ലോക അത്‍ലറ്റിക്‌സ്: ജിന്‍സണ്‍ ജോണ്‍സണ് നിരാശ; കെ ടി ഇര്‍ഫാന്‍ ഇന്നിറങ്ങും

By Web TeamFirst Published Oct 4, 2019, 8:21 AM IST
Highlights

രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ജിൻസണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. മൂന്ന് മിനിറ്റ് 39. 86 സെക്കൻഡിലാണ് ജിൻസൺ മത്സരം പൂർത്തിയാക്കിയത്.

ദോഹ: ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ 1500 മീറ്ററിൽ മലയാളി താരം ജിൻസൺ ജോൺസൺ സെമി എത്താതെ പുറത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ജിൻസണ് പത്താം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ കഴിഞ്ഞുള്ളൂ. മൂന്ന് മിനിറ്റ് 39. 86 സെക്കൻഡിലാണ് ജിൻസൺ മത്സരം പൂർത്തിയാക്കിയത്. അവസാന ലാപ്പിലാണ് ഏഷ്യൻ ചാമ്പ്യനായ ജിൻസൺ പിന്നോട്ടുപോയത്. ഹീറ്റ്സിലെ ആദ്യ ആറ് സ്ഥാനക്കാരാണ് സെമിയിലേക്ക് യോഗ്യത നേടുക.

പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ ഇന്ത്യയുടെ തേജീന്ദർപാൽ സിംഗിനും ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. 20.43 മീറ്റർ ദൂരത്തോടെ സീസണിലെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും യോഗ്യത ഗ്രൂപ്പിൽ എട്ടാം സ്ഥാനത്ത് എത്താനേ തേജീന്ദർപാലിന് കഴിഞ്ഞുള്ളൂ. ആദ്യ ശ്രമത്തിലാണ് തേജീന്ദർപാൽ 20. 43 മീറ്റർ ദൂരം കണ്ടെത്തിയത്. രണ്ടാംശ്രമം ഫൗളായപ്പോൾ മൂന്നാം ഊഴത്തിൽ 19.55 മീറ്റർ ദൂരം കണ്ടെത്താനേ ഇന്ത്യൻ താരത്തിന് കഴിഞ്ഞുള്ളൂ. 

ചാമ്പ്യൻഷിപ്പിൽ മലയാളിതാരം കെ ടി ഇർഫാൻ ഇന്നിറങ്ങും. 20 കിലോമീറ്റർ നടത്തത്തിലാണ് ഇർഫാൻ മത്സരിക്കുന്നത്. ഇന്ത്യയുടെ ദേവീന്ദർ സിംഗും ഇർഫാനൊപ്പം മത്സരത്തിനുണ്ട്. ആകെ 54 താരങ്ങളാണ് 20 കിലോമീറ്റർ നടത്ത മത്സരത്തിൽ പങ്കെടുക്കുന്നത്. പുലർച്ചെ രണ്ട് മണിക്കാണ് മത്സരം തുടങ്ങുക.

click me!