
ഷാർജ: ഷാർജയിൽ വാഹനമിടിച്ച് 14 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഏഷ്യക്കാരനായ കുട്ടിയാണ് മരിച്ചത്. അപകടം വരുത്തിയ ശേഷം വാഹനം നിർത്താതെ പോയ ഡ്രൈവറെ ഷാർജ പൊലീസ് പിന്നീട് പിടികൂടി. നവംബർ 3-നാണ് അപകടം ഉണ്ടായത്. വൈകുന്നേരം നാല് മണിയോടെ കുഞ്ഞിന്‍റെ വീടിന് മുമ്പിലാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയുടെ സഹോദരങ്ങൾ വീടിനകത്തായിരിക്കെ കുഞ്ഞ് പുറത്തേക്ക് ഇറങ്ങിയതിന് തൊട്ടുപിന്നാലെയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് അറിയിച്ചു.
കുട്ടിയെ ഇടിച്ച ശേഷം ഡ്രൈവർ ഉടൻ തന്നെ വാഹനം ഓടിച്ച് സ്ഥലത്ത് നിന്ന് കടന്നു കളയുകയായിരുന്നു. രണ്ട് വയസ്സുള്ള കുഞ്ഞിന്റെ സഹോദരൻ അപകടം കാണുകയും ഓടിച്ചെന്ന് അമ്മയെ വിവരം അറിയിക്കുകയും ചെയ്തു. കുട്ടിയുടെ പിതാവ് സംഭവസമയത്ത് ജോലിസ്ഥലത്തായിരുന്നു. അപകടത്തെക്കുറിച്ച് ഷാർജ പൊലീസ് ഓപ്പറേഷൻസ് റൂമിൽ ഉടൻ വിവരം ലഭിക്കുകയും വാസിത് പൊലീസ് സ്റ്റേഷനിലെ പട്രോളിംഗ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ഡ്രൈവറെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ