കൈക്കൂലി കേസില്‍ സൗദിയില്‍ പിടിയിലായ 18 പേര്‍ക്ക് തടവുശിക്ഷ

By Web TeamFirst Published Nov 20, 2019, 1:24 PM IST
Highlights

സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, വാണിജ്യ സ്ഥാപന നടത്തിപ്പുകാർ എന്നിവരെയാണ് ജയിലിൽ അടച്ചത്. 55 വർഷത്തോളം തടവും 40 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിച്ചവർ ഈ കൂട്ടത്തിലുണ്ട്.

റിയാദ്: സൗദി അറേബ്യയിൽ കൈക്കൂലി, വ്യാജരേഖ ചമക്കൽ കേസുകളിൽ 18 പേർക്ക് തടവുശിക്ഷ. സർക്കാർ ഉദ്യോഗസ്ഥർ, വ്യവസായികൾ, വാണിജ്യ സ്ഥാപന നടത്തിപ്പുകാർ എന്നിവരെയാണ് ജയിലിൽ അടച്ചത്. 55 വർഷത്തോളം തടവും 40 ലക്ഷം റിയാൽ പിഴയും ശിക്ഷയായി ലഭിച്ചവർ ഈ കൂട്ടത്തിലുണ്ട്.

സർക്കാർ വകുപ്പിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്നവർ വരെയാണ് കേസുകളില്‍ പ്രതികളായിട്ടുള്ളത്. ഇതില്‍ ഒരു വ്യവസായിയിൽ നിന്ന് കൈക്കൂലിയും ആനുകൂല്യങ്ങളും കൈപ്പറ്റിയ ഉദ്യോഗസ്ഥനെതിരെ അഴിമതി, വഞ്ചന, അധികാര ദുർവിനിയോഗം എന്നീ വകുപ്പുകളാണ് ചുമത്തിയത്.  ഇയാൾക്ക് 16 വർഷത്തെ തടവുശിക്ഷയും വൻതുകയുടെ സാമ്പത്തിക പിഴയുമാണ് ലഭിച്ചത്. 

ഇയാളുടെ കീഴിലുള്ള ജീവനക്കാരും കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് കോടതി കണ്ടെത്തി. ഇവർക്കും തടവും പിഴയും ലഭിച്ചിട്ടുണ്ട്.  സമാനമായ രീതിയിൽ ഒരു വ്യവസായിയും അയാളുടെ ജീവനക്കാരും സർക്കാരുദ്യോഗസ്ഥന് കൈക്കൂലി നൽകിയതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

click me!