പാലാ കൊട്ടിക്കലാശത്തിലേക്ക്; അവസാന മണിക്കൂറിൽ 'കിഫ്ബിയും പാലാരിവട്ടവും' ചൂടേറിയ ചർച്ച

By Web TeamFirst Published Sep 20, 2019, 3:16 PM IST
Highlights

തെറ്റുകാരെ രക്ഷിക്കുകയെന്ന യുഡിഎഫ് നയമല്ല ഇടത് സര്‍ക്കാരിന്‍റേതെന്ന് വ്യക്തമാക്കിയാണ് പാലാ പ്രചാരണത്തിന്‍റെ അവസാന ലാപ്പില്‍ പിണറായി വിജയൻ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം അഴിമതി മുഖ്യ വിഷയമാക്കുന്നത്.

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ പാലാരിവട്ടം അഴിമതിയും കിഫ്ബിയും പ്രധാന ആയുധമാക്കി കൊട്ടിക്കലാശത്തിന് ഒരുങ്ങുകയാണ് എൽഡിഎഫും യുഡിഎഫും. ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന മണിക്കൂറുകളിലേക്ക് കടക്കുന്നതിനിടെയാണ് അഴിമതിയെ ചൊല്ലി ഭരണപ്രതിപക്ഷ നേതാക്കൾ വാക്പോര് നടത്തുന്നത്. സർക്കാരിന്‍റെ ഭക്ഷണം കഴിക്കാൻ യോഗ്യത മുഖ്യമന്ത്രിക്കെന്ന് പറഞ്ഞ യുഡിഎഫിന് ബേജാറാണെന്ന് കോടിയേരി പറഞ്ഞു. മര്യാദക്കല്ലെങ്കില്‍ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.

പാലാരിവട്ടം പാലം അഴിമതിയില്‍ മുൻമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് വിജിലൻസ് കുരുക്ക് മുറുകുന്ന സാഹചര്യത്തിൽ അത് ആയുധമാക്കിയാണ് മുഖ്യമന്ത്രിയുടെ പാലാ പ്രചാരണം. തെറ്റുകാരെ രക്ഷിക്കുകയെന്ന യുഡിഎഫ് നയമല്ല ഇടത് സര്‍ക്കാരിന്‍റേതെന്ന് വ്യക്തമാക്കിയാണ് പാലാ പ്രചാരണത്തിന്‍റെ അവസാന ലാപ്പില്‍ പിണറായി വിജയൻ യുഡിഎഫിനെ പ്രതിരോധത്തിലാക്കി പാലാരിവട്ടം അഴിമതി മുഖ്യ വിഷയമാക്കുന്നത്.

എന്നാൽ മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗം, ചെകുത്താൻ വേദമോതുന്നതുപോലെയാണെന്നും ഉണ്ടയില്ലാ വെടിയാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പാലാരിവട്ടത്തില്‍ വിജിലൻസ് അന്വേഷണം പുരോഗമിക്കുമ്പോൾ പ്രതിപക്ഷം ബേജാറാകുന്നത് എന്തിനെന്ന് കോടിയേരി ബാലകൃഷ്ണനും ചോദിച്ചു. അതേസമയം, പാലാരിവട്ടത്തെ നേരിടാൻ  കിഫ്ബിയാണ് പ്രതിപക്ഷത്തിന്‍റെ ആയുധം.

കിഫ്ബിക്ക് കീഴിലെ കെഎസ്ഇബി പദ്ധതികളില്‍ കോടികളുടെ അഴിമതി ആരോപണം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചു. ലാവ്‍ലിൻ കേസ് അടക്കമുള്ള വിഷയങ്ങൾ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ പ്രയോഗിക്കുന്നു. കിഫ്ബി, കിയാൽ ഓഡിറ്റിൽ മുഖ്യമന്ത്രി എന്തിനെയാണ് ഭയക്കുന്നതെന്ന് ചോദിച്ച് കെപിസിസി പ്രസിഡന്റ് മുള്ളപ്പള്ളി രാമചന്ദ്രനും രം​ഗത്തെത്തി. പാലാരിവട്ടം അഴിമതിക്കേസ് പാലയിലെ വിജയത്തെ ബാധിക്കില്ല. കമ്പനിക്ക് മുൻകൂർ ഫണ്ട് അനുവദിച്ചതിനെ കുറിച്ച് അറിയില്ലെന്നും മുഖ്യമന്ത്രി സർക്കാർ ചെലവിൽ ഭക്ഷണം കഴിക്കുന്നത് വിദൂരമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

"

അഴിമതി നടത്തിയതിന് സർക്കാർ ഭക്ഷണം കഴിക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരിക്കുമെന്ന് ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ് പ്രതികരിച്ചത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായ ലാവ്ലിൻ കേസിൽ പിണറായിയുടെ പങ്ക് തെളിയിക്കപ്പെടുമെന്നും കൃഷ്ണദാസ് പറഞ്ഞു.

"

Read More:പാലാരിവട്ടം പാലം അഴിമതിയില്‍ പിണറായിക്കും സുധാകരനും പങ്കുണ്ട്: പികെ കൃഷ്ണദാസ്

അതേസമയം മുഖ്യമന്ത്രിക്കെതിരെയും യുഡിഎഫിനെതിരെയും ആരോപണമുന്നയിച്ചുകൊണ്ട് ബിജെപിയും അഴിമതി അവസാന ലാപ്പിൽ പ്രചാരണ വിഷയമാക്കിയിട്ടുണ്ട്. നാളെ ശ്രീനാരായണ ഗുരു സമാധി ആയതിനാലാണ് ഇന്ന് കൊട്ടിക്കലാശം നടത്താൻ മുന്നണികള്‍ തീരുമാനിച്ചത്. പാലാ നഗരത്തിലാണ് മൂന്ന് സ്ഥാനാർത്ഥികളും പങ്കെടുക്കുന്ന കൊട്ടിക്കലാശം. എൻഡിഎ സ്ഥാനാർത്ഥിക്കായി സംസ്ഥാനത്തെ മുതിർന്ന നേതാക്കളും പാലായിൽ എത്തും. 23 നാണ് വോട്ടെടുപ്പ് നടക്കുന്നത്. സെപ്തബര്‍ 27-ന് ഉപതെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. 

 

click me!