Latest Videos

'നിങ്ങളെ അധിക്ഷേപിച്ചവർക്ക് മറുപടി കൊടുക്കണ്ടേ? നിങ്ങൾ അവരെ ശിക്ഷിക്കുന്നില്ലേ?' ബം​ഗാളിലെ ജനങ്ങളോട് മോദി

By Web TeamFirst Published Apr 7, 2021, 3:10 PM IST
Highlights

നിങ്ങൾ അവരെ ശിക്ഷിക്കുന്നില്ലേ? പോളിം​ഗ് ബൂത്തുകളിലെത്തി ബട്ടൺ അമർത്തുക. അവർ ഇനിയൊരിക്കലും നിങ്ങളോട് ഇങ്ങനെ ചെയ്യില്ല. ബം​ഗാളിലെ ഹൗറയിൽ നടന്ന ബിജെപി റാലിയിൽ മോദി പൊതുജനങ്ങളോട് പറഞ്ഞു. 

കൊൽക്കത്ത: തൃണമൂൽ കോൺ​ഗ്രസ് നേതാവ് മമത ബാനർജിക്കെതിരെ രൂ​ക്ഷഭാഷയിൽ വിമർശനമുന്നയിച്ച് പ്രധാനമന്ത്രി മോദി. റാലിയിൽ പങ്കെടുക്കാൻ ബിജെപി ജനങ്ങൾക്ക് പണം നൽകുന്നുവെന്ന് മമത ബാനർജി ആരോപിച്ചതായി മോദി വ്യക്തമാക്കി. നിങ്ങൾ ഇവിടെ വന്നതിന് നിങ്ങൾക്ക് പണം ലഭിക്കുമോ? ദീദി നിങ്ങളെ അപമാനിച്ചില്ലേ? അവർ നിങ്ങൾക്ക് നേരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചില്ലേ? നിങ്ങൾക്ക് അവരോട് ദേഷ്യം തോന്നുന്നില്ലേ? നിങ്ങൾ അവരെ ശിക്ഷിക്കുന്നില്ലേ? പോളിം​ഗ് ബൂത്തുകളിലെത്തി ബട്ടൺ അമർത്തുക. അവർ ഇനിയൊരിക്കലും നിങ്ങളോട് ഇങ്ങനെ ചെയ്യില്ല. ബം​ഗാളിലെ ഹൗറയിൽ നടന്ന ബിജെപി റാലിയിൽ മോദി പൊതുജനങ്ങളോട് പറഞ്ഞു. തൃണമൂൽ കോൺ​ഗ്രസ് മേധാവി അവരുടെ പാർട്ടിയെ സമീപിച്ചിരിക്കുന്ന തോൽവിയിൽ നിരാശപ്പെട്ട്, തന്നെ അധിക്ഷേപിക്കുന്നതായും  മോദി കൂട്ടിച്ചേർത്തു. 

വോട്ടെണ്ണൽ തീരുമാനിച്ചിരിക്കുന്ന മെയ് 2 ന് പരാജയം നേരിടേണ്ടി വരുന്ന തൃണമൂൽ കോൺ​ഗ്രസ് ശിഥിലമാകുമെന്ന് ബം​ഗാളിലെ ജനങ്ങൾ ഊഹിക്കുന്നുവെന്നും മോദി പറഞ്ഞു. ആസന്നമായ തോൽവിയിൽ നിരാശ പൂണ്ട്, തനിക്ക് നേരെ മമത അധിക്ഷേപം നടത്തുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബം​ഗാളിൽ കൊള്ളയും അഴിമതിയും എളുപ്പമാക്കുകയാണ് തൃണമൂൽ  കോൺ​ഗ്രസ് ചെയ്യുന്നത്. എന്നാൽ ജനങ്ങൾക്ക് സു​ഗമാമായി ജീവിക്കാനുള്ള സാഹചര്യമാണ് ബിജെപി സർക്കാർ ലക്ഷ്യമാക്കുന്നത്. ബം​ഗാളിന് വേണ്ടി മമത എന്തൊക്കെ ചെയ്തുവെന്ന സത്യം പുറത്തുവന്നിട്ടുണ്ട്. അതുകൊണ്ടാണ് അവർ ബം​ഗാളിലെ ജനങ്ങളെ ഭീഷണിപ്പെടുത്തുന്നത്. ജനങ്ങളെ സേവിക്കുക എന്നാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് ബിജെപി ദയവായി ചോദിക്കുന്നത്. മോദി വിശദീകരിച്ചു. 

എട്ട് ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബം​ഗാളിൽ തെര‍ഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ തീയതികളിലായി മൂന്നു ഘട്ട വോട്ടെടുപ്പ് നടന്നു കഴിഞ്ഞു.  ഏപ്രിൽ 29നകം തെര‍ഞ്ഞെടുപ്പ് പൂർത്തിയാകും. മെയ് 2 നാണ് വോട്ടെണ്ണൽ. 


 

click me!