ഇനി തുടരെ തുടരെ ഉംറ ചെയ്യാം, രണ്ടാം ഉംറക്ക് 15 ദിവസത്തെ ഇടവേള നിബന്ധന ഒഴിവാക്കി

By Web TeamFirst Published Oct 18, 2021, 11:35 PM IST
Highlights

സൗദി അറേബ്യയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഉംറയ്ക്കുള്ള നിബന്ധന എടുത്തുകളഞ്ഞത്.

റിയാദ്: ഇനി തുടരെ തുടെര മക്കയിലെത്തി(Makkah) ഉംറ(Umrah) ചെയ്യാം. രണ്ടാമതൊരു ഉംറ നിര്‍വഹിക്കാന്‍ അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസത്തെ ഇടവേള വേണമെന്ന നിബന്ധന ഒഴിവാക്കി. സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതോടെയാണ് ഉംറയ്ക്കുള്ള നിബന്ധന എടുത്തുകളഞ്ഞത്.

ഇഅ്തമര്‍ന, തവക്കല്‍നാ എന്നീ മൊബൈല്‍ ആപ്പുവഴി അപേക്ഷിച്ച് അനുമതി പത്രം നേടി എത്ര വേണമെങ്കിലും ഉംറ ചെയ്യാം. കോവിഡ് സാഹചര്യത്തില്‍ ഉംറക്ക് നിയന്ത്രണമുണ്ടായിരുന്നു. ഒരു ഉംറ നടത്തിയാല്‍ വീണ്ടും അനുമതി പത്രത്തിന് അപേക്ഷിക്കാന്‍ 15 ദിവസം കാത്തിരിക്കേണ്ടതുണ്ടായിരുന്നു. അതാണിപ്പോള്‍ ഒഴിവാക്കിയത്.

കൊവിഡിനെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് തുക തിരിച്ചുനല്‍കും

അതേസമയം മക്കയിലും  മദീനയിലും പള്ളികളില്‍ ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കാതെ പള്ളികളില്‍ പ്രവേശിച്ച് ആരാധന നിര്‍വഹിക്കാന്‍ നമസ്‌കാരത്തിന് എത്തുന്നവര്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും അനുമതി നല്‍കി. പള്ളികളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മുഴുവനാളുകളെയും പ്രവേശിപ്പിക്കാന്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ പ്രഭാത പ്രാര്‍ത്ഥന (സുബഹി നമസ്‌കാരം) മുതലാണ്. ഇതിന് മുന്നോടിയായി രണ്ട് പള്ളികളിലും അനുബന്ധ സ്ഥലങ്ങളിലും സമൂഹ അകലം പാലിക്കാണമെന്ന് ആവശ്യപ്പെട്ട് പതിച്ചിരുന്ന സ്റ്റിക്കറുകള്‍ നീക്കം ചെയ്തിരുന്നു. മക്കയിലെ കഅ്ബയ്ക്ക് ചുറ്റും സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും ഒഴിവാക്കി. ഇതോടെ നിയന്ത്രണങ്ങളില്ലാതെ വിശ്വാസികള്‍ക്കും സന്ദര്‍ശകര്‍ക്കും പള്ളികളില്‍ പ്രവേശിക്കാം.


 

click me!