'തെറിക്കൂട്ടത്തിനൊപ്പം പ്രചാരണത്തിനില്ല'; പാലായില്‍ പോരിനുറച്ച് ജോസഫ് പക്ഷം

By Web TeamFirst Published Sep 7, 2019, 12:16 PM IST
Highlights

കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ്  വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് വിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്.

പാലാ: പാലായില്‍ യുഡിഎഫിനൊപ്പമുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം. യുഡിഎഫ് കൺവെൻഷനിൽ പി ജെ ജോസഫിനെ ജോസ് കെ മാണി പക്ഷം അപമാനിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അറിയിച്ചു.

തെറിക്കൂട്ടത്തിന് ഒപ്പം പ്രചാരണത്തിനില്ലെന്നാണ് ജോസഫ് പക്ഷത്തിന്‍റെ നിലപാട്. കണ്‍വെന്‍ഷനിടെ കൂവിവിളിച്ച് ജോസഫിനെ അപമാനിച്ച സംഭവത്തില്‍ ജോസ്  വിഭാഗം നേതാക്കൾക്കെതിരെ ജോസഫ് പവിഭാഗം പൊലീസിൽ പരാതിയും നൽകിയിട്ടുണ്ട്. പാലായിലെ സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കാൻ പി ജെ ജോസഫ് അനുമതി നൽകിയതനുസരിച്ചാണ് തീരുമാനമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. യുഡിഎഫ് ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നു. 

പാലായില്‍ പ്രചാരണത്തിനെത്തരുതെന്ന് പി ജെ ജോസഫിനോട് പാര്‍ട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. സമാന്തരമായി പ്രചാരണത്തിന് ഇറങ്ങിയേക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. ഇത് ശരിവെക്കുന്ന പ്രതികരണമാണ് പി ജെ ജോസഫിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പാലായില്‍ ഒരുമിച്ച് പ്രചാരണം നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും പ്രത്യേകമായി പ്രചാരണം നടത്തുമെന്നുമാണ് ജോസഫ് പ്രതികരിച്ചത്. പ്രതിഛായയിലെ ലേഖനവും യോഗങ്ങളിലെ കൂവലും കാരണമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. ജോസ് കെ മാണി വിഭാഗത്തിലെ നേതാക്കൾക്ക് എതിരെ പരാതി നൽകിയതിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.

അതേസമയം, ജോസഫ് വിഭാഗം പ്രചാരണത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് കരുതുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം പ്രതികരിച്ചു. പ്രചാരണത്തിനുണ്ടാകുമെന്ന് പി ജെ ജോസഫ് പ്രഖ്യാപിച്ചതാണ്. ആ നിലപാട് തുടരുമെന്നാണ് പ്രതീക്ഷ. പ്രചാരണത്തില്‍ നിന്ന് വിട്ടുനിൽക്കുമെന്ന് പറയുന്നതിനോട് യോജിപ്പില്ലെന്നും ജോസ് ടോം ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
 

click me!