മമതയെ 'ഒറ്റയാള്‍ പോരാളി'യെന്ന് വിശേഷിപ്പിച്ച് ജയ ബച്ചന്‍; ബംഗാളില്‍ നാളെ മൂന്നാംഘട്ട വോട്ടെടുപ്പ്

By Web TeamFirst Published Apr 5, 2021, 10:54 PM IST
Highlights

എട്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ മൂന്നാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കാനിരിക്കുന്നത്. ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ബംഗാളിലും നടക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി ഒരുങ്ങുന്നത്

കൊല്‍ക്കത്ത: മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ ബംഗാളില്‍ മമതയെ കാര്യമായി പിന്തുണച്ച് രംഗത്ത് സജീവമാവുകയാണ് ഉത്തര്‍ പ്രദേശില്‍ നിന്നുള്ള സമാജ്വാദി പാര്‍ട്ടി എംപി ജയ ബച്ചന്‍. ബംഗാളില്‍ ജനാധിപത്യ മൂല്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും വേണ്ടി മമത ഒറ്റയാള്‍ പോരാട്ടമാണ് നടത്തുന്നതെന്ന് ജയ ബച്ചന്‍ പറഞ്ഞു. 

എട്ട് ഘട്ടങ്ങളിലായാണ് ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ മൂന്നാംഘട്ട വോട്ടെടുപ്പാണ് നാളെ നടക്കാനിരിക്കുന്നത്. ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പാണ് ബംഗാളിലും നടക്കുന്നത്. ബിജെപിക്കെതിരെ ശക്തമായ മുന്നേറ്റത്തിനാണ് തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായി മമത ബാനര്‍ജി ഒരുങ്ങുന്നത്. 

പല മേഖലകളിലും വിജയത്തിനായി കോണ്‍ഗ്രസിന്റെ പിന്തുണ നേരത്തെ മമത ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ ധാരണകള്‍ എന്തെല്ലാമാണെന്ന് ഇനിയും സൂചനയായിട്ടില്ല. ഇതിനിടെയാണ് മമതയെ 'പോരാളി'യായി പ്രകീര്‍ത്തിച്ചുകൊണ്ട് ജയ ബച്ചന്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. ബംഗാളില്‍ മമതയെ പിന്തുണയ്ക്കാന്‍ സമാജ്വാദി പാര്‍ട്ടി തീരുമാനിച്ചതിന് പിന്നാലെയാണ് പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ നിര്‍ദേശപ്രകാരം ജയ പ്രചാരണത്തിനെത്തിയത്.  

'ഓരോ ബംഗാളിയുടെയും ജനാധിപത്യപരമായ അവകാശങ്ങളെ സംരക്ഷിക്കുന്നതിനായാണ് മമതയെന്ന വനിതാനേതാവ് ഒറ്റയ്ക്ക് നിന്ന് പോരാടുന്നത്. അതുകൊണ്ട് തന്നെ മമതയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അവരുടെ കാലിന് പരിക്ക് പറ്റിയിട്ടുണ്ട്. പക്ഷേ അതൊന്നും അവരെ പിടിച്ചുനിര്‍ത്തുന്നതേയില്ല...'- ജയ ബച്ചന്‍ പറഞ്ഞു. 

നന്ദിഗ്രാമില്‍ വോട്ടെടുപ്പിനിടെ നടന്ന സംഘര്‍ഷത്തില്‍ തനിക്ക് കാലിന് പരിക്കേറ്റതായി മമത അറിയിച്ചിരുന്നു. ഇതിന് ശേഷം ഒരു കാല്‍ കൊണ്ട് താന്‍ ബംഗാളും ഇരുകാലുകളും കൊണ്ട് പിന്നീട് ദില്ലിയും ജയിക്കുമെന്ന മമതയുടെ പ്രസ്താവന വലിയ തോതില്‍ പ്രചരിക്കപ്പെട്ടിരുന്നു. ഇതേ സംഭവത്തെ കുറിച്ചാണ് ജയ ബച്ചനും സൂചിപ്പിച്ചത്. 

മമതയെ 'ആന്റി-ഹിന്ദു'വായി ചിത്രീകരിക്കുന്ന ബിജെപിയുടെ തന്ത്രത്തിനെതിരെയും ജയ ബച്ചന്‍ വിമര്‍ശനമുയര്‍ത്തി. 

'എന്നില്‍ നിന്ന് എന്റെ മതത്തേയും എന്റെ അവകാശങ്ങളെയും പിടിച്ചെടുക്കാന്‍ ശ്രമിക്കരുത്. ഇവിടെ ഞാന്‍ എന്നെ പറയുന്നത്, ജനങ്ങളുടെ പ്രതിനിധി ആയിട്ടാണ്. എന്നുവച്ചാല്‍ അവരില്‍ നിന്നും അവരുടെ മതത്തെയോ അവകാശങ്ങളെയോ പിടിച്ചെടുക്കാന്‍ നോക്കരുതെന്ന്...'- ജയ ബച്ചന്‍ പറഞ്ഞു. 

ഏപ്രില്‍ എട്ട് വരെ ജയ ബംഗാളില്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. ഏപ്രില്‍ 29ഓടെ ബംഗാളിലെ വോട്ടെടുപ്പ് അവസാനിക്കും. മെയ് രണ്ടിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. 

Also Read:- മാതൃക പെരുമാറ്റചട്ട ലംഘനം; മമത ബാനർജിക്കെതിരെ ഇലക്ഷൻ കമ്മീഷനിൽ പരാതിപ്പെട്ട് ബിജെപി...

click me!