പ്രീക്വാർട്ടർ ഉറപ്പിച്ച റയൽ മാഡ്രിഡും ഇന്‍റർ മിലാനും ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനത്തിനായാണ് പൊരുതുന്നത്

ലൈപ്സിഷ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ (UEFA Champions League) അവസാന ഗ്രൂപ്പ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. മാഞ്ചസ്റ്റർ സിറ്റി (Manchester City), പിഎസ്‌ജി (PSG), റയൽ മാഡ്രിഡ് (Real Madrid), ലിവർപൂൾ (Liverpool) ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. 

ഗ്രൂപ്പ് എയിൽ നിന്ന് നോക്കൗട്ട് ഉറപ്പിച്ച മാഞ്ചസ്റ്റർ സിറ്റിക്ക്, ആർ ബി ലൈപ്സിഷും പിഎസ്‌ജിക്ക്, ക്ലബ് ബ്രൂഗെയുമാണ് എതിരാളികൾ. രണ്ട് കളിയും രാത്രി പതിനൊന്നേകാലിനാണ്. അഞ്ച് കളിയിൽ നാലിലും ജയിച്ച സിറ്റി 12 പോയിന്‍റുമായി ഒന്നും എട്ട് പോയിന്‍റുള്ള പിഎസ്‌ജി രണ്ടും സ്ഥാനത്ത്. നെയ്‌മർ പരിക്കേറ്റ് പുറത്തായതിനാൽ ലിയോണല്‍ മെസി, കിലിയന്‍ എംബാപ്പേ കൂട്ടുകെട്ടിലാണ് പിഎഎസ്‌ജിയുടെ പ്രതീക്ഷ. പരിക്ക് മാറാത്ത സെർജിയോ റാമോസും പിഎഎസ്‌ജി നിരയിലുണ്ടാവില്ല. 

അട്ടിമറി ജയം നേടിയാലും ലൈപ്സിഷിനും ബ്രൂഗെയ്ക്കും രക്ഷയില്ല. ഗ്രൂപ്പ് ബിയിൽ രണ്ടാം സ്ഥാനത്തിനായി പൊരുതുന്ന അത്‍ലറ്റിക്കോ മാഡ്രിഡ് എഫ്‌സി പോർട്ടോയുമായി ഏറ്റുമുട്ടും. തോൽക്കുന്നവരുടെ നോക്കൗട്ട് പ്രതീക്ഷ അവസാനിക്കും. പോർട്ടോയ്ക്ക് അഞ്ചും അത്‍‍ലറ്റിക്കോ മാഡ്രിഡിനും എ സി മിലാനും നാല് പോയിന്‍റ് വീതവുമാണുള്ളത്. 

12 പോയിന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ലിവർ‍പൂളിന് മിലാനാണ് എതിരാളികൾ. നോക്കൗട്ട് ഉറപ്പിച്ച ലിവർപൂളിനെ വീഴ്ത്തിയാൽ മിലാനും പ്രതീക്ഷയാകും. പ്രീക്വാർട്ടർ ഉറപ്പിച്ച റയൽ മാഡ്രിഡും ഇന്‍റർ മിലാനും ഗ്രൂപ്പ് ഡിയിലെ ഒന്നാം സ്ഥാനത്തിനായാണ് പൊരുതുന്നത്. 12 പോയിന്‍റുമായി റയൽ ഒന്നും പത്തു പോയിന്‍റുമായി ഇന്‍റര്‍ രണ്ടും സ്ഥാനങ്ങളിൽ. പരിക്കേറ്റ കരീം ബെൻസേമയുടെ അഭാവം റയലിന് കനത്ത തിരിച്ചടിയാവും. 

ഷെറിഫ്, ഷക്താർ ഡോണിയസ്‌ക് മത്സരം അപ്രസക്തം. ഗ്രൂപ്പ് സിയിൽ അയാക്സിന് സ്പോട്ടിംഗും ബൊറൂസ്യ ഡോർട്ട്മുണ്ടിന് ബെസിക്താസുമാണ് എതിരാളികൾ. അയാക്സ് നോക്കൗട്ടിൽ സ്ഥാനം സുരക്ഷിതമാക്കിയതിനാൽ രണ്ടാം സ്ഥാനത്തിനായി പൊരുതുന്നത് സ്പോർട്ടിംഗും ഡോർട്ട്മുണ്ടും. എല്ലാ മത്സരങ്ങളും രാത്രി ഒന്നരയ്ക്ക് ആരംഭിക്കും.

Scroll to load tweet…

EPL : ഇഞ്ചുറിടൈം ഗോളില്‍ ആഴ്‌സനലിനെ വീഴ്‌ത്തി എവേര്‍ട്ടണ്‍