ഇടുക്കിയിലേത് പോലെ പാലായിലും ബിഡിജെഎസ് വോട്ടുമറിച്ചു: മുൻ എൻഡിഎ സ്ഥാനാർത്ഥി

Published : Sep 28, 2019, 11:26 PM IST
ഇടുക്കിയിലേത് പോലെ പാലായിലും ബിഡിജെഎസ് വോട്ടുമറിച്ചു: മുൻ എൻഡിഎ സ്ഥാനാർത്ഥി

Synopsis

ഇടുക്കിയിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ നാൽപതിനായിരത്തോളം വോട്ട് എൻഡിഎയുടെ കയ്യിൽ നിന്ന് പോയതിന് കാരണം ബിഡിജെഎസാണെന്ന് മുൻ സ്ഥാനാർത്ഥി ബിജു കൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട്.

ഇടുക്കി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിലേതുപോലെ, പാലായിലും ബിഡിജെഎസ് വോട്ടു മറിച്ചെന്ന് ഇടുക്കിയിലെ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന ബിജു കൃഷ്ണൻ. ഒരു മുന്നണിയിൽ നിന്ന് മറ്റു മുന്നണിക്ക് വോട്ടു മറിക്കുന്ന ബിഡിജെഎസിനെ പുറത്താക്കാൻ എൻഡിഎ നേതൃത്വം തയ്യാറാകണമെന്നും ബിജുകൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നാൽപ്പതിനായിരത്തോളം വോട്ടിന്‍റെ കുറവാണ് എൻഡിഎ സ്ഥാനാർത്ഥിക്കുണ്ടായത്. വെള്ളാപ്പള്ളിയുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് നേതാക്കൾ യോഗം ചേർന്ന് ജോയ്‍സ് ജോർജ്ജിന് പിന്തുണ പ്രഖ്യാപിച്ചതാണ് ഇതിനു കാരണമായതെന്ന് ബിജു കൃഷ്ണൻ എൻഡിഎ നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന്‍റെ തനിയാവർത്തനമാണ് പാലായിലുമുണ്ടായതെന്നാണ് ബിജു കൃഷ്ണൻ പറയുന്നത്. 

ലോക്സഭ തെരഞ്ഞെടുപ്പിൽ പാലായിൽ എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചതിനേക്കാൾ 8489 വോട്ടിന്‍റെ കുറവ് എൻ ഹരിക്ക് ഇത്തവണയുണ്ടായി. എസ്എൻഡിപി യോഗത്തിൻറെ ബി ടീമായി പ്രവർത്തിക്കുന്നതിനാൽ ബി‍ഡിജെഎസിന് സ്വന്തമായി തീരുമാനം എടുക്കാൻ കഴിയാത്തതും വോട്ടിനെ ബാധിക്കുന്നുണ്ടെന്ന് ഹരി പറയുന്നു.

വരുന്ന ഉപ തെരഞ്ഞെടുപ്പുകളിലും എൽഡിഎഫിന് അനുകൂല നിലപാട് എടുക്കാനാണ് ബിഡിജെഎസ്സിനകത്ത് ആലോചനകൾ നടക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് വോട്ടു കച്ചവടം നടത്തിയതിന് ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ പാലായിൽ ഈ തിരിച്ചടി ഉണ്ടാകില്ലായിരുന്നുവെന്നും ബിജു പറയുന്നു.

PREV
click me!

Recommended Stories

പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ മുസ്ലീം സംഘടനകൾ
ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പ് നവംബര്‍ 30 മുതല്‍ അഞ്ച് ഘട്ടമായി: വോട്ടെണ്ണല്‍ ഡിസം.23-ന്