എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല. 

തിരുവനന്തപുരം: കേരളത്തിൽ നിന്ന് ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾക്ക് ട്രെയിനുകളിൽ പ്രത്യേക കോച്ച് അനുവദിക്കണമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് റെയിൽവേ ബോർഡ് ചെയർമാന് കത്തയയ്ക്കുകയും ചെയ്തു. നിലവിൽ ദേശീയ മത്സരങ്ങൾക്ക് പോകുന്ന കായിക താരങ്ങൾ ട്രെയിൻ യാത്രയ്ക്ക് ഏറെ പ്രയാസപ്പെടുകയാണ്. എമർജൻസി ക്വാട്ടയിൽ അപേക്ഷ നൽകിയാലും മുഴുവൻ പേർക്കും റിസർവേഷൻ ലഭിക്കാത്ത നിലയുണ്ട്. ദേശീയ മത്സരങ്ങളുടെ ഷെഡ്യൂൾ നേരത്തേ നിശ്ചയിക്കാൻ കഴിയാറില്ല. അതുകൊണ്ടു തന്നെ നേരത്തേ റിസർവേഷൻ നടത്താൻ സാധിക്കുന്നില്ല. 

അടിയന്തിര സാഹചര്യങ്ങളിൽ കായികതാരങ്ങൾക്ക് യാത്രയ്ക്ക് പ്രത്യേക കോച്ച് അനുവദിക്കുകയും എമർജൻസി ക്വാട്ടയിൽ പരമാവധി റിസർവേഷൻ ലഭ്യമാക്കുകയും വേണം. ഇക്കാര്യത്തിൽ റെയിൽവേ അടിയന്തിരമായി ഇടപെടണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടു. യാത്ര ചെയ്യാൻ റിസര്‍വേഷൻ ടിക്കറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കേരള സ്കൂള്‍ ബാഡ്മിന്‍റ ടീമിന്‍റെ യാത്ര പ്രതിസന്ധിയ പുറത്തുവന്നിരുന്നു. ടിക്കറ്റ് കിട്ടാതെ 20 താരങ്ങളും ടീം ഒഫീഷ്യല്‍സും എറണാകുളം റെയില്‍വെ സ്റ്റേഷനിൽ കാത്തു നില്‍ക്കുകയാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും അടങ്ങുന്ന 20ഓളം പേരാണ് ദേശീയ സ്കൂള്‍ ബാഡ്മിന്‍റണ്‍ മത്സരത്തിൽ പങ്കെടുക്കുന്നതിനായി പോകുന്നത്. 

ഈ മാസം 17ന് ഭോപ്പാലിൽ വെച്ചാണ് ദേശീയ സ്കൂള്‍ ബാഡ്മിന്‍റണ്‍ മത്സരം. സൂചികുത്താനിടമില്ലാത്ത ജനറല്‍ കംപാര്‍ട്ട്മെന്‍റുകളിൽ കുട്ടികളെ കൊണ്ടുപോകുന്നത് സുരക്ഷിതവുമല്ല. വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പോ സ്പോര്‍ട്സ് വകുപ്പോ ബന്ധപ്പെട്ടിട്ടില്ലെന്ന് അധ്യാപകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ വാര്‍ത്താ കുറിപ്പ്. വിഷയത്തിൽ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് യാത്രാസൗകര്യം ഒരുക്കി നൽകിയില്ലെങ്കില്‍ താരങ്ങള്‍ക്ക് ദേശീയ ചാംപ്യന്‍ഷിപ്പിന് പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാകുക. സംസ്ഥാന സ്കൂള്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ മത്സരിച്ച ഇവര്‍ക്ക് വിദ്യാഭ്യാസ വകുപ്പാണ് ടിക്കറ്റ് ഒരുക്കി നൽകേണ്ടിയിരുന്നത്. സംസ്ഥാന സ്കൂള്‍ ഗെയിംസ് കഴിഞ്ഞ് അധികം ദിവസം ആകാത്തതിനാൽ തന്നെ അവസാന നിമിഷം ട്രെയിൻ ടിക്കറ്റ് കിട്ടാത്ത സാഹചര്യമുണ്ടാകുമെന്നറിഞ്ഞിട്ടും പകരം സംവിധാനം ഒരുക്കിയില്ലെന്നാണ് ആരോപണം.

മാനേജരടക്കം 24 പേർക്കാണ് ഭോപ്പാലിലേക്ക് ടിക്കറ്റ് വേണ്ടത്. ഇന്ന് ഉച്ചയ്ക്ക് 1.25നുള്ള എറണാകുളം - നിസാമുദ്ദീൻ മംഗള എക്സ്പ്രസിലാണ് ടിക്കറ്റ് ബുക്ക്‌ ചെയ്തിരുന്നത്. എന്നാൽ, എന്നാൽ രണ്ട് പേരുടെ ടിക്കറ്റ് മാത്രമാണ് കൺഫേം ആയത്. എമർജൻസി ക്വാട്ട വഴി നൽകാനാകുന്നത് നൽകി എന്നാണ് റെയിൽവേ വിശദീകരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലെ കാലതാമസമാകാം ടിക്കറ്റ് കിട്ടാതിരിക്കാൻ കാരണമെന്നുമാണ് റെയില്‍വെ വിശദീകരിക്കുന്നത്.

സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവം; രണ്ടു ദിവസം ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള സ്കൂളുകള്‍ക്ക് അവധി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം