ഒളിംപിക്സ് വനിതാ ഹോക്കി: വെങ്കല മെഡല്‍ പോരാട്ടത്തിലും ഇന്ത്യക്ക് കരുത്തുറ്റ എതിരാളി

By Web TeamFirst Published Aug 4, 2021, 8:55 PM IST
Highlights

സെമിയില്‍ അര്‍ജന്റീനയോട് തോറ്റെങ്കിലും അവസാനം വരെ പൊരുതിയ ഇന്ത്യ 2-1ന്‍റെ തോല്‍വി മാത്രമാണ് വഴങ്ങിയത്. വമ്പന്‍ തോല്‍വിക്ക് ശേഷമെത്തുന്ന ബ്രിട്ടനേക്കാള്‍ ആത്മവിശ്വാസത്തിലാകും ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തിനിറങ്ങുകയെന്നുറപ്പ്.

ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ചരിത്രനേട്ടവുമായി സെമിയിലെത്തുകയും സെമിയില്‍ അര്‍ജന്‍റീനയോട് പൊരുതി വീഴുകയും ചെയ്ത ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വെങ്കല മെഡല്‍ പോരാട്ടത്തില്‍ നേരിടേണ്ടത് നിലവിലെ ചാമ്പ്യന്‍മാരായ ബ്രിട്ടനെ. നെതര്‍ലന്‍ഡ്സിനോട് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ന്നടിഞ്ഞാണ് ബ്രിട്ടന്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങുന്നത്.

 ഗ്രൂപ്പ് ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റു മുട്ടിയപ്പോള്‍ ഇന്ത്യ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റിരുന്നു. ക്വാര്‍ട്ടറില്‍ സ്പെയിനിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ബ്രിട്ടന്‍ സെമിയിലെത്തിയത്. സെമിയില്‍ ഹോളണ്ടിന് മുന്നില്‍ അടിതെറ്റി.

Also Read:മെഡലുമായി മടങ്ങിയാല്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന് വമ്പന്‍ സമ്മാനം പ്രഖ്യാപിച്ച് ഗുജറാത്തിലെ രത്ന വ്യാപാരി

എന്നാല്‍ കരുത്തരായ ഓസ്ട്രേലിയയെ അട്ടിമറിച്ചാണ് ഇന്ത്യന്‍ വനിതകള്‍ ചരിത്രത്തിലാദ്യമായി സെമിയിലെത്തിയത്. സെമിയില്‍ അര്‍ജന്റീനയോട് തോറ്റെങ്കിലും അവസാനം വരെ പൊരുതിയ ഇന്ത്യ 2-1ന്‍റെ തോല്‍വി മാത്രമാണ് വഴങ്ങിയത്. വമ്പന്‍ തോല്‍വിക്ക് ശേഷമെത്തുന്ന ബ്രിട്ടനേക്കാള്‍ ആത്മവിശ്വാസത്തിലാകും ഇന്ത്യ വെങ്കല മെഡല്‍ പോരാട്ടത്തിനിറങ്ങുകയെന്നുറപ്പ്.

ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട ഇന്ത്യന്‍ പെണ്‍പടയെ ആവില്ല വെങ്കല പോരാട്ടത്തില്‍ ബ്രിട്ടന് നേരിടേണ്ടിവരിക. വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴ് മണിക്കാണ് വെങ്കല പോരാട്ടം.     

click me!