മുസ്ലീങ്ങളുടെ പിന്തുണ ദീദിക്ക് നഷ്ടമായി, ബംഗാളിന്റെ സ്‌നേഹത്തിന് പകരം വികസനം: മോദി

Published : Apr 06, 2021, 07:11 PM IST
മുസ്ലീങ്ങളുടെ പിന്തുണ ദീദിക്ക് നഷ്ടമായി, ബംഗാളിന്റെ സ്‌നേഹത്തിന് പകരം വികസനം: മോദി

Synopsis

ഹിന്ദുക്കളുടെ വോട്ട് ഭിന്നിക്കരുതെന്ന് ബിജെപി ആഹ്വാനം ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും പാര്‍ട്ടിക്ക് എതിരാകുമായിരുന്നെന്നും മോദി വ്യക്തമാക്കി.  

കൊല്‍ക്കത്ത: ബംഗാളില്‍ മുസ്ലീങ്ങളുടെ പിന്തുണ മമതാ ബാനര്‍ജിക്ക് നഷ്ടമായെന്ന് വ്യക്തമാക്കുന്നതാണ് അവരുടെ ആഹ്വാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാള്‍ മുസ്ലീങ്ങളുടെ വോട്ട് ഭിന്നിക്കരുതെന്നായിരുന്നു മമതാ ബാനര്‍ജിയുടെ ആഹ്വാനം. ഹിന്ദുക്കളുടെ വോട്ട് ഭിന്നിക്കരുതെന്ന് ബിജെപി ആഹ്വാനം ചെയ്താല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും പാര്‍ട്ടിക്ക് എതിരാകുമായിരുന്നെന്നും മോദി വ്യക്തമാക്കി.

വടക്കന്‍ ബംഗാളിലെ കൂച്ച് ബെഹാറിലെ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനം കൊണ്ടായിരിക്കും ബംഗാള്‍ ജനതയുടെ സ്‌നേഹത്തിന് മറുപടി നല്‍കുകയെന്നും മോദി പറഞ്ഞു. ബംഗാളില്‍ 27 ശതമാനമാണ് മുസ്ലിം ജനസംഖ്യ. തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രധാനവോട്ട് ബാങ്കാണ് മുസ്ലീങ്ങള്‍. അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും ഫുര്‍ഫുറ ഷരീഫിലെ മതപുരോഹിതനും മത്സരിക്കുന്നതോടെ വോട്ടില്‍ ഇടിവ് വരുമെന്നാണ് കണക്കുകൂട്ടല്‍. 

'പ്രിയപ്പെട്ട ദീദി, എല്ലാ മുസ്ലീങ്ങളും ഐക്യപ്പെടണം. നിങ്ങളുടെ വോട്ട് ഭിന്നിക്കാന്‍ അനുവദിക്കരുത് എന്ന് നിങ്ങള്‍ പറഞ്ഞു. അതിനര്‍ഥം മുസ്ലിം വോട്ട് നിങ്ങളുടെ കൈയില്‍നിന്ന് പോയി എന്നാണ്. മുസ്ലീങ്ങള്‍ നിങ്ങളില്‍ നിന്നകന്നു'- മോദി പറഞ്ഞു. തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ തോല്‍ക്കുമെന്നതുകൊണ്ടാണ് ഇക്കാര്യം പൊതുമധ്യത്തില്‍ പറഞ്ഞതെന്നും മോദി കൂട്ടിച്ചേര്‍ത്തു. എല്ലാ ഹിന്ദുക്കളും ഒരുമിക്കണമെന്ന് ബിജെപിയാണ് പറഞ്ഞതെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ എട്ടോ പത്തോ നോട്ടീസ് ലഭിക്കുമായിരുന്നു. രാജ്യത്താകമാനം അതിനെക്കുറിച്ച് എഡിറ്റോറിയലുകള്‍ എഴുതുമായിരുന്നുവെന്നും മോദി വ്യക്തമാക്കി.
 

PREV
click me!

Recommended Stories

കായികമത്സരങ്ങൾക്ക് പോകുന്ന താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിക്കണമെന്ന് മന്ത്രി, റെയിൽവേ ബോർഡ് ചെയർമാന് കത്ത്
​ഗുജറാത്ത് പോളിം​ഗ് ബൂത്തിലേക്ക്; 89 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്