Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ തങ്കം! ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്ര സ്വർണമണിഞ്ഞ് നീരജ് ചോപ്ര

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ പാറിപ്പറന്ന് ഇന്ത്യയുടെ ത്രിവർണ പതാക, പുരുഷ ജാവലിന്‍ താരം നീരജ് ചോപ്രക്ക് സ്വർണം, ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍

Neeraj Chopra win gold in World Athletics Championships 2023 with record jje
Author
First Published Aug 28, 2023, 1:01 AM IST

ബുഡാപെസ്റ്റ്: ഇത് ചരിത്രം, ചന്ദ്രന്‍ കീഴടക്കിയ ഇന്ത്യയുടെ ലോകം കീഴടക്കിയ അത്‍ലറ്റായി പുരുഷ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര. ഒളിംപിക്സിന് പിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യന്‍ പതാക ഉയരങ്ങളില്‍ പാറിച്ച് ചോപ്ര സ്വർണ മെഡല്‍ അണിഞ്ഞു. ബുഡാപെസ്റ്റിലെ ലോക മീറ്റില്‍ 88.17 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്രയുടെ സ്വർണ നേട്ടം. മെഡല്‍ നേട്ടത്തോടെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി നീരജ് ചോപ്ര റെക്കോർഡ് ബുക്കില്‍ പേരെഴുതി. ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്രയുടെ രണ്ടാം മെഡലാണിത്. കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി നേടിയിരുന്നു. 

പാകിസ്ഥാന് വെള്ളി

ബുഡാപെസ്റ്റ് ഫൈനലില്‍ ഇറങ്ങിയ നീരജ് ചോപ്ര നിരാശയോടെയാണ് അങ്കം തുടങ്ങിയത്. ചോപ്രയുടെ ആദ്യ ശ്രമം ഫൗളായി. എന്നാല്‍ അടുത്ത ശ്രമത്തില്‍ 88.17 മീറ്ററുമായി നീരജ് ഏറ്റവും മുന്നിലെത്തി. 87.82 മീറ്ററുമായി പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം, നീരജിന് കനത്ത വെല്ലുവിളിയുയർത്തി. മൂന്നാം ശ്രമത്തില്‍ 86.32ലെത്താനേ നീരജിനായുള്ളൂ. 84.64, 87.73, 83.98 എന്നിങ്ങനെയാണ് പിന്നീടുള്ള ശ്രമങ്ങളില്‍ നീരജ് പിന്നിട്ട ദൂരം. എന്നാല്‍ തന്‍റെ രണ്ടാം ശ്രമം കൊണ്ടുതന്നെ നീരജ് ചോപ്ര സ്വർണം ഉറപ്പിച്ചിരുന്നു. കടുത്ത മത്സരം കാഴ്ചവെച്ച പാകിസ്ഥാന്‍റെ അർഷാദ് നദീം(87.82 മീറ്റർ) വെള്ളി സ്വന്തമാക്കി. 86.67 മീറ്ററുമായി ചെക് താരം യാകൂബിനാണ് വെങ്കലം. ജര്‍മ്മനിയുടെ ജൂലിയന്‍ വെബര്‍ക്ക് ചാമ്പ്യന്‍ഷിപ്പ് ഒരിക്കല്‍ക്കൂടി കനത്ത തിരിച്ചടിയായി. 90 മീറ്റർ കണ്ടെത്താന്‍ കഴിയാതിരുന്നത് മാത്രമാണ് നീരജിന് നിരാശയായത്. 

വെള്ളിയില്‍ നിന്ന് സ്വർണത്തിലേക്ക്

ഇത്തവണ യോഗ്യതാ റൗണ്ടില്‍ 88.77 മീറ്റർ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര ഫൈനലിനെത്തിയത്. കഴിഞ്ഞ വര്‍ഷത്തെ ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വെള്ളി മെഡല്‍ നേടിയിരുന്നു. ഒറിഗോണില്‍ 88.13 ദൂരം കണ്ടെത്തിയായിരുന്നു വെള്ളിത്തിളക്കം. ഇനിയുമേറെ മെഡലുകള്‍ രാജ്യം 25 വയസുകാരനായ നീരജ് ചോപ്രയില്‍ നിന്ന് പ്രതീക്ഷിക്കുന്നു. പാരിസ് ഒളിംപിക്‌സിന് ഇതിനകം നീരജ് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios