പാലാ ഉപതെരഞ്ഞെടുപ്പ്; നേതാക്കളെയടക്കം ഉൾപ്പെടുത്തി വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ച് മുന്നണികൾ

By Web TeamFirst Published Sep 16, 2019, 7:04 AM IST
Highlights

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രിയും എഐസിസി ജന.സെക്രട്ടറിയുമായ ഉമ്മൻചാണ്ടി തുടങ്ങിയ പ്രധാന നേതാക്കളെ ഇറക്കി കുടുംബയോഗങ്ങൾ വിളിച്ച് ചേർത്താണ് പാലായിലെ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം. 
 

കോട്ടയം: പാലായിൽ വോട്ടെടുപ്പിന് ഇനി ഒരാഴ്ച്ച മാത്രം. വിപുലമായ പ്രചാരണ പരിപാടികളുമായി കളം നിറയുകയാണ് മുന്നണികൾ. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി ഇ പി ജയരാജൻ അടക്കമുള്ള ഇടതു നേതാക്കൾ ഇന്ന് പാലായിലെത്തും. കോടിയേരിക്ക് പൊതുപരിപാടികൾ ഒന്നുമില്ലെങ്കിലും സംഘടനകളെയും വ്യക്തികളേയും കണ്ട് വോട്ട് ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പാലായിലെത്തുന്നത്. കുടുംബയോഗങ്ങളിൽ ഉൾപ്പടെ മന്ത്രി ഇ പി ജയരാജൻ പങ്കെടുക്കും.

അതേസമയം, എൻഡിഎ സ്ഥാനാർത്ഥി എൻ ഹരിയുടെ വാഹന പ്രചാരണം തുടരുകയാണ്. ദേശീയ നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴിപ്പിക്കാനുള്ള നീക്കത്തിലാണ് എൻഡിഎ ക്യാമ്പ്. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ താഴെത്തട്ട് പ്രചാരണം ഊർജിതമാക്കുകയാണ് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, 
മുൻ മുഖ്യമന്ത്രിയും എഐസിസി ജന.സെക്രട്ടറിയുമായ ഉമ്മൻചാണ്ടി തുടങ്ങിയ പ്രധാന നേതാക്കളെ ഇറക്കി കുടുംബയോഗങ്ങൾ വിളിച്ച് ചേർത്താണ് പ്രചാരണം. ശബരിമലയും നവോത്ഥാന സമിതിയിലെ വിള്ളലുമടക്കം കുടുംബയോഗങ്ങളിലും യുഡിഎഫ് ചർച്ചയാക്കും .

പ്രമുഖ നേതാക്കളെത്തുന്നതിനാൽ പ്രാദേശിക നേതാക്കളും വളരെയധികം സന്തോഷത്തിലാണ്. പ്രചാരണത്തിന്റെ ഭാ​ഗമായി കുടുംബയോഗങ്ങൾക്കെല്ലാം പന്തൽ നിറഞ്ഞാണ് പ്രവർത്തകർ എത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ കൊണ്ടുവന്ന് കൂടുതൽ കുടുംബ യോഗങ്ങൾ സംഘടിപ്പിനാണ് യുഡിഎഫ് തീരുമാനം.

click me!