ബംഗാൾ വീണ്ടും ബൂത്തിൽ; അവസാന 2 ഘട്ടങ്ങള്‍ ഒന്നിച്ചാക്കുമോ? അടിച്ചും തിരിച്ചടിച്ചും മമതയും ബിജെപിയും

By Web TeamFirst Published Apr 22, 2021, 12:13 AM IST
Highlights

ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ്, ടിഎംസി മന്ത്രിമാരായ ജ്യോതിപ്രിയ മല്ലിക്, ചന്ദ്രിമ ഭട്ടചാര്യ, സിപിഎം നേതാവ് തൻമയ് ഭട്ടചാര്യ എന്നിവരാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ

കൊൽക്കത്ത: പശ്ചിമ ബംഗാൾ ജനത ആറാം ഘട്ട വോട്ടെടുപ്പിനായി ബുത്തിലെത്തി. നാല് ജില്ലകളിലെ 43 സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വർഗീയത പ്രധാന ചർച്ചാവിഷയമാകുകയാണ്. ബിജെപി സംസ്ഥാനത്ത് വർഗ്ഗീയ ലഹളയ്ക്ക് ശ്രമിക്കുകയാണെന്ന് മമത ബാനർജി ആരോപിച്ചു. വർഗ്ഗീയ വിഭജനത്തിനാണ് മമതയുടെ നീക്കമെന്ന് ബിജെപി തിരിച്ചടിച്ചു. അവസാന രണ്ട് ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന സ്ഥലങ്ങളിലേക്കായുള്ള അമിത് ഷായുടെ പ്രചാരണം ഇന്നും തുടരും. പ്രധാനമന്ത്രി നാളെ പ്രചാരണത്തിനായി ബംഗാളിൽ എത്തുന്നുണ്ട്.

അതേസമയം ഇനിയുള്ള രണ്ട് ഘട്ട തെരഞ്ഞെടുപ്പും ഒന്നിച്ചാക്കണം എന്ന നിർദ്ദേശത്തിൽ തീരുമാനമെന്താകുമെന്നതാണ് അറിയാനുള്ളത്. രണ്ട് നിരീക്ഷകരടക്കം നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചിട്ടില്ല. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ അവസാന രണ്ടു ഘട്ട തെരഞ്ഞെടുപ്പുകളും ഒന്നിച്ചാക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു.

ബിജെപി ദേശീയ ഉപാധ്യക്ഷൻ മുകുൾ റോയ്, ടിഎംസി മന്ത്രിമാരായ ജ്യോതിപ്രിയ മല്ലിക്, ചന്ദ്രിമ ഭട്ടചാര്യ, സിപിഎം നേതാവ് തൻമയ് ഭട്ടചാര്യ എന്നിവരാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖർ. സുരക്ഷക്കായി 1071 കമ്പനി കേന്ദ്രസേനയെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുള്ളത്. 2016 ൽ ഇവിടെ 43 ൽ 32 സീറ്റിലും തൃണമൂൽ കോൺഗ്രസ് വിജയിച്ചിരുന്നു. സിപിഎം മൂന്നും കോൺഗ്രസ് ഏഴും സീറ്റുകളാണ് നേടിയിരുന്നത്. ബംഗ്ലാദേശ്, ബിഹാർ അതിർത്തി പ്രദേശങ്ങളിലെ മണ്ഡലങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും തൃണമൂൽ കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്.

click me!