ബം​ഗാൾ തെരഞ്ഞെടുപ്പ് നാല് ഘട്ടങ്ങൾ പൂർണ്ണം; 135 ൽ 92 ലും ബിജെപി മുന്നിലെന്ന് അമിത് ഷാ

By Web TeamFirst Published Apr 13, 2021, 12:56 PM IST
Highlights

ശ്ചിമബം​ഗാളിൽ ഇതുവരെ നാലുഘട്ടങ്ങൾ പൂർത്തിയായി. അഞ്ചാം ഘട്ടത്തിന് മുന്നോടിയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. 
 

കൊൽക്കത്ത: പശ്ചിമബം​ഗാൾ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം പൂർത്തിയായ സാഹചര്യത്തിൽ വൻവിജയപ്രതീക്ഷ പങ്കുവച്ച് ബിജെപി. 135 സീറ്റുകളിൽ 92 ലും തങ്ങളാണ് മുന്നിലെന്ന് ബിജെപിയുടെ അവകാശ വാദം. പാർട്ടിക്ക് 200 ലധികം സീറ്റുകൾ കൈമാറുന്ന മമത ബാനർജിക്ക് ഉചിതമായ യാത്രയയപ്പ് നൽകണമെന്നും അമിത് ഷാ ജനങ്ങളോട് പരിഹാസ രൂപേണ ആവശ്യപ്പെട്ടു. പശ്ചിമബം​ഗാളിൽ ഇതുവരെ നാലുഘട്ടങ്ങൾ പൂർത്തിയായി. അഞ്ചാം ഘട്ടത്തിന് മുന്നോടിയായി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. 

''മമത ബാനർജി വലിയ നേതാവാണ്. 294 അം​ഗ നിയമസഭയിൽ 200 ലധികം സീറ്റുകൾ ബിജെപി നേടിയെന്ന് ഉറപ്പ് വരുത്തി ജനങ്ങൾ വലിയ യാത്രയയപ്പ് തന്നെ മമതയ്ക്ക് നൽകണം.'' അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രസം​ഗങ്ങളിലെല്ലാം ബം​ഗാളിന്റെ പേരിനേക്കാൾ കൂടുതൽ മമത ബാനർജി പരാമർശിച്ചത് തന്റെ പേരാണെന്നും അമിത് ഷാ പരിഹസിച്ചു. സംസ്ഥാനത്തെക്കുറിച്ച് കൂടുതൽ സംസാരിച്ചിരുന്നെങ്കിൽ തെരഞ്ഞെടുപ്പിൽ ജയിക്കാൻ അവസരം ലഭിക്കുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ഏപ്രിൽ 10 ന് നടന്ന നാലാംഘട്ട തെരഞ്ഞെടുപ്പിൽ സീതാൽകുച്ചിയിൽ ഉണ്ടായ വെടിവെയ്പിൽ നാലുപേർ മരിച്ച സംഭവം വളരെ ദുഖകരമായി എന്നും ഷാ പറഞ്ഞു. ഈ നാലുപേരുടം മരണത്തെ  അപലപിച്ച മമതബാനർജി, ബിജെപി പ്രവർത്തകനായ ആനന്ദ് ബർമാന്റെ പേര് ഒരിടത്തും പറഞ്ഞില്ല. അന്നേ ദിവസം സീതാൽകുച്ചിയിൽ ആനന്ദ് ബർമാനെ അക്രമികൾ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. മമതയുടെ വോട്ട് ബാങ്കല്ലാത്ത രാജ്ബം​ഗി സമുദായത്തിൽ നിന്നുള്ള വ്യക്തിയായത് കൊണ്ടാണ്  ഇപ്രകാരം പെരുമാറിയതെന്നും അമിത് ഷാ വിമർശിച്ചു. അദ്ദേഹത്തിന്റെ മരണത്തിൽ അന്വേഷണം പുറപ്പെടുവിക്കുകയും ചെയ്തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി.  

click me!