക്കുമ്പോൾ തിരുവനന്തപുരത്തിന്‌ 2004.3 പോയിന്റുണ്ട്‌. തൃശൂർ 951.3 പോയിന്റുമായി രണ്ടാമതും 887.3 പോയിന്റുമായി മലപ്പുറവും ഇഞ്ചോടിച്ച് പോരാട്ടത്തിലാണ്. കണ്ണൂരും കോഴിക്കോടും നാലും അഞ്ചും സ്ഥാനങ്ങളിൽ പോരാട്ടം തുടരുകയാണ്.

അത്‌ലറ്റിക്‌സില്‍ മലപ്പുറം മുന്നിൽ

അത്‌ലറ്റിക്‌സില്‍ മികച്ച ജില്ലയായി 168.333 പോയിന്റോടെ മലപ്പുറമാണ് നിലവില്‍ മുന്നില്‍. 128.5 പോയിന്റുമായി പാലക്കാട് രണ്ടാമതും, 88 പോയിന്റോടെ തിരുവനന്തപുരവും 76 പോയിന്റുമായി ആലപ്പുഴയും ശക്തമായ പോരാട്ടത്തോടെ പിന്നിലുണ്ട്. 62 പോയിന്റുമായി ആതിഥേയരായ കോഴിക്കോട് ജില്ല മികച്ച പ്രകടനവുമായി മുന്നേറുകയാണ്.

സ്‌കൂള്‍ തലത്തിലുള്ള അതിലറ്റിക്സ് പോരാട്ടത്തില്‍ 71.333 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍, വി.എം.എച്ച്.എസ്.എസ് വടവന്നൂരും കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂരും 34,30 പോയിന്റുകളോടെ അടുത്ത സ്ഥാനങ്ങളില്‍ കനത്ത മത്സരമുയര്‍ത്തുന്നുണ്ട്.

അഞ്ച് ദിനം അഞ്ച് റെക്കോർഡ്

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ അഞ്ച് ദിനങ്ങളിൽ അഞ്ച് മീറ്റ് റെക്കോർഡുകൾ പിറന്നു. ഇന്നത്തെ മത്സരങ്ങൾ ആവേശത്തോടെ അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപാണ് അഞ്ചാമത്തെ മീറ്റ് റെക്കോർഡ് പിറന്നത്. 400മീറ്റർ ജൂനിയർ വിഭാഗം ഹഡിൽസിൽ ജി.വി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കാരിക്കനാണ് 2025ൽ നേടിയ സ്വന്തം റെക്കോർഡ് 52.44 സെക്കൻഡിൽ മറികടന്ന് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചത്.

സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോർഡ് സ്ഥാപിച്ചു. 2018-ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ മീറ്റ് റെക്കോർഡാണ് മറികടന്നത്. ജൂനിയർ ബോയ്സ് ലോങ്ജംമ്പിൽ കോട്ടയം ജില്ലയിലെ വിഷ്ണു യാദവ് 7.31 മീറ്റർ ചാടി റെക്കോർഡ് സ്വന്തമാക്കി. 2017-ൽ കെ എം ശ്രീകാന്ത് കുറിച്ച 7.05 മീറ്റർ മീറ്റ് റെക്കോർഡ് ആണ് മറികടന്നത്. സീനിയർ ബോയ്സ് 100 മീറ്ററിൽ ആലപ്പുഴ ജില്ലയിലെ അതുൽ ടി എം 10.63 സെക്കൻഡിൽ ഓടിയെത്തി പുതിയ റെക്കോർഡിട്ടു. 2011-ൽ ജിജിൻ വിജയൻ സ്ഥാപിച്ച 10.70 സെക്കൻഡാണ് മറികടന്നത്. ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ശ്രീഹരി കരിക്കൻ 47.84 സെക്കൻഡിൽ റെക്കോർഡ് സ്ഥാപിച്ചു. 2017-ൽ അഭിഷേക് മാത്യു കുറിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് തിരുത്തിയത്.

മുഖ്യമന്ത്രിയുടെ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി 14 ജില്ലകളിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമെത്തിയ ആയിരക്കണക്കിന് കായികതാരങ്ങളാണ് മേളയുടെ ആവേശം വാനോളമുയർത്തുന്നത്. വ്യക്തിഗത മികവിനൊപ്പം ജില്ലകൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടവും മേളയെ കൂടുതൽ ആവേശകരമാക്കുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

കായിക മേളക്കെത്തിയവരെയും കുട്ടിത്താരങ്ങളെയും അഭിവാദ്യം ചെയ്‌ത്‌ രാജ്യത്തിന്റെ അഭിമാന താരങ്ങള്‍
2019ന്‌ ശേഷം ആദ്യമായി പത്തനംതിട്ടക്ക്‌ സ്വര്‍ണം, ചേട്ടന്റെ ജഴ്‌സിയിട്ട്‌ കോശിയെറിഞ്ഞപ്പോള്‍ ഒന്നല്ല രണ്ട്‌ മെഡല്‍!