എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിന് 121 ഡ്രൈവര്‍മാര്‍ക്ക് പിഴ

By Web TeamFirst Published Oct 2, 2019, 3:31 PM IST
Highlights

ദുബായില്‍ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് സൈഡ് നല്‍കാത്തതിന് 121 ഡ്രൈവര്‍മാര്‍ക്ക് പിഴ ചുമത്തിയതായി പൊലീസ്

ദുബായ്: ആംബുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിന്റെ പേരില്‍ ഈ വര്‍ഷം ഇതുവരെ 121 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയതായി ദുബായ് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം 166 വാഹനങ്ങള്‍ക്കായിരുന്നു ഇത്തരത്തില്‍ പിഴ ചുമത്തിയിരുന്നത്. അത്യാഹിത സന്ദര്‍ഭങ്ങളില്‍ അടിയന്തര സഹായമെത്തിക്കാന്‍ കുതിച്ചുപായുന്ന ആംബുലന്‍സ്, ഫയര്‍ സര്‍വീസ്, മറ്റ് എമര്‍ജിസി വാഹനങ്ങള്‍ തുടങ്ങിയവയെ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ ദുബായ് പൊലീസ് പുതിയ കാമ്പയിന് തുടക്കം കുറിച്ചിരുന്നു. 'വഴി നല്‍കൂ, പ്രതീക്ഷ നല്‍കൂ' ('give way, give hope') എന്ന് പേരിട്ട കാമ്പയിന്‍ വഴി വ്യാപക ബോധവത്കരണങ്ങളാണ് അധികൃതര്‍ നടത്തിയത്. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് വഴി നല്‍കാത്തതിനുള്ള ശിക്ഷ ജൂലൈ മുതല്‍ വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. 3000 ദിര്‍ഹം പിഴയ്ക്ക് പുറമേ ഡ്രൈവിങ് ലൈന്‍സില്‍ ആറ് ബ്ലാക് പോയിന്റുകളും ഈ കുറ്റത്തിന് ശിക്ഷ ലഭിക്കും. ഇതോടൊപ്പം വാഹനം 30 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യും. 

click me!