ദുബൈയിലെ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു; മലയാളി ദമ്പതികളടക്കം നാല് ഇന്ത്യക്കാര്‍

Published : Apr 16, 2023, 02:31 PM IST
ദുബൈയിലെ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു; മലയാളി ദമ്പതികളടക്കം നാല് ഇന്ത്യക്കാര്‍

Synopsis

ശനിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെ ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്. 

ദുബൈ: ദുബൈയിലെ ദേരയില്‍ ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ തീപിടുത്തത്തില്‍ മരിച്ച 16 പേരില്‍ 12 പേരെ തിരിച്ചറിഞ്ഞു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യക്കാരെയും നാല് സുഡാന്‍ പൗരന്മാരെയും, മൂന്ന് പാകിസ്ഥാന്‍ പൗരന്മാരെയും ഒരു കാമറൂണ്‍ സ്വദേശിയെയുമാണ് തിരിച്ചറിഞ്ഞത്. മറ്റ് മൃതദേഹങ്ങള്‍ തിരിച്ചറിയുന്നതിനും ഇതിനോടകം തിരിച്ചറിഞ്ഞവരുടെ തുടര്‍ നടപടികളും പുരോഗമിക്കുകയാണ്.

മലപ്പുറം വേങ്ങര സ്വദേശി കാലങ്ങാടന്‍ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജിഷി (32) എന്നിവരാണ് തീപിടുത്തത്തില്‍ മരിച്ച മലയാളികള്‍. ശനിയാഴ്ച ഉച്ചയ്ക്ക് 12.35ഓടെ ദേര ഫിര്‍ജ് മുറാറിലെ തലാല്‍ ബില്‍ഡിങിലാണ് തീപിടിച്ചത്. അഞ്ച് നിലകളുള്ള ഈ കെട്ടിടത്തിന്റെ നാലാം നിലയില്‍ തീ പടരുകയായിരുന്നു. റിജേഷും ഭാര്യയും താമസിച്ചിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയിലാണ് തീ പിടിച്ചത്. ഇവിടെ നിന്നുള്ള പുക ശ്വസിച്ചതാണ് ഇവരുടെ മരണ കാരണമായത്. 

രക്ഷാപ്രവര്‍ത്തനം നടത്തിയ ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥനും മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഒന്‍പത് പേര്‍ക്ക് സംഭവത്തില്‍ പരിക്കേല്‍ക്കുകയും ചെയ്‍തു. മരിച്ച റിജേഷ് ദുബൈയില്‍ ട്രാവല്‍സ് ജീവനക്കാരനായിരുന്നു. ജിഷി ഖിസൈസ് ക്രസന്റ് സ്‍കൂള്‍ അധ്യാപികയും. മൃതദേഹങ്ങള്‍ നിലവില്‍ ദുബൈ പൊലീസ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത് 

ശനിയാഴ്ച ഉച്ചയ്ക്ക് 12.35നാണ് തീപിടുത്തം സംബന്ധിച്ച് വിവരം ദുബൈ സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചത്. ആറ് മിനിറ്റിനുള്ളില്‍ അഗ്നിശമന സേനയെത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ആളുകളെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിക്കാനും ആരംഭിച്ചു. പോര്‍ട്ട് സഈദില്‍ നിന്നും ഹമരിയയില്‍ നിന്നുമുള്ള ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ അഗ്നിശമന സേനാ യൂണിറ്റുകള്‍ തൊട്ടുപിന്നാലെയെത്തി. 

2.42ഓടെയാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. പിന്നീട് കെട്ടിടം തണുപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങി. കെട്ടിടത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവമാണ് തീപിടുത്തത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി യുഎഇയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

അതേസമയം തീപിടുത്തത്തിന് കാരണം തകരാറിലായ എ.സിയാണെന്ന് സംശയിക്കുന്നതായി ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു. യുഎഇ മാധ്യമമായ ഖലീജ് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ ആദ്യം തീ കണ്ടുവെന്നും തകരാറിലായ ഒരു എ.സി കത്തുന്നതാണ് കണ്ടതെന്നും തൊട്ടടുത്ത അപ്പാര്‍ട്ട്മെന്റിലെ താമസക്കാരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ മിനിറ്റുകള്‍ക്കകം വലിയ സ്‍ഫോടന ശബ്‍ദം കേട്ടു. എ.സിയുടെ കണ്ടെന്‍സര്‍ പൊട്ടിത്തെറിച്ചതാവാം കാരണം. പിന്നീട് വളരെ വേഗം തീ പടര്‍ന്നുപിടിച്ചു. കെട്ടിടത്തില്‍ ആകെ പുക നിറഞ്ഞുവെന്നും ഈ ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു.

Read also:  നാട്ടിലേക്ക് പോകാൻ വിമാനത്തിലിരിക്കുമ്പോൾ ഹൃദയാഘാതം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്
ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം