കുച്ച് ബിഹാര്‍ വെടിവയ്പ്പ്, നാല് മരണം: അമിത്ഷാ രാജിവയ്ക്കണമെന്ന് മമത ബാനര്‍ജി

By Web TeamFirst Published Apr 10, 2021, 7:33 PM IST
Highlights

കുച്ച് ബിഹാര്‍ ജില്ലയിലെ സീതാള്‍കച്ചി നിയമസഭ മണ്ഡലത്തിലാണ് സംസ്ഥാനത്ത് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ നടന്നത്. പ്രദേശിക ജനങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത് എന്നാണ് ബംഗാള്‍ പൊലീസ് പറയുന്നത്. 

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ കുച്ച് ബിഹാര്‍ ജില്ലയില്‍ തെരഞ്ഞെടുപ്പിനൊട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തില്‍ വെടിവയ്പ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയ വിവാദമായി വളരുന്നു. സംഭവം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ ഭാഗമാണെന്നും. ഇതിന്‍റെ പേരില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ശനിയാഴ്ച ആവശ്യപ്പെട്ടു. 

കുച്ച് ബിഹാര്‍ ജില്ലയിലെ സീതാള്‍കച്ചി നിയമസഭ മണ്ഡലത്തിലാണ് സംസ്ഥാനത്ത് നാലാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ അനിഷ്ട സംഭവങ്ങള്‍ നടന്നത്. പ്രദേശിക ജനങ്ങളുടെ ആക്രമണത്തെ തുടര്‍ന്ന് കേന്ദ്രസേന നടത്തിയ വെടിവയ്പ്പിലാണ് നാലുപേര്‍ കൊല്ലപ്പെട്ടത് എന്നാണ് ബംഗാള്‍ പൊലീസ് പറയുന്നത്. ഇതേ തുടര്‍ന്ന് ഈ മണ്ഡലത്തിലെ 126 ബൂത്തിലെ വോട്ടെടുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ത്തിവച്ചു.

അതേ സമയം സ്വയം രക്ഷയ്ക്കാണ് വെടിവച്ചത് എന്ന കേന്ദ്രസേനയുടെ വാദം മമത ബാനര്‍ജി തള്ളി. സംഭവുമായി ബന്ധപ്പെട്ട് ബംഗാള്‍ സര്‍ക്കാര്‍ ഒരു പ്രത്യേക അന്വേഷണം നടത്തുമെന്ന് മമത പ്രഖ്യാപിച്ചു. സംഭവത്തിന്‍റെ വീഡിയോ തെളിവുകളോ, മറ്റെന്തെങ്കിലും തെളിവുകളോ കേന്ദ്രസേനയുടെ വാദം തെളിയിക്കാന്‍ ലഭിച്ചിട്ടില്ലെന്നും മമത പറഞ്ഞു. സിലിഗുരിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മമത. 

'ഈ സംഭവം മുന്‍കൂട്ടി തയ്യാറാക്കിയതായി ഞാന്‍ സംശയിക്കുന്നു. അമിത് ഷായ്ക്കാണ് ഈ സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം. അദ്ദേഹമാണ് ഇതിലെ ഗൂഢാലോചന നടത്തിയത്. കേന്ദ്രസേനയെ കുറ്റം പറയാന്‍ പറ്റില്ല, അവര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ ഉത്തരവുകള്‍ അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. അമിത് ഷാ രാജിവയ്ക്കണം, അത്രയും രക്തരൂക്ഷിതവും അപ്രതീക്ഷിതവുമാണ് ഇന്ന് നടന്ന സംഭവങ്ങള്‍' - മമത പറയുന്നു. 

താന്‍ കേന്ദ്ര സേന വെടിവയ്പ്പ് നടത്തിയ സ്ഥലം സന്ദര്‍ശിക്കുമെന്ന് പറഞ്ഞ മമത, ഇതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി പ്രതിഷേധ റാലികള്‍ സംഘടിപ്പിക്കുമെന്നും അറിയിച്ചു. 

അതേ സമയം കുച്ച് ബിഹാറിലെ വെടിവയ്പ്പ് തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഇടയില്‍ വലിയ വാക്ക്പ്പോരിനാണ് തുടക്കമിട്ടിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസാണ് വെടിവയ്പ്പിലേക്ക് നയിച്ച ആക്രമണങ്ങള്‍ ഉണ്ടാക്കിയത് എന്നാണ് ബിജെപി ആരോപിക്കുന്നത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ കണ്ടു. അതേ സമയം ബിജെപിയിലെ ചേരിപ്പോരാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്ന വാദമാണ് തൃണമൂല്‍ ഉയര്‍ത്തുന്നത്. സംഭവത്തില്‍ ഇവരും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്.

ഇതേ സമയം ഇന്ന് സിലിഗുരിയില്‍ ബിജെപി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി കുച്ച് ബിഹാര്‍ വെടിവയ്പ്പ് ദൌര്‍ഭാഗ്യകരമെന്ന് അഭിപ്രായപ്പെട്ടു. അതേ സമയം മമത ബാനര്‍ജിയെ ഇതിന്റെ പേരില്‍ കടന്നാക്രമിക്കാനും മോദി മുതിര്‍ന്നു. 'മമതയും അവരുടെ ഗുണ്ടകളും ബിജെപിക്ക് ലഭിക്കുന്ന ജനപിന്തുണയില്‍ അസ്വസ്തരാണ്. അവരുടെ ആധിപത്യം അവസാനിക്കുകയാണ്. അവര്‍ വല്ലാതെ അധപ്പതിച്ചു പോയി' - പ്രധാനമന്ത്രി മോദി പറഞ്ഞു.

click me!