അച്ഛനുപേക്ഷിച്ചു, ടയർ ഫാക്‌ടറിയിൽ ജോലി ചെയ്‌ത് അമ്മ വളര്‍ത്തി; നേഹ ഗോയല്‍ ഒളിംപിക്‌സിനെത്തിയത് കണ്ണുനനയ്ക്കും

By Web TeamFirst Published Jul 26, 2021, 2:17 PM IST
Highlights

മദ്യപിച്ചെത്തി അമ്മയെ തല്ലുന്നതാണ് അച്ഛനെ കുറിച്ച് നേഹയ്‌ക്ക് ആകെയുള്ള ഓർമ്മ. അച്ഛനുപേക്ഷിച്ചപ്പോഴും ടയർ ഫാക്‌ടറിയിൽ ജോലി ചെയ്‌താണ് നേഹയെ അമ്മ വളർത്തിയത്. 

ടോക്കിയോ: വീടിനേക്കാൾ സുരക്ഷിതം ഗ്രൗണ്ടായത് കൊണ്ട് ഹോക്കി കളിച്ചു തുടങ്ങിയ താരമാണ് ഇന്ത്യൻ വനിത ടീമിലെ മിഡ്ഫീൽഡർ നേഹ ഗോയൽ. അച്ഛനുപേക്ഷിച്ചപ്പോഴും ടയർ ഫാക്‌ടറിയിൽ ജോലി ചെയ്‌ത് നേഹയെ അമ്മ വളർത്തി. ടോക്കിയോ ഒളിംപിക്‌സിൽ നേഹ കളിക്കുമ്പോൾ ജയം ആ അമ്മയുടേതാണ്.

നേഹ ഗോയലിനെ ഹോക്കി കളിക്കാൻ ഗ്രൗണ്ടിലേക്കയക്കുമ്പോൾ ഒളിംപിക്‌സ് എന്താണെന്ന് പോലും അമ്മ സാവിത്രിക്ക് അറിയില്ലായിരുന്നു. എന്നും കള്ളുകുടിച്ചു വന്ന് ഭർത്താവുണ്ടാക്കുന്ന ബഹളത്തിൽ നിന്ന് ഇളയ മകളെങ്കിലും രക്ഷപെടട്ടെ എന്ന് മാത്രമാണ് അവര്‍ ഓർത്തത്. അതുകൊണ്ട് ഹോക്കി കളിക്കണമെന്ന നേഹയുടെ ആഗ്രഹത്തിന് അവർ തടസം നിന്നില്ല. ടയറ് കമ്പനിയിൽ പണിയെടുത്തു കിട്ടുന്ന 40 രൂപയിൽ ഒരു പങ്ക് അതിനായി മാറ്റി വച്ചു.      

മദ്യപിച്ചെത്തി അമ്മയെ തല്ലുന്നതാണ് അച്ഛനെ കുറിച്ച് നേഹയ്‌ക്ക് ആകെയുള്ള ഓർമ്മ. രണ്ട് ചേച്ചിമാർക്കൊപ്പം തന്നെയും ഉറങ്ങാൻ കിടത്തിയിട്ട് വീണ്ടും ടയറു പണിയെടുക്കുന്ന അമ്മയുടെ കഷ്‌ടപ്പാട് കണ്ട് ഹോക്കി ഉപേക്ഷിക്കാൻ ഒരുങ്ങിയതാണ്. എന്നാല്‍ ഭോപാലിൽ നടന്ന ഒരു മത്സരത്തിൽ ആദ്യമായി കിട്ടിയ 2000 രൂപ ധൈര്യമായി. ഹോക്കി കൊണ്ട് കുടുംബം നോക്കാൻ കഴിയുമെന്ന് അന്നാദ്യമായി തോന്നി. പിന്നീട് സംശയിക്കാൻ നേരമില്ലായിരുന്നു. പരിക്ക് പറ്റിയപ്പോഴും കളി നിർത്തല്ലേ എന്ന് മാത്രമാണ് നേഹയോട് അമ്മ പറഞ്ഞത്.

'വലിയ സങ്കടമായിരുന്നു അമ്മ കഷ്‌ടപ്പെടുന്നത്. രാത്രി എല്ലാവരും ഉറങ്ങിയാലും അമ്മ പണിയെടുക്കും. പുലർച്ചെ വീണ്ടും തുടങ്ങും. നീ ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കണമെന്ന് പറഞ്ഞ് അമ്മ തന്ന ഊർജ്ജത്തിലാണ് ‍മുന്നോട്ടുപോയത്' എന്ന് പറയുന്നു നേഹ ഗോയൽ. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

 

click me!