കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; യുഎഇയില്‍ 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

Published : May 20, 2023, 07:33 PM IST
കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും; യുഎഇയില്‍ 13 ഇന്ത്യക്കാര്‍ക്ക് ജയില്‍ ശിക്ഷ

Synopsis

കള്ളപ്പണം വെളുപ്പിക്കാനായി വിപുലമായ റാക്കറ്റാണ് ഈ സ്ഥാപനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് പണം നല്‍കി അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രതികളുടെ സ്ഥാപനങ്ങളിലെ പി.ഒ.എസ് സ്വൈപിങ് മെഷീനുകളില്‍  ഉപയോഗിക്കുമായിരുന്നു. ഇതിലൂടെ വ്യാജ വില്‍പന രേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതായിരുന്നു രീതി. 

അബുദാബി: കള്ളപ്പണം വെളുപ്പിക്കലും നികുതി വെട്ടിപ്പും നടത്തിയ 13 ഇന്ത്യക്കാ‍ർക്ക് തടവുശിക്ഷ വിധിച്ച് അബുദാബി ക്രിമിനൽ കോടതി. ഇവരുടെ ഉടമസ്ഥതയിലുള്ള ഏഴ് കമ്പനിക്കള്‍ക്കെതിരെയും നടപടിയെടുത്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ലൈസൻസില്ലാത്ത കമ്പനി രൂപീകരിച്ച് 51 കോടി ദിർഹത്തിന്റെ പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തിയത്. 

പിടിയിലായ നാലുപേര്‍ക്ക് അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ വിധിച്ചതിന് പുറമെ ഈ ശിക്ഷാ കാലയളവ് പൂര്‍ത്തിയായ ശേഷം നാടുകടത്താനും അബുദാബി കോടതിയുടെ വിധിയിലുണ്ട്. 50 ലക്ഷം ദിര്‍ഹം മുതല്‍ ഒരു കോടി ദിര്‍ഹം വരെയുള്ള പിഴയും ചുമത്തിയിട്ടുണ്ട്. ഒരു ട്രാവല്‍ ഏജന്‍സിയുടെ ഓഫീസ് കെട്ടിടം ഉപയോഗപ്പെടുത്തി നിയമവിരുദ്ധമായ തരത്തില്‍ കമ്പനി രൂപീകരിക്കുകയും ഈ കമ്പനിയുടെ പേരില്‍ അനുമതിയില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്‍തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇത്തരത്തിലുള്ള ഇടപാടുകളിലൂടെ 50 കോടി ദിര്‍ഹത്തിലധികം ലാഭമുണ്ടാക്കുകയും ചെയ്‍തു.

കള്ളപ്പണം വെളുപ്പിക്കാനായി വിപുലമായ റാക്കറ്റാണ് ഈ സ്ഥാപനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്നത്. ഉപഭോക്താക്കള്‍ക്ക് പണം നല്‍കി അവരുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ പ്രതികളുടെ സ്ഥാപനങ്ങളിലെ പി.ഒ.എസ് സ്വൈപിങ് മെഷീനുകളില്‍  ഉപയോഗിക്കുമായിരുന്നു. ഇതിലൂടെ വ്യാജ വില്‍പന രേഖകളുണ്ടാക്കി കള്ളപ്പണം വെളുപ്പിക്കുന്നതായിരുന്നു രീതി. ചില ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍‍ഡ് കുടിശിക തീര്‍ക്കാന്‍ വേണ്ടി അവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുകയും ശേഷം ഇവരുടെ കാര്‍ഡുകള്‍ ഉപയോഗിച്ച് വ്യാജ പണമിടപാടുകള്‍ നടന്നതായുള്ള രേഖകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇതിനായി പലിശ ഇനത്തിലുള്ള തുക കാര്‍ഡ് ഉടമകളില്‍ നിന്ന് ഈടാക്കുകയും ചെയ്തു.

ചെറിയ സമയത്തിനുള്ളില്‍ വളരെ വലിയ തുകകളുടെ പണമിടപാടുകള്‍ ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് മറ്റ് അക്കൗണ്ടുകളിലേക്കുള്ള പണം കൈമാറ്റവും ശ്രദ്ധയില്‍പെട്ട ഫിനാന്‍ഷ്യല്‍ ഇന്‍ഫര്‍മേഷന്‍ യൂണിറ്റാണ് അന്വേഷണം നടത്തിയത്. ഇവരുടെ സ്ഥാപനങ്ങള്‍ നടത്തുന്ന ബിസിനസുകളില്‍ ഇത്ര വലിയ തുകകളുടെ പണമിടപാട് നടക്കാന്‍ സാധ്യതയില്ലെന്ന് മനസിലാക്കിയാണ് ഇടപാടുകള്‍ നിരീക്ഷിക്കാന്‍ തുടങ്ങിയത്. 

പ്രതികളുടെ  ഉടമസ്ഥതയില്‍ യുഎഇയില്‍ ഉള്ള ഏഴ് കമ്പനികൾക്കെതിരെയും നടപടിയെടുത്തിട്ടുണ്ട്. കമ്പനികൾ ഓരോന്നും ഒരു കോടി ദിര്‍ഹം വീതം പിഴ അടയ്ക്കണം. ശിക്ഷിക്കപ്പെട്ടവരുടെ പേര് വിവരങ്ങൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read more: പ്രവാസികള്‍ ശ്രദ്ധിക്കുക! നാട്ടിലേക്ക് സ്വര്‍ണവുമായി യാത്ര ചെയ്യുന്നവര്‍ക്കുള്ള പുതിയ നിബന്ധനകള്‍ ഇങ്ങനെ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട