മോദിയും ഷായും ദില്ലിയിലിരുന്ന് തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നു, തെര. കമ്മീഷനെ സമീപിച്ച് തൃണമൂൽ

By Web TeamFirst Published Apr 2, 2021, 6:03 PM IST
Highlights

തൃണമൂൽ ഉപാധ്യക്ഷന്‍ യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോളിങ് ബൂത്തുകളില്‍ ബിജെപിക്ക് അനുകൂലമായി കേന്ദ്രസേന പെരുമാറുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി.

കൊൽക്കത്ത: കേന്ദ്രസേനയുടെ പക്ഷപാതിത്വത്തിനെതിരെ പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നതതല പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. മോദിയും അമിത് ഷായും ദില്ലിയില്‍ ഇരുന്ന് നിര്‍ദേശം നല്‍കി തെരഞ്ഞെടുപ്പ് നിയന്ത്രിക്കുകയാണെന്ന് പ്രതിനിധി സംഘം കുറ്റപ്പെടുത്തി. ഒരു സംഘം ആക്രമിച്ചതിന് പിന്നാലെ ഡയമണ്ട് ഹാര്‍ബറിലെ ബിജെപി സ്ഥാനാര്‍ത്ഥി ദീപക് ഹല്‍ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

തൃണമൂൽ ഉപാധ്യക്ഷന്‍ യശ്വന്ത് സിൻഹയുടെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോളിങ് ബൂത്തുകളില്‍ ബിജെപിക്ക് അനുകൂലമായി കേന്ദ്രസേന പെരുമാറുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതി നല്‍കി. വരുന്ന ആറ് ഘട്ടങ്ങളില്‍ ഈ സ്ഥിതി ആവര്‍ത്തിക്കാതിരിക്കാന്‍ നടപടിയെടുക്കണമെന്നും പ്രതിനിധി സംഘം ആവശ്യപ്പെട്ടു. 

''കഴിഞ്ഞ 50 വ‍ർഷത്തെ തെരഞ്ഞെടുപ്പുകള്‍ക്ക് ഞാന്‍ സാക്ഷിയാണ്. പക്ഷെ കേന്ദ്രസ‍ർക്കാര്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ ഇടപെടല്‍ നടത്തുന്നത് ഇത് ആദ്യമായി കാണുകയാണ്'', എന്നാണ് തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹ പരാതി നൽകിയ ശേഷം വ്യക്തമാക്കിയത്. 

നന്ദിഗ്രാമിലെ ബോയാലില്‍ ബൂത്തിന് പുറത്ത് ഉണ്ടായിരുന്നത് പുറത്ത് നിന്നെത്തിയ തോക്കേന്തിയ ഗുണ്ടകള്‍ ആയിരുന്നുവെന്ന് മമത ബംഗാളിലെ റാലിയില്‍ പറഞ്ഞു. ഡയമണ്ട് ഹാര്‍ബറില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് നേരെ ഒരു സംഘം ആക്രമണം നടത്തി. പരിക്കേറ്റ ദീപക് ഹല്‍ദറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ബിജെപി ആരോപണം. എന്നാല്‍ അടുത്തിടെ തൃണമൂലില്‍ നിന്ന് ബിജെപിയിലെത്തിയ ദീപക് ഹല്‍ദറിനെ സ്ഥാനാര്‍ത്ഥിത്വം ഇഷ്ടപ്പെടാത്ത ബിജെപി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് ടിഎംസി പ്രതികരിച്ചു. മമതാ ബാനര്‍ജിയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിയാണ് ഡയമണ്ട് ഹാര്‍ബറിലെ ദീപക് ഹല്‍ദാറിന്‍റെ എതിര്‍ സ്ഥാനാര്‍ത്ഥി. 

click me!