Latest Videos

മമതാ ബാനര്‍ജിക്ക് പരിക്കേറ്റത് അപകടത്തില്‍, ആക്രമണമല്ല; നിരീക്ഷക സമിതി റിപ്പോര്‍ട്ട്

By Web TeamFirst Published Mar 14, 2021, 12:06 PM IST
Highlights

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഡിയോ ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫിസര്‍മാരെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി.
 

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്കേറ്റത് അപകടത്തെ തുടര്‍ന്നെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതിയുടെ കണ്ടെത്തല്‍. നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ അപകടത്തെ തുടര്‍ന്നാണ് പരിക്കേറ്റതെന്നും ആക്രമണത്തെ തുടര്‍ന്നല്ലന്നെന്നും നിരീക്ഷക സമിതി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. ബിറുല്യ ബസാറില്‍ നടന്ന പരിപാടിക്കിടെയാണ് മമതക്ക് പരിക്കേറ്റത്. തുടര്‍ന്ന് ബിജെപിയുടെ ഗൂഢാലോചനയെ തുടര്‍ന്നാണ് മമതക്ക് പരിക്കേറ്റതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. 

സ്‌പെഷ്യല്‍ നിരീക്ഷണ ഓഫിസര്‍ അജയ് നായക്, സ്‌പെഷ്യല്‍ പൊലീസ് നിരീക്ഷകന്‍ വിവേക് ദുബെ എന്നിവരാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസ് അറിയിച്ചു. മമതക്ക് പരിക്കേറ്റ സംഭവം അപകടമാണ്. ആസൂത്രണം ചെയ്ത ആക്രമണമല്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിഡിയോ ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴികളും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള പൊലീസ് ഓഫിസര്‍മാരെയും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. തിരക്ക് നിയന്ത്രിക്കുന്നതില്‍ സുരക്ഷാ വിഭാഗം പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, സംഭവ സ്ഥലത്തുനിന്ന് ലഭിച്ച വീഡിയോ ഫൂട്ടേജുകള്‍ വ്യക്തതയില്ലെന്ന് ചീഫ് സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായ തെരഞ്ഞെടുപ്പ് കമ്മീഷന് മറുപടി നല്‍കി. മാര്‍ച്ച് 27ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളില്‍ പ്രചാരണം പുരോഗമിക്കുകയാണ്. അപകടത്തെ തുടര്‍ന്ന് വീല്‍ചെയറിലാണ് മമതാ ബാനര്‍ജി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. 

click me!