
തിരുവനന്തപുരം: അന്ധതയെ മറികടന്ന് കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കി തിരുവനന്തപുരം തിരുമല സ്വദേശി അഖിൽ വിനയ്. നാല് വർഷത്തെ കഠിന പരിശ്രമത്തിനോടുവിലാണ് ഈ അപൂർവ്വനേട്ടം കൈവരിച്ചത്.
അന്ധതയോട് തോറ്റുകോടുക്കാൻ അഖിൽ തയാറായിരുന്നില്ല. ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ പൂർണ്ണ പിന്തുണ. പഠിച്ചുതുടങ്ങിയപ്പോൾ ധാരാളം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. എന്നാൽ അന്ധത മൂലമുണ്ടായ അത്തരം പ്രശ്നങ്ങളെ കേൾവി ശക്തി ഉപയോഗിച്ച് മറികടന്നു.
അന്ധത ഒരു കുറവല്ലെന്നാണ് അഖിലിന് പറയാനുള്ളത്. ഒറ്റപെടുത്താതെ കൂടെനിർത്തിയാൽ അവർക്കും നിരവധി അത്ഭുതങ്ങൾ സൃഷ്ടിക്കാം.സംഗീത അധ്യാപകൻ കൂടിയായ ഈ 24 കാരൻ കരാട്ടക്കും തുല്യ പ്രാധാന്യം നൽകുന്നു. കൂടിയ റാങ്കുകൾ ലക്ഷ്യമാക്കിയുള്ള പരിശ്രമം തുടരാനാണ് തീരുമാനം.