പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി, യുഎഇയിലെ 'മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്‍റ്' പദ്ധതിയിലേക്ക് 15 കോടി ദിർഹം സംഭാവന നൽകി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ താല്പര്യപ്രകാരം നടപ്പിലാക്കുന്നതാണ് ഈ പദ്ധതി. 

അബുദാബി: യുഎഇയിലെ അനാഥകുട്ടികളുടെ ഉന്നമനത്തിനും സുരക്ഷക്കും പിന്തുണയേകുന്ന ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’ പദ്ധതിയിലേക്ക് 15 കോടി ദി‍ർഹത്തിന്‍റെ (371 കോടി രൂപ) സഹായം കൈമാറി പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ പ്രത്യേക താല്പര്യ പ്രകാരം അബുദാബി ഔഖാഫ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘മദർ ഓഫ് ദ നേഷൻ എൻഡോവ്‌മെന്റ്’. അനാഥരായ കുരുന്നുകളുടെ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും സാമൂഹിക ശാക്തീകരണവും ഉറപ്പാക്കി അവരുടെ ഭാവി സുരക്ഷിതമാക്കുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അബുദാബി ആസ്ഥാനമായി 52 വർഷമായി പ്രവർത്തിക്കുന്ന തനിക്ക് ഭരണാധികാരികളുടെ കാരുണ്യവഴിയിലുള്ള ഇത്തരം മഹത്തായ സംരംഭങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വലിയ അഭിമാനമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനും രാഷ്ട്രമാതാവ് ശൈഖാ ഫാത്തിമ ബിൻത് മുബാറക്കും വിഭാവനം ചെയ്ത ജീവകാരുണ്യത്തിന്റെ പാതയാണ് ഈ പദ്ധതിയിലൂടെ പ്രതിഫലിക്കുന്നത്. അനേകം കുരുന്നുകളുടെ ജീവിതത്തിൽ വെളിച്ചം പകരാൻ ഇതിലൂടെ സാധിക്കുമെന്നും യുഎഇയുടെ മാനുഷിക മൂല്യങ്ങളുടെ ഉജ്ജ്വല മാതൃകയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അബുദാബി ഔഖാഫിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ പ്രത്യേക നിക്ഷേപ പദ്ധതിയായാണ് ഇത് നടപ്പാക്കുന്നത്. സഹായം അർഹരായവരിലേക്ക് കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണ സംവിധാനവും ഇതിനായി പ്രവർത്തിക്കുന്നുണ്ട്. രാജ്യത്തെ എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദാനധർമങ്ങളിലും സഹിഷ്ണുതയിലും അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുകയാണ് പദ്ധതി വഴി യുഎഇ ലക്ഷ്യമാക്കുന്നത്.