പെന്‍ഷന്‍ വര്‍ധിപ്പിച്ചു, തൊഴില്‍ പദ്ധതിക്കായി 100 കോടി; ബജറ്റില്‍ പ്രവാസികള്‍ക്കായി കരുതിയത് എന്തെല്ലാം?

By Web TeamFirst Published Jan 15, 2021, 6:05 PM IST
Highlights

ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കായി 100 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപ അനുവദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാസി ക്ഷേമനിധിയ്ക്ക് ഒമ്പത് കോടി രൂപ വകയിരുത്തി.

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് തിരികെയെത്തുന്നവര്‍ ഉള്‍പ്പെടെ പ്രവാസികളുടെ സംരക്ഷണത്തിന് ഊന്നല്‍ നല്‍കി സംസ്ഥാന ബജറ്റ്. ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കായി 100 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു.  

പുതിയകാല തൊഴിലുകളിലേക്ക് കേരളത്തിന്റെ പരിവര്‍ത്തനത്തിന് പ്രവാസികള്‍ക്ക് നിര്‍ണായക പങ്കുവഹിക്കാനുണ്ടെന്ന് പറഞ്ഞ ധനമന്ത്രി വിദേശ പണവരുമാനം സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ 25-30 ശതമാനം വരുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. പ്രവാസികളുടെ നൈപുണിയും സമ്പാദ്യവും ലോകപരിചയവും ഉപയോഗപ്പെടുത്താനാവണം. ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളില്‍ വരുന്ന മാറ്റങ്ങളുടെയും കൊവിഡിന്റെയും പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട് തിരിച്ചുവരുന്നവരെ സംരക്ഷിക്കുകയും വേണമെന്ന് അദ്ദേഹം  വ്യക്തമാക്കി.

ജൂലൈ മാസത്തില്‍ എല്ലാ പഞ്ചായത്തുകളും നഗരസഭകളും പ്രവാസി ഓണ്‍ലൈന്‍ സംഗമങ്ങള്‍ സംഘടിപ്പിക്കാവുന്നതാണ്. വിദേശത്ത് നിന്ന് മടങ്ങിവരാന്‍ ഉദ്ദേശിക്കുന്നവരുടെ ലിസ്റ്റും ആവശ്യങ്ങളും പ്രാദേശികാടിസ്ഥാനത്തില്‍ ക്രോഡീകരിക്കുകയും അവ ജില്ലാടിസ്ഥാനത്തില്‍ കര്‍മ്മപരിപാടിയായി മാറ്റുകയും ചെയ്യും.

അഭ്യസ്തവിദ്യരുടെ ഡിജിറ്റല്‍ തൊഴില്‍ പദ്ധതി, വായ്പാടിസ്ഥാനത്തിലുള്ള സംരംഭകത്വ വികസന പരിപാടി, സേവനപ്രദാന സംഘങ്ങള്‍, വിപണന ശൃംഖല എന്നീ സ്‌കീമുകളില്‍ മടങ്ങിവരുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കും. മടങ്ങി വരുന്നവര്‍ക്ക്  നൈപുണി പരിശീലനം നല്‍കി  വീണ്ടും വിദേശത്ത് പോകാനുള്ള സഹായവും ലഭ്യമാക്കും.

ഈ ഏകോപിത പ്രവാസി തൊഴില്‍ പദ്ധതിക്കായി 100 കോടി രൂപ അനുവദിക്കുന്നതായി ധനമന്ത്രി പറഞ്ഞു. സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപ അനുവദിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസം ഗൗരവത്തിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറല്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി. പ്രവാസി പുനരധിവാസ പദ്ധതി ആദ്യഘട്ടം നടപ്പാക്കിയതിനു ശേഷം 2021 അവസാനം മൂന്നാം ലോകകേരള സഭ വിളിച്ചുചേര്‍ക്കും. പ്രവാസി ക്ഷേമനിധിയ്ക്ക് ഒമ്പത് കോടി രൂപ വകയിരുത്തി. ക്ഷേമനിധി അംശാദായം വിദേശത്തുള്ളവരുടേത് 350 രൂപയായും അവരുടെ പെന്‍ഷന്‍ 3500 രൂപയായും ഉയര്‍ത്തി. നാട്ടില്‍ തിരിച്ചെത്തുന്നവരുടേത് 200 രൂപയായും പെന്‍ഷന്‍ 3000 രൂപയായും വര്‍ധിപ്പിച്ചു.

പ്രവാസി ഡിവിഡന്റ് സ്‌കീമില്‍ നിക്ഷേപിക്കുന്ന പ്രവാസികള്‍ക്ക് 10 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. ഈ തുക കിഫ്ബി ബോണ്ടുകളിലാണ് നിക്ഷേപിക്കുന്നത്. കിഫ്ബി പലിശനിരക്ക് കുറച്ചിട്ടുണ്ട്. എന്നാല്‍ അത് നിക്ഷേപകരെ ബാധിക്കില്ല. ക്ഷേമപ്രവര്‍ത്തനമെന്ന നിലയില്‍ അധികം വേണ്ടിവരുനന പലിശ ചെലവ് സര്‍ക്കാര്‍ വഹിക്കും. പ്രവാസി ചിട്ടിയില്‍ 30230 പ്രവാസികള്‍ ചേര്‍ന്നിട്ടുണ്ട്. പ്രതിമാസ സല 47 കോടി രൂപയാണ്. കിഫ്ബി ബോണ്ടില്‍ 300 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്. കൊവിഡാനന്തര കാലത്ത് പ്രവാസി ചിട്ടി ഊര്‍ജ്ജിതപ്പെടുത്തുമെന്ന് ധനമന്ത്രി ബജറ്റില്‍ വിശദമാക്കി.

click me!