പാലായിലെ തോല്‍വി യുഡിഎഫിലെ അനൈക്യം മൂലമെന്ന് കുഞ്ഞാലിക്കുട്ടി

By Web TeamFirst Published Sep 28, 2019, 7:44 PM IST
Highlights
  • തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷവും ജോസ്, ജോസഫ് വിഭാഗങ്ങള്‍ പോര് തുടരുന്നു
  • യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ പരാജയപ്പെടുത്തിയത്
  • പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി പി ജെ ജോസഫ് ആണെന്ന് ജോസ് ടോം

കൊച്ചി: പാലാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് പിന്നിലെ കാരണം വ്യക്തമാക്കി മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി എംപി. പാലാ ഉപതെരഞ്ഞെടുപ്പ് സമയത്തുണ്ടായ അനൈക്യമാണ് യുഡിഎഫിന്‍റെ പരാജയത്തിന് കാരണമായതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ മുൻകൈയെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി കൊച്ചിയിൽ പറഞ്ഞു. പാലാ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം കേരള കോണ്‍ഗ്രസിലെ ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തുറന്ന പോരാണെന്ന അഭിപ്രായമാണ് യുഡിഎഫിനുള്ളത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്.

പാലായിലെ തെരഞ്ഞെടുപ്പ് പരാജയത്തിന് ഉത്തരവാദി പി ജെ ജോസഫ് ആണെന്നാണ് തോല്‍വിക്ക് ശേഷം യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം ആരോപിച്ചത്. പാലായില്‍ തോല്‍പ്പിച്ചത് പി ജെ ജോസഫെന്നായിരുന്നു ജോസ് ടോമിന്‍റെ കുറ്റപ്പെടുത്തല്‍. പി ജെ ജോസഫ് വിഭാഗം നേതാവ് ജോയ് എബ്രഹാമിനെതിരെയും ജോസ് ടോം രൂക്ഷ  വിമര്‍ശനം ഉയര്‍ത്തി. ജോയ് എബ്രഹാം തെരഞ്ഞെടുപ്പില്‍ ഒരു പ്രവര്‍ത്തനവും നടത്തിയില്ലെന്നും ജോയ് എബ്രഹാമിനെ നിയന്ത്രിക്കാന്‍ പി ജെ ജോസഫിനായില്ലെന്നുമായിരുന്നു ജോസ് ടോമിന്‍റെ വിമര്‍ശനം.

പാലാ തെരഞ്ഞെടുപ്പ് ദിനവും കേരളാ കോൺഗ്രസ്  തമ്മിലടിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പിൽ പാർട്ടിയിൽ എല്ലാവരും ഒറ്റക്കെട്ടായി നിന്നിട്ടില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ദിവസം ജോയ് എബ്രഹാമിന്‍റെ കുറ്റപ്പെടുത്തല്‍. ചിലര്‍ക്കൊക്ക കുതന്ത്രവും കുടിലബുദ്ധിയുമായിരുന്നു. അതൊക്കെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന ജോയ് എബ്രഹാമിന്‍റെ പ്രസ്താവന വലിയ വിമര്‍ശങ്ങള്‍ക്കായിരുന്നു വഴിവെച്ചിരുന്നു.

ജോയ് എബ്രഹാമിന്‍റെ പ്രസ്താവനയില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.  എന്നാല്‍ ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്നാണ് ജോസഫ്  വാദം. രണ്ടില നല്‍കാൻ തയ്യാറായെങ്കിലും ധിക്കാരപരമായി അത് നിഷേധിച്ച് ജോസ് കെ മാണി പരാജയം ഏറ്റുവാങ്ങുകയായിരുന്നുവെന്ന് ജോസഫ്  കുറ്റപ്പെടുത്തി. ചിഹ്നം കിട്ടിയാൽ ജയിക്കുമായിരുന്നുവെന്ന് പറയുന്നവർ പാർട്ടി ഭരണഘടനാ പ്രകാരം ചിഹ്നം നൽകാൻ അധികാരമുള്ള പാർട്ടി വർക്കിംഗ് ചെയർമാനോട് അഭ്യർത്ഥിച്ചിരുന്നെങ്കിൽ ചിഹ്നം ലഭിക്കുമായിരുന്നു.

തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം ജോസ് പക്ഷത്തിനെന്ന് പറഞ്ഞ പി ജെ ജോസഫ് രണ്ടില ചിഹ്നം ലഭിക്കാതെ പോയതിന്‍റെ ഉത്തരവാദിത്തവും  ജോസ് പക്ഷത്തിനാണെന്ന് അടിവരയിടുകയാണ്. സ്ഥാനാർത്ഥിക്ക് ജയസാധ്യത ഇല്ലായിരുന്നുവെന്ന് നേരത്തെ പറ‍ഞ്ഞിരുന്നു. ധിക്കാരപരമായ നിലപാടാണ് ജോസ് കെ മാണി സ്വീകരിച്ചതെന്നും ജോസഫ് കുറ്റപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്ക് തോല്‍പിച്ചാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ത്ഥിയും എന്‍സിപി നേതാവുമായ മാണി സി കാപ്പന്‍ പാലാ പിടിച്ചെടുത്തത്. 

click me!